പാലം പൊളിച്ചാൽ ഭീമൻ കുരുക്ക്; പാലാരിവട്ടം കേരളത്തെ രണ്ടാക്കും?; നരകയാത്ര

palarivattam-bridge-new-issue
SHARE

‘മരടിൽ ഫ്ലാറ്റ് കെട്ടാൻ വന്ന ബംഗാളി തൊഴിലാളികൾ ഇപ്പോൾ ആ ഫ്ലാറ്റ് പൊളിക്കുന്നതും കാണേണ്ടി വന്നേക്കും. രണ്ടുവർഷം മുൻപ് പണിഞ്ഞ പാലം ഇപ്പോഴിതാ പൊളിക്കാൻ പോകുന്നു. ഇൗ മലയാളികളുടെ ഒരു കാര്യം.’ എന്ന രസകരമായ ട്രോളിൽ എല്ലാമുണ്ട്. ‘മുല്ലപ്പെരിയാറിൽ ഡാം പണിയാൻ കേരളത്തെ അനുവദിക്കാത്തതിന് തമിഴ്നാടിന് നന്ദി പറയണം. ഇത്തരം അഴിമതിക്കാർ ആ ഡാമിന്റെ നിർമാണ ചുമതല ഏറ്റെടുത്താൽ എന്താകും സ്ഥിതി.’ ഇത്തരത്തിൽ പ്രതിഷേധ കുറിപ്പുകളുടെ പ്രളയമാണ് സൈബർ ലോകത്ത്. പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ തീരുമാനമായതിന് പിന്നാലെ രാഷ്ട്രീയ പഴിചാരലുകളും സജീവമാണ്. രണ്ടായാലും നരകിക്കാൻ പോകുന്നത് നികുതി അടയ്ക്കുന്ന ജനവും. ഒരു പക്ഷേ തെക്കൻ കേരളവും വടക്കൻ കേരളവും കൊച്ചിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരും. കൃത്യമായ പ്ലാനിങ്ങില്ലാതെ പാലാരിവട്ടം കൂടി പൊളിച്ചു തുടങ്ങിയാൻ കൊച്ചിയ്ക്ക് നിന്നുതിരിയാൻ കഴിയില്ലെന്ന് ഉറപ്പാണ്.

വൈറ്റില – തൃപ്പൂണിത്തുറ റൂട്ടിൽ പഴയ ചമ്പക്കര പാലം പൊളിച്ചു പണിയുന്നതും പുതിയ പേട്ട പാലത്തിന്റെ നിർമാണവും മെട്രോ നിർമാണവും ഉടൻ തുടങ്ങും. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനൊപ്പമാണ് പാലാരിവട്ടം പാലം പൊളിക്കാനൊരുങ്ങുന്നത്. പാലാരിവട്ടത്ത് ഇപ്പോൾ പാലത്തിന്റെ ഇരുവശത്തും 3 ട്രാക്കുകൾ വീതമുണ്ട്. പാലം പൊളിക്കാൻ, നിർമിച്ചപ്പോൾ ഉപയോഗിച്ചപോലെയുള്ള കൂറ്റൻ ക്രെയിനുകൾ വേണം. പാലത്തിന്റെ മുകളിലേക്ക് ഇതു കയറ്റിക്കൊണ്ടു പോകാൻ കഴിയില്ല. നിലവിലുള്ള റോഡിൽ നിന്നുവേണം കൂറ്റർ ഗർഡറുകളും സ്പാനുകളും താഴെ ഇറക്കിവയ്ക്കാൻ.

ഇരുവശത്തും നിലവിലുള്ള 3 ട്രാക്കിൽ ഒന്നര ട്രാക്ക് ബാരിക്കേഡ് കെട്ടി തിരിക്കേണ്ടിവരും. 3 ട്രാക്ക് ഉള്ളപ്പോൾ പോലും തിരക്കുള്ള സമയത്ത് ഒരു കിലോമീറ്റർ ദൂരത്തിലാണു ബ്ലോക്ക്. അതു പകുതിയാവുമ്പോൾ കൊച്ചിയ്ക്ക് ശ്വാസം വിടാൻ പോലും കഴിയാത്ത സ്ഥിതി വരും. പാലത്തിന്റെ ഓരോ ഗർഡറും താഴെയിറക്കാൻ വലിയ യന്ത്ര സഹായംവേണം. ഇതു വലിയ കഷണങ്ങളാക്കി മുറിച്ച് കടൽഭിത്തി കെട്ടാൻ ഉപയോഗിക്കാനാണ് ആലോചന. ചെല്ലാനത്തേക്ക് ഇൗ കോൺക്രീറ്റ് കട്ടകൾ കൊണ്ടുപോകണം.

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ പണി പാതി വഴിയിൽ, പാലാരിവട്ടം പാലത്തിൽ ഗതാഗതം നിരോധിച്ചതോടെ വലിയ കുരുക്ക്. ഇതിനൊപ്പം പാലം പൊളിക്കാൻ തുടങ്ങിയാൽ കുരുക്ക് മുറുകും. അധികൃതർ ഇക്കാര്യത്തിൽ കൃത്യമായ മുന്നൊരുക്കം നടത്തിയില്ലെങ്കിൽ ഒരു ആംബുലൻസിന് പോലും പോകാൻ കഴിയാത്ത വിധം കൊച്ചി നരകമാകും.

MORE IN KERALA
SHOW MORE
Loading...
Loading...