കാട്ടുനടുവിൽ കരച്ചിൽ; കണ്ടത് കുഞ്ഞിനെ; പാത്രിരാത്രിയിലെ മഹാഭാഗ്യം: വിഡിയോ

idukki-munnar-baby-news3
SHARE

രാത്രിയിൽ ജീപ്പ് യാത്രയ്ക്കിടെ അമ്മയുടെ മടിയിൽനിന്നു തെറിച്ചുവീണ ഒരു വയസ്സുകാരി രോഹിതയ്ക്കു തുണയായത് ഫോറസ്റ്റ് ജീവനക്കാർ. കൊടുംവളവുകളും കയറ്റിറക്കങ്ങളും ഇരുവശവും കാടുകളും നിറഞ്ഞ മൂന്നാർ–മറയൂർ റോഡിൽ രാജമല ടിക്കറ്റ് കൗണ്ടറിനു സമീപത്തു തന്നെയാണു കുഞ്ഞ് വീണത് എന്നതും നിർണായകമായി.  വന്യമൃഗങ്ങളുടെ വിഹാര മേഖലയാണിവിടം. തെറിച്ചുവീണത് മറ്റേതെങ്കിലും ഭാഗത്തായിരുന്നെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാനും പ്രയാസമാണ്.

പ്രദേശത്ത് രാത്രി ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. കുഞ്ഞ് വീണതിന്റെ 5 മീറ്റർ മാറി ഒഴുക്കുള്ള തോടുണ്ട്. ഫോറസ്റ്റ് എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ടി.പി.ശിവദാസൻ, ഫോറസ്റ്റർ ജിതേന്ദ്ര നാഥ്, ഗാർഡ് രോഹിത്.എം.രാജ്, വാച്ചർ വിശ്വനാഥൻ, കൈലേശൻ എന്നിവരാണ് കുഞ്ഞിനെ കണ്ടത്. കുട്ടി റോഡിലൂടെ വെളിച്ചമുള്ള ഭാഗത്തേക്ക് ഇഴഞ്ഞുവരുന്നത് ഇവിടുത്തെ നിരീക്ഷണ ക്യാമറയിൽ പതിയുകയും ചെയ്തു.

ഇവർ ഓടിയെത്തി കുഞ്ഞിനെ എടുത്ത് ഫോറസ്റ്റ് ഓഫിസിൽ കൊണ്ടുവന്നു. തലയിലും മുഖത്തും ചെറിയ മുറിവുകൾ ഉണ്ടായിരുന്നു. പിന്നാലെ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയെ വിവരമറിച്ചു. ലക്ഷ്മിയും മൂന്നാർ എസ്ഐ കെ. സന്തോഷ്, ചൈൽഡ് ലൈൻ കോർഡിനേറ്റർ ജോൺ.എസ്.എഡ്വിൻ എന്നിവരും സ്ഥലത്ത് എത്തിയ ശേഷമാണു കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയത്. 

ഭാഗ്യമുള്ള  കൺമണി

"രാത്രി പത്തുമണി കഴിഞ്ഞപ്പോൾ റോഡിൽനിന്ന് എന്തോ കരച്ചിൽ കേട്ടുവെന്ന് വാച്ചർ പറഞ്ഞു. പൂച്ചക്കുട്ടിയുടേതാണ് എന്നാണ്  കരുതിയത്.  വീണ്ടും നോക്കിയപ്പോൾ വെളിച്ചത്തിലേക്ക് എന്തോ നിരങ്ങിവരുന്നു. ടോർച്ചടിച്ച് നോക്കിയപ്പോഴാണ് അതൊരു കുഞ്ഞാണെന്നു വ്യക്തമായത്. ഓടിച്ചെന്നു വാരിയെടുത്തു. തലയിൽ ചെറിയ മുറിവ് ഉണ്ടായിരുന്നു. വലിയ ഭാഗ്യമുള്ള കുട്ടിയാണ്. നിസ്സാരമായ പരുക്കു മാത്രമേ പറ്റിയുള്ളൂ." - ടി.പി.ശിവദാസൻ,ഫോറസ്റ്റ് ഓഫിസർ. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...