മെട്രോക്കാർ 'ഇറക്കിവിട്ട' ട്രാൻസ്ജെൻഡേഴ്സ്; ആ 'പൊളപ്പന്‍' പ്രഖ്യാപനത്തിൽ സംഭവിച്ചത്

choonduviral-kochi-metro
SHARE

ഇതൊരു വഞ്ചനയുടെ കഥയാണ്. കഥയല്ല, തീപ്പൊളളലേറ്റ അനുഭവങ്ങളാണ്. വഞ്ചിച്ചത് അറിഞ്ഞോ, അറിയാതെയോ എന്ന് ഈ പരിപാടി കാണുന്ന ആണും, പെണ്ണും, ട്രാന്‍സ്പേഴ്സണും ചേര്‍ന്ന് തീരുമാനിക്കട്ടെ. ഒരു കാര്യം കൂടി പറഞ്ഞുപോകാം. ജോലിക്കെടുത്ത 43 പേരില്‍ ഏഴ് പേര്‍ മാത്രമാണിന്ന് കൊച്ചി മെട്രോയിലവശേഷിക്കുന്നത്. എണ്‍പത്തിനാല് ശതമാനം പേര്‍ക്കും ജോലിയുപേക്ഷിക്കേണ്ടി വന്നു.

കൊച്ചിയുടെ ഗതാഗതത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളേക്കാളേറെ സന്തോഷിപ്പിച്ചത് ആ പ്രഖ്യാപനമായിരുന്നു. ട്രാന്‍സ്ജന്‍ഡേഴ്സിന് മെട്രോയില്‍ ജോലി കൊടുക്കുന്നുവെന്നത്. അതൊരു പൊളപ്പന്‍ പ്രഖ്യാപനമായിരുന്നു. ലോകത്തെയാകെ കൊച്ചി മെട്രോയിലേക്ക് അടുപ്പിച്ച ഒരു പ്രഖ്യാപനമായിരുന്നു അത്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനാകട്ടെ അതൊരു വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷകള്‍ എങ്ങനെ പൊലിഞ്ഞുപോയെന്നാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായ അഞ്ച് പേരെയും ഇപ്പോഴും തുടരുന്ന ഒരാളെയുമാണ് ഞങ്ങള്‍ കണ്ടത്.

ബി ബി സിയും ടെലഗ്രാഫുമടക്കമുളള രാജ്യാന്തര മാധ്യമങ്ങളില്‍ കൊച്ചി മെട്രോ നിറഞ്ഞു. നൂറുകോടി രൂപ മുടക്കിയാല്‍ കിട്ടാത്തത്ര വലിയ പബ്ലിസിറ്റിയാണ് ട്രാന്‍സ്ജന്‍ഡേഴ്സിലൂടെ മെട്രോയും നടത്തിപ്പുകാരായ കെ.എം.ആര്‍.എല്ലും നേടിയത്. ദീര്‍ഘിപ്പിക്കുന്നില്ല. പരിശീലനത്തിന് ശേഷം, രണ്ട് ബാച്ചുകളിലായി 43 പേരെ മെട്രോ ജോലിക്കെടുത്തു. എടുത്തോ, ഇല്ല തന്നെ. 

ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന നിരവധി ജീവനക്കാരുണ്ട് മെട്രോയ്ക്ക് സ്വന്തമായി. അവര്‍ക്കൊപ്പമൊന്നും ട്രാന്‍സ്ജന്‍ഡേഴ്സിന് ജോലി കൊടുക്കാനുളള മഹാമനസ്കത കൊച്ചി മെട്രോ കാട്ടിയില്ല. ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍, പതിനായിരത്തില്‍ താഴെ മാത്രം രൂപക്ക് കുടുംബശ്രീയുമായുളള ധാരണപ്രകാരം മറ്റൊരു ഏജന്‍സിക്ക് കീഴിലായിരുന്നു ട്രാന്‍സ്ജന്‍ഡേഴ്സിന് നിയമനം. ഇനിയങ്ങോട്ട്, കൊച്ചി മെട്രോ ജോലിക്കെടുത്ത ട്രാന്‍സ്ജന്‍ഡേഴ്സെന്ന് പറയരുത്. അതൊരു വ്യാജമായ അവകാശവാദമാണ്.

മിക്കവാറും പേരെ നിയോഗിച്ചത് ഹൗസ് കീപ്പിങ്ങില്‍. വളരെ ചുരുക്കം പേരെ ടിക്കറ്റ് കൗണ്ടറുകളില്‍. ഹൗസ് കീപ്പിങ് അത്ര മോശം ജോലിയെന്നല്ല, എങ്കിലും, ട്രാന്‍സ്ജെന്‍ഡേഴ്സിന് ഞങ്ങളിതാ മഹത്തായ മാതൃക സൃഷ്ടിക്കുന്നുവെന്ന് ഉച്ചഭാഷിണി കെട്ടി വിളിച്ചുപറയുമ്പോള്‍, തീരുമാനമെടുക്കാന്‍ കഴിയുന്ന, പോട്ടെ, ഹയരാര്‍ക്കിയുടെ മധ്യശ്രേണിയിലെങ്കിലുമുളള ജോലിയായിരുന്നു അവര്‍ക്ക് നല്‍കേണ്ടിയിരുന്നത് എന്ന കാര്യത്തില്‍ സംശയമേയില്ല.

