വൃക്ക കൈമാറിയ എട്ടുപേർ ചേർന്ന് ഓണാഘോഷം; മതസൗഹാര്‍ദത്തിന്റെ വേദിയായി ആശുപത്രി

kidney-onam
SHARE

കൊച്ചിയില്‍ മതസൗഹാര്‍ദത്തിന്റെ ഓണം ആഘോഷിച്ച് എട്ടുപേര്‍. എറണാകുളം ലിസി ആശുപത്രിയില്‍ പരസ്പര ബന്ധമില്ലാതെ വൃക്ക കൈമാറ്റം നടത്തിയ എട്ടുപേരാണ് ഓണാഘോഷത്തിനായി ആശുപത്രിയിലെത്തിയത്.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശികളായ റബീഷും ഭാര്യ ഷിജിതയും, മലപ്പുറം കുറ്റിപ്പുറം സ്വദേശികളായ മുഹമ്മദ് അഷ്റഫും സലീനയും ഇവരാണ് ആദ്യകഥയിലെ നായകര്‍. വൃക്കരോഗികളായ റബീഷിനും മുഹമ്മദ് അഷ്റഫിനും രക്തഗ്രൂപ്പ് യോജിക്കാത്തതിനാല്‍ ഭാര്യമാരുടെ വൃക്ക സ്വീകരിക്കാനായില്ല. യോജിക്കുന്ന ആര്‍ക്കെങ്കിലും വൃക്കദാനം ചെയ്യാന്‍ തയാറാണെന്ന് ഷിജിത കിഡ്നി ഫൗണ്ടേഷനില്‍ എഴുതി നല്‍കിയത് നിര്‍ണായകമായി. ഫൗണ്ടേഷനില്‍നിന്ന് നമ്പര്‍ നല്‍കിയതോടെ ഇരുകുടുംബങ്ങളും പരസ്പരം ബന്ധപ്പെട്ടു.

 തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സലീനയുടെ വൃക്ക റബീഷിനും, ഷിജിതയുടെ വൃക്ക മുഹമ്മദ് അഷ്റഫിനും ചേരുമെന്ന് കണ്ടെത്തി.  സര്‍ക്കാര്‍ അനുമതിയും കിട്ടിയതോടെ ജൂലൈ അവസാനം ശസ്ത്രക്രിയ നടത്തി. സമാനമായ രീതിയിലാണ് തൃശൂര്‍ സ്വദേശി ബെന്നി ജേക്കബും, കോട്ടയം സ്വദേശി ബിന്ദുകുമാറും തിരികെ ജീവിതത്തിലേക്ക് വന്നത്. ബെന്നിയുടെ അടുത്ത ബന്ധു കൊച്ചുറാണിയും, ബിന്ദുകുമാറിന്റെ ഭാര്യ പ്രീതയും വൃക്ക നല്‍കി. അതേസമയം ചികില്‍സാ ചെലവുകള്‍ പെരുപ്പിച്ച് കാണിക്കുന്ന പ്രവണത സമൂഹത്തില്‍ ഏറി വരുന്നതായി ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി.

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നാല് കുടുംബങ്ങള്‍ക്കും ഓണക്കോടിയും ആശംസകളും നേര്‍ന്നു. കൂടുതല്‍ ആളുകള്‍ അവയവദാനത്തിന് മുന്നോട്ടുവരണമെന്ന് എട്ടുപേരും അഭ്യര്‍ഥിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...