മരടില്‍ അന്വേഷണ സമിതി കണ്ടെത്തിയതും ‘കാണാതെ’ പോയതും

maradu-priji-two
SHARE

പുതിയ തീരപരിപാലന ഭൂപടം അന്വേഷണസമിതി കാണാതിരുന്നത് എന്തുകൊണ്ട്? ഇതാ ഉത്തരം.

മരടിലെ വിവാദ ഫ്ലാറ്റ് സമുച്ചയങ്ങളുടെ അടിത്തറയൊരുക്കിയത് ക്രമക്കേടുകളും അഴിമതിയും കള്ളക്കളികളും കൂടിയ അനുപാതത്തില്‍ ചേര്‍ത്താണ് എന്ന കാര്യത്തില്‍ സംശയമില്ല. അത് വെളിപ്പെടുത്തുന്ന വസ്തുതകള്‍ ഇപ്പോള്‍ മറനീക്കിവരികയാണ്. എന്നാല്‍ ഇത് നിയമപ്രശ്നമായി മാറിയപ്പോള്‍ അതിന്‍റെ അവസാന അങ്കത്തില്‍ സ്വാഭാവികനീതിയുടെ  നിഷേധമുണ്ടായി എന്ന മുറവിളിയാണ് പ്രശ്നത്തെ സങ്കീര്‍ണമാക്കുന്നത്.  

സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടാണ് മരടിലെ നാല് ബഹുനില ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിന് ആധാരമായി സുപ്രീം കോടതി സ്വീകരിച്ചത്. ഈ സമിതിയുടെ കണ്ടെത്തലുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഫ്ലാറ്റ് ഉടമകള്‍ ഉയര്‍ത്തുന്നത്. ഈ സമിതിക്ക് തെറ്റുപറ്റിയെന്ന്  കോടതിയെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് അടക്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. സമിതിക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് പരിശോധിക്കാം.

ആരോപണം ഒന്ന് : മൂന്നംഗസമിതി അന്വേഷണത്തിന് നിയോഗിച്ച സാങ്കേതിക സമിതിയിലെ അംഗങ്ങള്‍ സുപ്രീംകോടതിയിലെ ഹര്‍ജിക്കാരായ തീരദേശപരിപാലനസമിതിയുമായി  ബന്ധമുള്ളവരാണ്. 

ഈ വിമര്‍ശനം ഒരു പരിധിവരെ ശരിയാണ്. സാങ്കേതികസമിതിയിലെ അംഗങ്ങള്‍ ഇവരായിരുന്നു– ചീഫ് ടൗണ്‍ പ്ലാനര്‍ ഗിരിജ, NCESS ലെ ശാസ്ത്രജ്ഞനായ ഡോ.കെ.കെ. രാമചന്ദ്രന്‍ , കേരള ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ ശാസ്ത്രജ്ഞനായ ഡോ.ഹരിനാരായണന്‍, നഗരകാര്യ വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ ബല്‍രാജ് എന്നിവരായിരുന്നു ഈ സാങ്കേതികസമിതിയിലെ അംഗങ്ങള്‍.  ഇവരില്‍ ഡോ. ഹരിനാരായണന്‍ ഹര്‍ജിക്കാരായ തീരദേശപരിപാലന അതോറിറ്റിയിലെ അംഗമാണ്. ഡോ. കെ.കെ.രാമചന്ദ്രന്‍ അതോറിറ്റിയിലെ മുന്‍ അംഗമാണ്. ചീഫ് ടൗണ്‍ പ്ലാനറും നഗരകാര്യ വിഭാഗം ജോയിന്‍റ് ഡയറക്ടറും അതോറിറ്റി അംഗങ്ങളല്ലെങ്കിലും അവരുടെ വകുപ്പുകളിലെ സഹപ്രവര്‍ത്തകര്‍ പലരും അതോറിറ്റിയിലെ അംഗങ്ങളോ മുന്‍ അംഗങ്ങളോ ആണ്. സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ള ആരും ഈ സാങ്കേതികസമിതിയില്‍ ഉണ്ടായിരുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. 

മരട് വിധിയില്‍ സുപ്രീംകോടതി പറഞ്ഞതും പറയാത്തതും - ഒന്നാം ഭാഗം വായിക്കാം

ഒരുപടികൂടി കടന്ന് പരിശോധിച്ചാല്‍,  സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതിയുടെ ഘടന തന്നെ സാമാന്യനീതിക്ക് നിരക്കുന്നതായിരുന്നില്ല. സര്‍ക്കാര്‍ സ്ഥാപനമായ തീരദേശപരിപാലന അതോറിറ്റി ഹര്‍ജിക്കാരായ പ്രശ്നം പഠിക്കാന്‍ കോടതി നിയോഗിച്ച സമിതിയിലെ മൂന്നുപേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍തന്നെ–  തദ്ദേശഭരണ സെക്രട്ടറി, ജില്ലാ കലക്ടര്‍, മുന്‍സിപ്പാലിറ്റി സെക്രട്ടറി( തദ്ദേശഭരണ സ്പെഷല്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മുന്‍സിപ്പല്‍ സെക്രട്ടറി പി.കെ.സുഭാഷ്  എന്നിവരാണ് ഇവര്‍). 

