തിരുവാഭരണം കടത്തിയതു പ്രസാദത്തട്ടിൽ; ഒരുകോടി മൂല്യം; പൂജാരിയുടെ ഭാര്യയുടെ സ്വർണഭ്രമം

thiruvattar-temple-case
SHARE

പെട്ടെന്നൊരു ദിവസം മുതൽ കൃഷ്ണമ്മാൾ സ്വർണാഭരണങ്ങൾ അണിഞ്ഞുതുടങ്ങിയത് അയൽക്കാരുടെ ശ്രദ്ധയിൽപെട്ടു. ഇടത്തരക്കാരനായ ക്ഷേത്രജീവനക്കാരൻ കേശവന്‍ പോറ്റിയുടെ ഭാര്യയ്ക്ക് നിധി കിട്ടിയോ എന്നമ്പരന്നു ചിലർ. അവിടെ മറ നീങ്ങിയത് കന്യാകുമാരി ജില്ലയെത്തന്നെ അമ്പരപ്പിച്ച ഒരു ക്ഷേത്രക്കവർച്ചയ്ക്കായിരുന്നു. 1992 ലായിരുന്നു അത്. കന്യാകുമാരിയിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തില്‍ നിന്ന് പ്രസാദത്തട്ടിൽ വച്ച് കടത്തിയത് അന്നത്തെ വിലയനുസരിച്ച് ഒരു കോടിരൂപ വിലമതിക്കുന്ന 12 കിലോ സ്വര്‍ണവും കിരീടവും മുത്തു മാലകളും. ഒടുവിൽ, 27 വര്‍ഷത്തിനുശേഷം, കഴിഞ്ഞ വ്യാഴാഴ്ച, കേസിലെ 23 പ്രതികളെ നാഗര്‍കോവില്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 6 വര്‍ഷം വരെ തടവിനു ശിക്ഷിച്ചു.

തിരുവനന്തപുരത്തുനിന്ന് 54 കിലോമീറ്റര്‍ അകലെ മാര്‍ത്താണ്ഡത്താണ് പ്രശസ്തമായ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം. പ്രസാദം നല്‍കുന്ന തട്ടില്‍ ഒളിപ്പിച്ചാണ് ക്ഷേത്രത്തിലെ പൂജാരിമാരും ജീവനക്കാരും അടങ്ങിയ സംഘം സ്വര്‍ണം കടത്തിയത്. ശിക്ഷാ വിധി കേള്‍ക്കാന്‍ പ്രതികളില്‍ പത്തോളംപേര്‍ വ്യാഴാഴ്ച കോടതിയില്‍ ഉണ്ടായിരുന്നില്ല. ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ മരിച്ചു. സ്വര്‍ണം കടത്തുന്നത് ഭക്തരില്‍ ചിലര്‍ കണ്ടതോടെയാണ് തട്ടിപ്പു പുറത്തു വന്നത്. തട്ടിപ്പില്‍ പങ്കാളിയായ പൂജാരിയുടെ ഭാര്യ വലിയ തോതില്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു നടന്നതും കേസ് തെളിയാന്‍ കാരണമായി.

മൂന്ന് ഏക്കര്‍ 27 സെന്റ് സ്ഥലത്താണ് തിരുവട്ടാര്‍ ക്ഷേത്രം. കോതൈ ആറും പറലിയാറും സംഗമിച്ച് താമ്രഭരണിയാകുന്നത് ക്ഷേത്രത്തിനടുത്തായാണ്. പത്മനാഭസ്വാമി ക്ഷേത്രം നിര്‍മിക്കുന്നതിനു മുന്‍പുണ്ടായിരുന്നതായി വിശ്വസിക്കുന്ന ക്ഷേത്രത്തിലെ 22 അടിയുള്ള വിഗ്രഹം കടുശര്‍ക്കര പ്രയോഗത്തിലുള്ളതാണ് (വിഗ്രഹം നിര്‍മിക്കുന്നതിനുള്ള പ്രത്യേക കൂട്ട്). പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞിരിക്കുന്ന ആദികേശവന് അഭിമുഖമായി കിഴക്കോട്ട് ദര്‍ശനമാക്കിയാണ് പത്മനാഭസ്വാമിക്ഷേത്രം പണിതിരിക്കുന്നത്. വിഗ്രഹങ്ങളിലും ആരാധനയിലുമെല്ലാം ഇരുക്ഷേത്രങ്ങളും തമ്മില്‍ വലിയ സാമ്യമുണ്ട്.

