കടൽ തിരിച്ചുതരുന്നു; കോഴിക്കോട് 2 ദിവസം കൊണ്ട് തീരത്തടിഞ്ഞത് 7 ലോഡ് മാലിന്യം

clt-sea-waste
SHARE

കോഴിക്കോട് കടലിന്റെ പ്രതിഷേധം ജനങ്ങളെയും അധികൃതരെയും വല്ലാതെ വലയ്ക്കുകയാണ്. കടലിലേക്ക് തള്ളിയ മാലിന്യങ്ങൾ അതേ പോലെ തിരിച്ച് തീരത്ത് നിക്ഷേപിക്കുകയാണ് കടൽ. രണ്ടു ദിവസം കൊണ്ട് കടൽ തീരത്തേക്ക് തിരിച്ചു തുപ്പിയത് ഏഴു ലോഡ് മാലിന്യമാണ്. കോഴിക്കോട് ഭട്ട്റോഡ് മുതൽ സൗത്ത് ബീച്ച് വരെയുള്ള നാലു കിലോമീറ്റർ തീരത്തേക്കാണ് മാലിന്യം വന്നടിഞ്ഞത്. രണ്ടു ദിവസം നൂറ്റി അൻപതോളം തൊഴിലാളികൾ വിയർപ്പൊഴുക്കി പണിയെടുത്തിട്ടും മാലിന്യം പൂർണമായും നീക്കം ചെയ്യാൻ അധികൃതർക്ക് സാധിച്ചില്ല.‌

എങ്ങനെ ഇത്രയധികം മാലിന്യം തിരിച്ചെത്തുന്നു എന്നതിനെക്കുറിച്ച് പഠിക്കാൻ ജില്ലാ ഭരണകൂടം നാഷനൽ കൗൺസിൽ ഫോർ കോസ്റ്റൽ റിസർച് (എൻസിസിആർ), സിഎംഎഫ്ആർഐ എന്നീ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.  ഇവരുടെ നാലംഗ വിദഗ്ധ സംഘം നാളെ തീരപ്രദേശങ്ങൾ സന്ദർശിക്കും. മഴക്കാലത്തിനു ശേഷം കടലിനു പതിവുള്ളതാണ് ഈ കലിതുള്ളൽ. കൊയിലാണ്ടി മുതൽ ഗ്രാമപ്രദേശങ്ങളിലാണ് സാധാരണയായി ഇത്തരത്തിൽ മാലിന്യം തള്ളാറുള്ളത്.‌

എന്നാൽ ഇത്തവണ സംഭവിച്ചതു പോലെ വൻതോതിൽ മാലിന്യം വരാറില്ലെന്ന് അധികൃതർ പറയുന്നു. നഗരവാസികൾ ഓടകളിലൂടെ കാലങ്ങളായി കടലിലേക്കു തള്ളിയ മാലിന്യം തന്നെയാണ്, കടൽ തിരിച്ചു തന്നിരിക്കുന്നത്.‌ ശനിയാഴ്ച രാവിലെ മുതലായിരുന്നു കടലിന്റെ കലി തുള്ളൽ. പകൽ പ്രഭാത സവാരിക്കിറങ്ങിയവരെ കാത്തിരുന്നത് തീരം നിറഞ്ഞ മാലിന്യമാണ്. ഞായറാഴ്ചയും ഇതു തുടർന്നതോടെ തീരത്ത് കാലുകുത്താൻ സാധിക്കാതായി. മാലിന്യം അടിഞ്ഞതോടെ തെരുവുനായ്ക്കളും കൂട്ടമായി ഇറങ്ങി.‌

ഞായറാഴ്ച കോർപറേഷന്റെ 82 ജീവനക്കാരും ഇന്നലെ 64 ജീവനക്കാരും മാലിന്യം നീക്കാൻ വിയർപ്പൊഴുക്കി പണിയെടുത്തു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഏഴു ലോഡ് മാലിന്യം ഞെളിയംപറമ്പിൽ എത്തിച്ച് കൂട്ടിയിട്ടിരിക്കുകയാണ് ഇപ്പോൾ. ഇനിയും ലോഡ്കണക്കിന് മാലിന്യം തീരത്ത് നിന്നു നീക്കാനുണ്ട്. രാത്രി വീണ്ടും മാലിന്യം തീരത്തേക്ക് തള്ളുമെന്ന വിലയിരുത്തലിലാണ് അധികൃതർ.

MORE IN KERALA
SHOW MORE
Loading...
Loading...