തൊഴിലില്ലാതെ, തെരുവിലും അല്ലാതെയും ജീവിച്ചവരല്ലേ, അവര്‍ക്കെന്ത് കിട്ടിയാലെന്താ എന്ന ചോദ്യമൊന്നും ചോദിക്കരുതേ. അവര്‍ക്കുളള വിശദമായ മറുപടിക്ക് ഈ പരിപാടിയുടെ സമയമൊന്നും പോരാതെ വരും. അവരെവിടെ താമസിക്കും, എന്ത് കഴിക്കും, എങ്ങനെ യാത്ര ചെയ്യുമെന്നൊക്കെ ചോദിക്കാനും വേണ്ട സൗകര്യം ചെയ്തുകൊടുക്കാനുമുളള ഉത്തരവാദിത്വം ആര്‍ക്കാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിനെ ജോലിക്കെടുത്തു എന്ന പ്രഖ്യാപനത്തിലൂടെ ലോകമെങ്ങും നിന്ന് ഗുഡ്്വില്‍ വാരിക്കൂട്ടിയ കൊച്ചി മെട്രോയ്ക്കും കെ എം ആര്‍ എല്ലിനും തന്നെയായിരുന്നു, സംശയമില്ല.

ട്രാന്‍സ്ജന്‍ഡേഴ്സിന് ഒരു മാസവും മൂന്ന് മാസവുമൊക്കെ പരിശീലനം നല്‍കിയ ശേഷമാണ് ജോലികള്‍ക്ക് നിയോഗിച്ചത്. പരിശീലനം വാസ്തവത്തില്‍ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കൊമൊക്കെ കൂടി വേണ്ടിയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. സാമാന്യവത്കരിക്കുകയല്ല, എല്ലാവരും മോശമായി പെരുമാറിയെന്നല്ല, ചിലരെങ്കിലും മോശമായി പെരുമാറിയെന്നത് യാഥാര്‍ഥ്യമാണ്. അത്തരം സംഭവങ്ങള്‍ അഡ്രസ് ചെയ്യാന്‍ മാനേജ്മെന്റ് ശ്രമിച്ചതേയില്ല എന്ന് വേണം മനസിലാക്കാന്‍. 

വിവേചനം എല്ലാം ഒരേപോലെയായിരുന്നില്ല. ചിലപ്പോള്‍ അത് നിഗൂഢമായിരുന്നു. ചിലപ്പോളത് പ്രത്യക്ഷമായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയുടെ സങ്കീര്‍ണമായ ഘട്ടങ്ങളില്‍ കൂടി കടന്ന് പോകുന്നവരുള്‍പെടെ നോക്കാലും വാക്കാലും മുറിവേല്‍പിക്കപ്പെട്ടു. 

മനുഷ്യവിരുദ്ധമെന്ന് തന്നെ പറയാവുന്ന നടപടികളും നേരിടേണ്ടി വന്നു വലിയ പ്രതീക്ഷയോടെ കൊച്ചി മെട്രോ സ്റ്റേഷനുകളിലേക്ക് ഓടിക്കയറിച്ചെന്ന ട്രാന്‍സ്ജന്‍ഡേഴ്സിന്. ഏത് ടോയിലെറ്റ് ഇവര്‍ക്കനുവദിക്കണമെന്നത് പോലും അധികാരികള്‍ക്ക് ഉറക്കം കെടുത്തുന്ന പ്രശ്നങ്ങളായി.

അങ്ങനെ ട്രാന്‍സ്ജന്‍ഡേഴ്സിന് ഡിസേബിള്‍ഡിനുളള, ഭിന്നശേഷിക്കാര്‍ക്കുളള വാഷ് റൂം അനുവദിക്കപ്പെട്ടു. ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, പൂര്‍ണായും പെണ്ണായി മാറിയവര്‍ക്ക് മുന്നിലും തുറന്നത് അതേ വാഷ് റൂം. അതെപ്പോഴും തുറന്ന് കിടക്കുകയായിരുന്നില്ല. താക്കോല്‍ സ്റ്റേഷന്‍ കണ്ട്രോളറോ, ടീം ലീഡറോ സൂക്ഷിച്ചു. ടോയ്്ലെറ്റുപയോഗിക്കേണ്ട ഓരോ തവണയും അവര്‍ പലപ്പോഴും തെറ്റുകാരായി. ചിലരാകട്ടെ, മൂത്രമൊഴിക്കാതെ കാലുകളിറുക്കിപ്പിടിച്ചുപിടിച്ചു മടുത്ത്, കൊച്ചി മെട്രോയെന്ന വാഗ്ദത്തഭൂമിയില്‍ നിന്നും ഇറങ്ങിയോടി.