പിന്നിൽ പൂജാരിമാരടങ്ങുന്ന സംഘം; ഉപയോഗിച്ചത് പ്രസാദത്തട്ട്

വര്‍ഷം 1992. ക്ഷേത്രത്തിലെത്തിയ ചില ഭക്തരാണ് പ്രസാദം നല്‍കുന്ന തട്ടില്‍ പൂജാരി ദേവന്റെ ആഭരണങ്ങള്‍ ഒളിപ്പിച്ചുവച്ച് ചിലര്‍ക്കു കൈമാറുന്നത് കണ്ടത്. ഭക്തര്‍ ഇതു ചോദ്യം ചെയ്തു. ദേവസ്വം അധികൃതര്‍ അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന്റെ വ്യാപ്തി അധികൃതര്‍ക്ക് ആദ്യം മനസിലായിരുന്നില്ല. ക്ഷേത്ര ജീവനക്കാരനായിരുന്ന കേശവന്‍ പോറ്റിയുടെ ഭാര്യ കൃഷ്ണമ്മാള്‍ ദേഹം നിറയെ ആഭരണങ്ങള്‍ ധരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ക്ക് ചില സംശയങ്ങളുണ്ടായി. കൃഷ്ണമ്മാള്‍ക്ക് അതിനു മുന്‍പ് അധികം ആഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ആഭരണങ്ങള്‍ എവിടെനിന്നു ലഭിച്ചെന്നായിരുന്നു നാട്ടുകാരുടെ സംശയം. പ്രതിഷേധം ശക്തമായി. ഇതിനിടെ, ദേവസ്വം ബോര്‍ഡിന്റെ അന്വേഷണത്തില്‍, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായി. 1992 ജൂണ്‍ 16ന് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം സിബിസിഐഡി വിഭാഗത്തിനു കൈമാറി.

വിശദമായ അന്വേഷണത്തില്‍, പ്രസാദം നല്‍കുന്ന തട്ടില്‍ തിരുവാഭരണങ്ങള്‍ പുറത്തേക്ക് കടത്തിയതായും പൂജാരിമാര്‍ക്കും ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും മനസ്സിലായി. വര്‍ഷങ്ങളായി തട്ടിപ്പു നടന്നുവരികയായിരുന്നു. കണക്കെടുപ്പ് നടന്നതോടെ 12 കിലോ സ്വര്‍ണവും കിരീടവും മുത്തുമാലകളും നഷ്ടപ്പെട്ടതായി വ്യക്തമായി. പൂജാരിമാരെ ചോദ്യം ചെയ്തതോടെ മോഷണത്തിന്റെ ചുരുളഴിഞ്ഞു. പൂജാരിമാരും ജീവനക്കാരും ചേര്‍ന്നായിരുന്നു തട്ടിപ്പു നടത്തിയത്.