maradu-16-09

ഈ സമിതിയിലും സ്വതന്ത്ര അംഗങ്ങളില്ല എന്ന് ചുരുക്കം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഏതെങ്കിലും പക്ഷംപിടിച്ച് റിപ്പോര്‍ട്ട് നല്‍കും എന്ന് കരുതാനാവില്ലെങ്കിലും ഈ സമിതികളുടെ ഘടന കീഴ്‍വഴക്കങ്ങള്‍ക്കും സാമാന്യയുക്തിക്കും നിരക്കുന്നതല്ലെന്ന് പറയാം. എന്നാല്‍, അന്തിമ ഉത്തരവിനുമുന്‍പ് ഒരുഘട്ടത്തിലും  മൂന്നംഗസമിതിയുടെ  ഘടനയെക്കുറിച്ച് ഫ്ലാറ്റ് നിര്‍മാതാക്കളുടെ അഭിഭാഷകര്‍ വിയോജിപ്പ് സുപ്രീംകോടതിയെ അറിയിച്ചതുമില്ല.  

ആരോപണം രണ്ട്: അന്വേഷണസമിതി ഫ്ലാറ്റ് ഉടമകളുടെ ഭാഗം കേട്ടില്ല. 

ഇത് വസ്തുതാപരമാണ്. അന്വേഷണസമിതിയുടെ തെളിവെടുപ്പിന്‍റെ ഒരുഘട്ടത്തിലും ഫ്ലാറ്റ് ഉടമകളുടെ  ഭാഗം കേട്ടിട്ടില്ല. കേള്‍ക്കണമെന്ന് ഫ്ലാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടുമില്ല എന്ന് കൂട്ടിച്ചേര്‍ക്കട്ടെ. അഞ്ച് ഫ്ലാറ്റ് നിര്‍മാതാക്കളെയും തീരദേശപരിപാലന അതോറ്റിയെയുമാണ് സമിതി കേട്ടത്. നിര്‍മാതാക്കള്‍ അവരുടെഭാഗം പറയുന്നതിനിടെ ഫ്ലാറ്റ് ഉടമകളെക്കുറിച്ചും പറഞ്ഞു എന്നുമാത്രം.  എന്തുകൊണ്ട് സമിതി ഫ്ലാറ്റ് ഉടമകളെ കേട്ടില്ല എന്നത് പ്രധാന ചോദ്യം തന്നെ. കേള്‍ക്കേണ്ടതായിരുന്നു. Let the Committee hear the affected parties  എന്നാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞത്. Affected parties എന്നാല്‍ കേസില്‍ കക്ഷികളായ ഫ്ലാറ്റ് നിര്‍മാതാക്കള്‍ മാത്രമാണ് എന്ന സങ്കുചിതമായ നിഗമനത്തിലാണ് സമിതി എത്തിയത്. 

ഇനി ഇടക്കാല ഉത്തരവില്‍ മേല്‍പറഞ്ഞ വാചകം പൂര്‍ണമായി നോക്കിയാല്‍  ഇങ്ങനെയാണ്– Let the Committee hear the affected parties as well as Kerala State Coastal Zone Management Authority and State Government and consider the matter as submitted by the parties and send a report to this Court as to legality of construction and precisely in which category the area in question is to be categorized and whether building is in prohibited zone. അതായത്,  പ്രശ്നബാധിതരെയും തീരദേശപരിപാലന അതോറിറ്റിയെയും സംസ്ഥാന സര്‍ക്കാരിനെയും കേള്‍ക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ സമിതി സംസ്ഥാന സര്‍ക്കാരിനെ കേട്ടില്ല. ഇനി കേള്‍ക്കണമെങ്കില്‍തന്നെ സര്‍ക്കാരിന്‍റെ പ്രതിനിധിയായി ആരെ കേള്‍ക്കും എന്നപ്രശ്നം വേറെ. സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം അംഗങ്ങളായ സമിതിക്കു മുന്‍പില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധിയായി മറ്റാരെക്കൊണ്ടുവരാന്‍? വന്നിരുന്നെങ്കില്‍തന്നെ ഇപ്പോള്‍, ആവേശം കാണിക്കുന്ന രാഷ്ട്രീയനേതാക്കളോ ജനപ്രതിനിധികളോ ഫ്ലാറ്റ് ഉടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍  നിലപാടെടുക്കണം എന്ന് അന്ന് ആവശ്യപ്പെടുമായിരുന്നോ?  

maradu-rekha-three

ആരോപണം മൂന്ന്:  സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്ത് മരട് CRZ–2 ആയി മാറിയിരുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ  CRZ 3-ല്‍ ആയിരുന്നില്ല. ഈ വസ്തുത സമിതി സുപ്രീം കോടതിയെ അറിയിച്ചില്ല. 

ഈ വിമര്‍ശനം ശരിയാണ്. സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2019 മാര്‍ച്ച് 11ന് ആണ്. 