ജോലിയിലിപ്പോഴും തുടരുന്ന രാഗരഞ്ജിനി കൊച്ചി മെട്രോയിലെ ജീവിതം സുന്ദരമെന്ന് പറയുമെന്ന് ഞങ്ങള്‍ കരുതി. ജോലി അവര്‍ക്കനിവാര്യമാണ്. ഞങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ അതില്ലാതാക്കരുതെന്ന് മെട്രോ അധികൃതരോട് ഒരഭ്യര്‍ഥനയുണ്ട്. വിവേചനമുണ്ടെന്ന കാര്യത്തില്‍ രാഗരഞ്ജിനിക്കും തര്‍ക്കമില്ല. പലപ്പോഴും പലതരത്തിലാണത് പ്രവര്‍ത്തിക്കുന്നതെന്ന് മാത്രം.

പലരും, പല സാഹചര്യങ്ങളിലാണ് കൊച്ചി മെട്രോയില്‍ നിന്ന് ഒഴിവായത്. രക്ഷപ്പെട്ടതെന്ന് വേണമെങ്കില്‍ പറയാം. ചിലര്‍ക്ക് ഒരാഴ്ചപോലും തികക്കാനായില്ല. ചിലരാവട്ടെ ആറ് മാസത്തോളം കടിച്ചുപിടിച്ചു നിന്നു. മെട്രോ വിട്ട് മോഡലിങ്ങിലേക്കും സിനിമാഭിനയത്തിലേക്കുമൊക്കെ തിരിഞ്ഞവരുണ്ട്. ചിലര്‍ വല്ലാതെ കഷ്ടപ്പെട്ടു. 

ചില കാര്യങ്ങളൊന്നും ഒരു പരസ്യചര്‍ച്ചക്ക് വിഷയമാക്കരുതെന്ന് നല്ല ബോധ്യമുളളത് കൊണ്ട് പറയാത്തതാണ്. എങ്കിലും ഒരു മറുപടി വേണം. ട്രാന്‍സ്ജന്‍ഡേഴ്സിന് മുഖ്യധാരയോട് ചേരാനാവാത്തതാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്ന അടക്കംപറച്ചിലിനോട്. അവരുടെ ജീവിതശൈലിയാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്ന പരിഹാസത്തോട്. സെക്സ് വര്‍ക്കിലേക്ക് തിരികെപോകാനുളള ത്വരയാണ് ചിലരുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്ന ചിലരുടെയെങ്കിലും ധാരണകള്‍ക്കും മറുപടി വേണം. അവര്‍ തന്നെ പറയും നല്ലൊന്നാന്തരം മറുപടി.

ചിലര്‍ പറഞ്ഞിട്ടാണ് പോയത്. ചിലര്‍ പറയാതെയും. രണ്ട് കൂട്ടരോടും എന്ത് ബുദ്ധിമുട്ടാണെന്ന ആത്മാര്‍ഥമായൊരു ചോദ്യം പോലുമുണ്ടായില്ല. സ്വന്തമായൊരു പോളിസിയൊക്കെയുണ്ടെങ്കിലും ആരാണ് ട്രാന്‍സ്ജെന്‍ഡേഴ്സെന്ന് പോലുമറിയാത്ത ഒരു സ്കൂളിലാണ് കേരളത്തിന്റെ വിദ്യാഭ്യാസം. ആ സ്കൂളിങ്ങിനൊരു തിരുത്താവും കൊച്ചി മെട്രോയെന്നാണ് കരുതിയത്. അങ്ങനെ തിരുത്താകാന്‍ കൊച്ചി മെട്രോക്ക് കഴിഞ്ഞോയെന്ന് ഞങ്ങളെല്ലാവരോടും ചോദിച്ചു. കണിശവും മൂര്‍ച്ചയുളളതുമായിരുന്നു മറുപടി.

തിരുത്താനത്രയെളുപ്പമല്ല. ഉയര്‍ന്ന തസ്തികകളിലേക്ക് ട്രാന്‍സ് ഐഡന്റിറ്റിയുളളവരെ നിയോഗിക്കണം. അവരെ പുറംകരാറുകാരായല്ല, ജീവനക്കാരായി ജോലിക്കെടുക്കണം. അവിടെ ജോലി ചെയ്യുന്ന എല്ലാ ആണുങ്ങളെയും പെണ്ണുങ്ങളെയും പോലെ വന്ന് പോകാനുളള സൗകര്യം വേണം. സവിശേഷമായ പ്രശ്നങ്ങള്‍ക്ക് സവിശേഷമായ പരിഹാരവും വേണം. അങ്ങനെയുണ്ടാവുന്നില്ലെങ്കില്‍ ട്രാന്‍സ്ജന്‍ഡേഴ്സിന് ജോലിക്കെടുത്ത് ഞങ്ങളിതാ വഴികാട്ടുന്നു എന്ന 

മെട്രോയുടെ പ്രഖ്യാപനം വെറും നുണയായിരുന്നുവെന്ന് പറയേണ്ടിവരും. നിങ്ങളുടെ പരസ്യപ്പലകയിലെ നിശ്ചലചിത്രങ്ങളായി നിങ്ങളവരെ ഉപയോഗിക്കുകയായിരുന്നുവെന്ന് കരുതേണ്ടി വരും.

Loading...
Loading...