ആദ്യം പൂജാരി കൃഷ്ണന്‍ നമ്പൂതിരിയെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഓരോരുത്തരായി അറസ്റ്റിലായി. ഭാര്യയ്ക്ക് നല്‍കാന്‍ ആഭരണങ്ങള്‍ കടത്തിയ കേശവന്‍പോറ്റി ആത്മഹത്യ ചെയ്തു. ഭാര്യ കൃഷ്ണമ്മാള്‍ കേസില്‍ പ്രതിയായി. ആകെ 34 പ്രതികളാണ് ഉണ്ടായിരുന്നത്. മോഷണം പോയ 12 കിലോ സ്വര്‍ണത്തില്‍ 4.5 കിലോ തിരികെ ലഭിച്ചു. 1995ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളില്‍ ചിലര്‍ പിന്നീട് ആത്മഹത്യ ചെയ്തു. ചിലര്‍ മരിച്ചു. 23 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടത്. 14 പേര്‍ക്ക് 6 വര്‍ഷം തടവുശിക്ഷ ലഭിച്ചു. 9 പേര്‍ക്ക് 3 വര്‍ഷമാണ് തടവുശിക്ഷ. 10 ലക്ഷം രൂപയും പ്രതികളില്‍നിന്ന് ഈടാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃഷ്ണമ്മാള്‍ക്ക് 6 വര്‍ഷമാണ് ശിക്ഷ.

വിഗ്രഹം നിര്‍മിച്ചത് സാളഗ്രാമത്തില്‍

കന്യാകുമാരി തമിഴ്നാടിന്റെ ഭാഗമായപ്പോള്‍ ക്ഷേത്രം തമിഴ്നാട് ദേവസ്വത്തിന്റെ നിയന്ത്രണത്തിലായി. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് പ്രധാന ഗോപുരം. രണ്ടു നിലയുള്ള ഗോപുരം കേരളീയ മാതൃകയിലാണ്. വിഗ്രഹത്തിന്റെ ദര്‍ശനം പടിഞ്ഞാറോട്ടാണ്. വിഗ്രഹത്തിന്റെ പാദത്തില്‍ സൂര്യരശ്മി പതിയാനാണ് കിഴക്ക് ഗോപുരം പണിതതെന്നാണ് വിശ്വാസം. ശ്രീകോവിലിനു മൂന്നു വാതിലുകളുണ്ട്. പത്മനാഭ സ്വാമിക്ഷേത്രത്തിലേതുപോലെ മൂന്നു വാതിലുകളും തുറന്നാലേ വിഗ്രഹത്തിന്റെ പൂര്‍ണരൂപം കാണാന്‍ കഴിയൂ.

ശയനരൂപത്തിലുള്ള വിഗ്രഹത്തിന്റെ ഇടതുകൈ താഴേക്ക് തൂങ്ങിയിട്ട നിലയിലാണ്. വലതുകൈ യോഗമുദ്രാഭാവത്തിലും. പെരുമാള്‍ യോഗനിദ്രയിലാണെന്നാണ് സങ്കല്‍പം. പത്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലെ കടുശര്‍ക്കര പ്രയോഗത്തിലാണ് വിഗ്രഹം നിര്‍മിച്ചിരിക്കുന്നതെന്നതിനാല്‍ അഭിഷേകം നടത്താറില്ല. അഭിഷേകത്തിനു വേറെ വിഗ്രഹമുണ്ട്.

16,008 സാളഗ്രാമ ശിലകള്‍ കൊണ്ടാണ് വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ പ്രതീകമാണ് സാളഗ്രാമ ശിലകള്‍. നേപ്പാളിലെ ഗണ്ഡകീനദിക്കരയില്‍നിന്നും ഹിമാലയത്തില്‍നിന്നുമാണ് സാളഗ്രാമം ശേഖരിക്കുന്നത്. കേരളീയ ആചാരങ്ങളുള്ള ക്ഷേത്രം രാവിലെ 5 മണിക്ക് തുറന്ന് ഉച്ചയ്ക്ക് 12ന് അടയ്ക്കും. ഉച്ചതിരിഞ്ഞ് അഞ്ചരയ്ക്ക് തുറന്നു രാത്രി 8.30ന് അടയ്ക്കും.

MORE IN KERALA
SHOW MORE
Loading...
Loading...