ആ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഇങ്ങനെ– The Coastal Zone Management Plan (CZMP) of Kerala currently applicable is the one that was approved in 1996. As per the said CZMP Maradu has been marked as Panchayat area and hence falls in the Coastal Regulation Zone (CRZ) category of CRZ III. Maradu Panchayat has been upgraded to Municipality in the year 2010 and hence in the draft CZMP prepared as per CRZ Notification 2011, it is shown as CRZ II category. The new draft CZMP is submitted to MoEF & CC of Government of India for approval. Until Government of India approved the draft notification CZMP 1996 stands valid." 

maradu-rekha-one

പുതിയ ഭൂപടം കേന്ദ്രം അംഗീകരിക്കുന്നതുവരെ പഴയതിനാണ് പ്രാബല്യം എന്നല്ല,   പഴയതുമാറി പുതിയത് പ്രാബല്യത്തില്‍ വന്നു എന്നാണ് സമിതി  പറയേണ്ടിയിരുന്നത്. കാരണം, മരടിനെ CRZ-2 ല്‍ ഉള്‍പ്പെടുത്തുന്ന പുതിയ തീരദേശപരിപാലന ഭൂപടത്തിന് ഫെബ്രുവരി 28ന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 2011ലെ വിജ്ഞാപനപ്രകാരം സംസ്ഥാനം തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ച ഭൂപടത്തിന് ഈ ദിവസമാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. സംസ്ഥാന പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേന്ദ്ര പരിസ്ഥിതിവകുപ്പിലെ CRZ ഡയറക്ടര്‍ അയച്ച കത്തും അംഗീകൃത ഭൂപടവുമാണ് ഇതിന്‍റെ തെളിവ്. 

maradu-rekha-two

എന്തുകൊണ്ട് ഇത് സമിതി കാണാതെ പോയി? 

സാങ്കേതികസമിതി മൂന്നംഗസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ജനുവരി 16ന് ആണ്. ഫെബ്രുവരി 5ന് മൂന്നംഗ സമിതി ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം കേട്ടു. ഫെബ്രുവരി 28ന് മൂന്നംഗസമിതി റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി ( സമിതിയിലെ ഒരംഗം വെളിപ്പെടുത്തിയത്).  ഇതേദിവസമാണ് പുതിയ തീരദേശപരിപാലന ഭൂപടത്തിന് കേന്ദ്രത്തിന്‍റെ അംഗീകാരം കിട്ടുന്നതും ! അഡ്വക്കറ്റ് ജനറല്‍ ഈ റിപ്പോര്‍ട്ട് മാര്‍ച്ച് 11ന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്നതിനുമുന്‍പ് ആരും അത് തിരുത്താന്‍ ഇടപെട്ടില്ല എന്നുവേണം അനുമാനിക്കാന്‍. 

റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ ഈ പിഴവ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഫ്ലാറ്റ് നിര്‍മാതാക്കളുടെ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല. റിപ്പോര്‍ട്ടിനെതിരെ രേഖാമൂലം വാദങ്ങള്‍ എഴുതി നല്‍കിയതുമില്ല. അന്തിമ ഉത്തരവ് വന്നതിനുശേഷമുള്ള റിട്ട്–റിവ്യൂ ഹര്‍ജികളിലാണ് ഇക്കാര്യം ഉന്നയിക്കാന്‍ ശ്രമിച്ചത്. അതാകട്ടെ കോടതി കേള്‍ക്കാന്‍പോലും തയ്യാറായില്ല. 

മരടിന്‍റെ സോണ്‍ മാറിയവിവരം അന്വേഷണസമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഫ്ലാറ്റ് പൊളിക്കാന്‍ കോടതി ഉത്തരവിടുമായിരുന്നോ എന്നതാണ് പ്രസക്തമായ അടുത്തചോദ്യം. കോടതിയുടെ നിലപാടിൽ മാറ്റമുണ്ടാകുമായിരുന്നില്ല എന്നാണ് തീരദേശപരിപാലന അതോറിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം, നിര്‍മാണകാലത്ത് ഏത് സോണ്‍ ആണ്  പ്രസക്തം എന്നതാണ് സുപ്രീം കോടതി പരിഗണിച്ചത്. അക്കാലത്ത് മരട് CRZ 3 ആയിരുന്നുവെന്ന് സമിതി റിപ്പോര്‍ട്ട് അസന്നിഗ്ധമായി പറയുന്നു. ഉത്തരവില്‍ പറയുന്നതിങ്ങനെ– It is apparent that at the relevant time when the construction has been raised by the respondents in the matters, the area was within CRZ-III– relevant time അഥവാ  പ്രസക്തമായ സമയം എന്നത് നിര്‍മാണത്തിന് അനുമതി ലഭിച്ച 2007 ആണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇപ്പോള്‍ കെട്ടിടം നില്‍ക്കുന്നത് CRZ 2 ല്‍ ആണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കില്‍ ഇത്ര കണിശമായ 'പൊളിക്കല്‍' ഉത്തരവിലേക്ക് കോടതി പോകുമായിരുന്നില്ല എന്ന് കരുതുന്നവരാണ് മറുപക്ഷത്ത് ഉള്ളത്. 

(തുടരും)

MORE IN KERALA
SHOW MORE
Loading...
Loading...