മുണ്ടക്കടവിലേക്ക് സഹായപ്രവാഹം; പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വീണ്ടും മത്സ്യത്തൊഴിലാളികൾ

mundakkadavu
SHARE

മലപ്പുറം കരുളായി വനത്തിലെ മുണ്ടക്കടവ് കോളനിയിലെ 64 കുടുംബങ്ങള്‍ക്കും പ്രളയത്തില്‍ വീടു നഷ്ടമായെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് സഹായപ്രവാഹം. കഴിഞ്ഞ പ്രളയത്തില്‍ കേരളം  മുങ്ങിയപ്പോള്‍ ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വിഴിഞ്ഞത്തെ മല്‍സ്യതൊഴിലാളികളാണ് സിന്ധുയാത്രമാതാ ലത്തീന്‍ ദേവലയത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടു ലക്ഷം രൂപയുടെ സഹായവുമായി പത്തു കിലോമീറ്റര്‍ ഉള്‍വനത്തിലുളള മുണ്ടക്കടവില്‍ എത്തിയത്. 

മുണ്ടക്കടവ് കോളനിയുടെ ഈ വേദന മനോരമ ന്യൂസിലൂടെ കണ്ടറിഞ്ഞാണ് വിഴിഞ്ഞത്തെ കടലിന്റെ മക്കള്‍ കാടിന്റെ മക്കള്‍ക്ക് സഹായുമായെത്തിയത്. 6,70,000 രൂപ പണമായും ബാക്കി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമാണ് കൈമാറിയത്. സിന്ധുയാത്രമാതാ  ദേവാലയത്തിലെ ഫാദര്‍ ജസ്റ്റിന്‍ റൂഡിന്റെ നേതൃത്വത്തിലാണ് കോളനിയിലെത്തിയത്.