മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തും; ജലനിരപ്പ് 152 അടിയാക്കും

dam
SHARE

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാമിന്റെ ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കിയാൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന്  തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർ സെൽവം. തമിഴ്നാട്ടിലെ കൃഷിക്കായി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിട്ടുതുടങ്ങി.അതേ സമയം പെരിയാർ ടൈഗർ റിസർവിലെ നിരോധിത മേഖലയിൽ തമിഴ്നാട് ഡ്രോൺ പറത്തിയതിനെതിരെ വനം വകുപ്പ് അന്വേഷണം തുടങ്ങി.

തമിഴ്നാട്ടിലെ കൃഷിക്കായി സെക്കൻഡിൽ 300 ഘനയടി വെള്ളം വീതം 120 ദിവസത്തേയ്ക്കാണ്  തുറന്നു വിട്ടിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെള്ളം തുറന്ന് വിടും. തേനി ജില്ലയിലെ 14707 ഏക്കർ സ്ഥലത്തെ കൃഷിയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രത്യേക പൂജകൾക്കു ശേഷമാണ് ഷട്ടർ തുറന്നത്. മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താൻ ആവശ്യമായ നിര്‍മാണ സാമഗ്രികൾ അണക്കെട്ടിൽ എത്തിച്ചു. അറ്റകുറ്റപ്പണി പൂർത്തിയായാൽ  ജലനിരപ്പ് ഉയർത്താൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഒ. പനീർ സെൽവം പറഞ്ഞു.

എന്നാല്‍ തമിഴ്നാട്ടിലേയ്ക്ക് വെള്ളം തുറന്ന് വിടുന്ന ചടങ്ങിന് പനീര്‍ശെല്‍വമെത്തിയപ്പോള്‍ തമിഴ്നാട് ഡ്രാണ്‍ പറത്തിയത് വിവാദമായി. ഉദ്യോഗസ്ഥ സംഘം ഡ്രോൺ ഉപയോഗിച്ച് കനാലിന്റെയും ഷട്ടറിന്റെയും ആകാശ ദൃശ്യങ്ങൾ പകർത്തി. വന മേഖലയിൽ ഡ്രോൺ ഉപയോഗിക്കണമെങ്കിൽ പ്രത്യേക അനുമതി വേണമെന്നിരിക്കെയാണ് തമിഴ്നാടിന്റെ നിയമലംഘനം. എന്നാല്‍ ഉന്നതതല അനുമതി വാങ്ങിയാണ് ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് തമിഴ്നാട് പറയുന്നു. സംഭവത്തില്‍ സംസ്ഥാന വനംവകുപ്പ് അന്വേഷണം തുടങ്ങി.

MORE IN KERALA
SHOW MORE
Loading...
Loading...