അതിരുകടന്ന ഓണാഘോഷം അപകടത്തില്‍; ഒഴിവായത് വൻ ദുരന്തം, വിഡിയോ

college-onam-04
SHARE

തസ്നി ബഷീറിനെയും അമിത ശങ്കറിനെയും കേരളം മറന്നുകാണില്ല. അതിരുവിട്ട ക്യാംപസ് ആഘോഷത്തില്‍ ജീവന്‍ നഷ്ടമായവര്‍. അലക്ഷ്യമായി പാഞ്ഞുവന്ന ബൈക്കിടിച്ചാണ് 2002 ജനുവരി 24ന് തിരുവനന്തപുരം സിഇടി കാംപസിൽ അമിത കൊല്ലപ്പെട്ടത്. ഇതേ ക്യാംപസിലെ ഓണാഘോഷത്തിനിടയിലാണ് 2015 ഓഗസ്റ്റ് 20ന് ജീപ്പിടിച്ച് തസ്നി ബഷീറിന് ജീവന്‍ നഷ്ടമായത്. ഇതിന് ശേഷം ക്യാംപസുകളിൽ വാഹനങ്ങൾ കയറ്റുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണവും ആഘോഷങ്ങളില്‍ അലക്ഷ്യമായി വാഹനം ഉപയോഗിക്കുന്നതിന് വിലക്കും വന്നു. എന്നാലും കോളജ് വിദ്യാര്‍ഥികളുടെ അതിരുവിട്ട ആഘോഷങ്ങള്‍ കേസുകള്‍ക്ക് കാരണമാവുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു.

കോഴിക്കോട് ദേവഗിരി കോളജിലെ സെല്‍ഫ് ഫിനാൻസിങ് വിഭാഗത്തിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ നടത്തിയ ഓണോഘോഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിലര്‍ താമശയായും, ടിക്ക് ടോക്കായും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നു. ഒരുപക്ഷേ വലിയൊരു അപകടത്തിലേക്കുപോകുമായിരുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളാണിത്. 

ഈമാസം ആറാംതീയതിയാണ് കോളജില്‍ ഓണാഘോഷം നടന്നത്. വാഹനങ്ങളൊന്നും ക്യാംപസിനുള്ളില്‍ കയറ്റരുതെന്ന് കര്‍ശന നിര്‍ദേശം പ്രിന്‍സിപ്പല്‍ നല്‍കിയിരുന്നു. എങ്കിലും വിദ്യാര്‍ഥികള്‍ ആഢംബരവാഹനങ്ങളും തുറന്ന വാഹനങ്ങളും ഓഫ് റോ‍ഡ് വാഹനങ്ങളും ഉപയോഗിക്കുമെന്ന സൂചന ലഭിച്ചതോടെ കോളജ് അധികൃതര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ വിവരം അറിയിച്ചു. വിദ്യാര്‍ഥികള്‍ കോളജ് ക്യാംപസിനുള്ളിലേക്ക് വാഹനങ്ങളുമായി കയറാതിരിക്കാന്‍ കോളജ് അധികൃതര്‍ ഗെയ്റ്റില്‍ സുരക്ഷയും ഒരുക്കി. പക്ഷേ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ ഓണാഘോഷം നിറമുള്ളതാക്കാന്‍ അവരുടെ വഴികള്‍ തേടി.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്, ഇരുചക്രവാഹനങ്ങളും ആഢംബരവാഹനങ്ങളും കാറുകളും ജീപ്പുകളുമെല്ലാം ഉപയോഗിച്ച് ആഘോഷം തുടങ്ങി. അമിത വേഗതയിലായിരുന്നു വാഹനങ്ങള്‍. ജീപ്പുകള്‍ക്ക് മുകളിലും ബോണറ്റിലും കയറിയിരുന്നായിരുന്നു ആഘോഷം. കോളജ് ഗെയ്റ്റിന് മുന്നിലെത്തി വട്ടം കറക്കി നിറുത്തുന്നതിനിടയിലാണ് ജീപ്പിന് മുകളിലുണ്ടായിരുന്നവര്‍ പിടിവിട്ട് തെറിച്ച് വീണത്. ഇതിനിടയില്‍ മുന്നിലുണ്ടായിരുന്ന ജീപ്പ് പുറകോട്ട് ഉരുണ്ട് വരുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഈ ജീപ്പിന്റെ പിന്‍ചക്രത്തിന് സമീപത്തുനിന്ന് ഒരു വിദ്യാര്‍ഥി രക്ഷപ്പെട്ടത്. പെണ്‍കുട്ടികളും ജീപ്പിലുണ്ടായിരുന്നു. ആര്‍ക്കും ഗുരുതരമായ പരുക്ക് ഏല്‍ക്കാതിരുന്നതോടെ ആഘോഷം തുടരുകയും ചെയ്തു. 

ആരും പരാതി തരാത്തതിനാല്‍ കേസെടുത്തില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കോളജ് അധികൃതരോട് സംസാരിച്ചെങ്കിലും കോളജില്‍നിന്നും പരാതി ലഭിച്ചില്ല. പരുക്കേറ്റ് വിദ്യാര്‍ഥികള്‍ ആശുപത്രിയിലെത്താതിരുന്നതുകൊണ്ട് ആശുപത്രിയില്‍നിന്നും പരാതി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.

ആഘോഷവും അപകടവും നടന്നത് കോളജ് ഗെയ്റ്റിന് പുറത്തായതിനാല്‍ പരാതി നല്‍കാനോ നടപടിയെടുക്കാനോ സാധിക്കില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. ആരെങ്കിലും പരാതി പ്രിന്‍സിപ്പലിന് നല്‍കിയാല്‍ പൊലീസിന് കൈമാറും. ഏതായാലും അതിരുവിട്ട ആഘോഷം നടത്തിയ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും വിളിച്ച് ഉപദേശിക്കാനാണ് കോളജുകാരുടെ തീരുമാനം. കാരണം വീട്ടിലെ ആഢംബര വാഹനങ്ങള്‍ വിദ്യാര്‍ഥികള്‍ കോളജിലെത്തിച്ചത് മാതാപിതാക്കള്‍ കൂടി അറിഞ്ഞാരിക്കുമല്ലോ. 

MORE IN KERALA
SHOW MORE
Loading...
Loading...