കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; ബാധ്യതയാകുമെന്ന് സർക്കാർ ആശുപത്രികൾ

karunya
SHARE

കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഴിയുള്ള സൗജന്യചികില്‍സ അപ്രായോഗികമെന്ന് സര്‍ക്കാര്‍ ആശുപത്രികള്‍. നിലവിലെ ചികില്‍സാനിരക്കുകള്‍ വന്‍ ബാധ്യത സൃഷ്ടിക്കുമെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ ആരോഗ്യസെക്രട്ടറിക്ക് കത്തയച്ചു. പദ്ധതിയുടെ ചുമതല വഹിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി ചിയാക്, ഇന്‍ഷുറന്‍സ് കമ്പനിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ഗുരുതര ആരോപണവും ആശുപത്രികള്‍ ഉന്നയിക്കുന്നു. 

കാരുണ്യയില്‍ നിശ്ചയിച്ചിരിക്കുന്ന ചികില്‍സാപാക്കേജുകളുടെ നിരക്ക് വളരെ കുറവാണെന്നും ഈ രീതിയില്‍ ചികില്‍സ തുടരുന്നത് വന്‍ ബാധ്യതസൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ആശുപത്രി വികസനസമിതിയുടെ ഫണ്ട് ഇതിലേക്ക് വകമാറ്റേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇങ്ങനെ സംഭവിച്ചാല്‍ ആശുപത്രി നടത്തിപ്പുതന്നെ അവതാളത്തിലാകും. അതിനാല്‍ ചികില്‍സാനിരക്കുകള്‍ പരിഷ്കരിക്കുകയോ ആശുപത്രികള്‍ക്ക് അധികഫണ്ട് നല്‍കുകയോ വേണം. നിലവിലെ ചികില്‍സാനിരക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്ക് ചെലവാകുന്ന തുകയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കത്താണ് ആശുപത്രികളുടെ അധികൃതര്‍ ആരോഗ്യ സെക്രട്ടറിക്ക് അയച്ചിരിക്കുന്നത്. 

ഇന്‍ഷുറന്‍സിന്റെ നടത്തിപ്പുചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ചിയാകിനെ കുറിച്ചും ആശുപത്രികള്‍ക്ക് വ്യാപകമായ പരാതിയുണ്ട്. ആശുപത്രികള്‍ക്കും സര്‍ക്കാരിനും നഷ്ടമുണ്ടാക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അനുകൂലമായ നിലപാട് ചിയാക് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിശ്ചയിച്ച നിരക്കുകളുടെ പ്രായോഗികത സംബന്ധിച്ച് തുടക്കം മുതല്‍ ആശുപത്രികള്‍ സംശയം ഉന്നയിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് അടക്കം നിശ്ചയിച്ചിരിക്കുന്ന ചികില്‍സാനിരക്കുകള്‍ വളരെ കുറവാണെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ ആശുപത്രികള്‍ പലതും പദ്ധതിയില്‍ അംഗമായിട്ടുമില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...