കെവിനെ മരണത്തിലേക്ക് തട്ടിക്കൊണ്ടുപോയതും ഇതുപോലെ ഒരു 27ന്; വിധി കാത്ത് കേരളം

kevin-verdict-27
SHARE

കെവിൻ ദുരഭിമാനക്കൊലക്കേസിൽ ഇന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷാവിധി പ്രസ്താവിക്കും. കേസിൽ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ അടക്കം 10 പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോ ജോൺ അടക്കം 4 പേരെ കോടതി കുറ്റവിമുക്തരാക്കി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ,

ഗൂഢാലോചന എന്നിങ്ങനെ 9 കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷനും ഇളവു നൽകണമെന്നു പ്രതിഭാഗവും ആവശ്യപ്പെട്ടു. ഇന്നു രാവിലെ 11 മണിക്കാണ് കോടതി ചേരുക. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയത്. മറ്റൊരു 27നാണ് ശിക്ഷ പ്രഖ്യാപിക്കുന്നതും. രണ്ട് തവണയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്. 

കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ അടക്കം 10 പ്രതികൾ കുറ്റക്കാരെന്നു വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ 9 വകുപ്പുകൾ അനുസരിച്ചുള്ള കുറ്റം നിലനിൽക്കും.  ഈ വകുപ്പുകൾ അനുസരിച്ച് ഏതു ശിക്ഷ നൽകണമെന്നതിനെക്കുറിച്ചാണ് ഇന്നത്തെ വാദം.  കൊലക്കുറ്റം (302), തട്ടിക്കൊണ്ടു പോകൽ (364 എ) എന്നീ രണ്ടു വകുപ്പുകൾ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ദുരഭിമാനക്കൊലയെന്നു വിധിച്ചതോടെ കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കുകയും ചെയ്യാം. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷം  ശിക്ഷ സംബന്ധിച്ചു പ്രതികളുടെ അഭിപ്രായം ആരായും. നീനുവിന്റെ പിതാവ് ചാക്കോ ജോൺ അടക്കം 4 പേരെ വിട്ടയച്ചിരുന്നു. വിധിപ്പകർപ്പ് ലഭിച്ച ശേഷമേ ഇവരെ വിട്ടയച്ചതിനെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കൂ എന്നു പ്രോസിക്യൂഷൻ അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...