ഭീഷണിയായി ക്രഷര്‍ യൂണിറ്റ്: ജനരോഷം ശക്തം

new
SHARE

തൃശൂര്‍ കനകമല, കോടശേരി കുന്നുകളുടെ താഴ്്വാരത്തുള്ള കുഞ്ഞാലിപ്പാറ ക്രഷര്‍ യൂണിറ്റിനെതിരെ ജനരോഷം ശക്തം. ഉരുള്‍പൊട്ടിയാല്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ മണ്ണിനടിയിലാകുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. അതേസമയം, നിയമപരമായ എല്ലാ അനുമതികളോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ക്രഷര്‍ യൂണിറ്റ് അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കുഞ്ഞാലിപ്പാറയില്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ പലതവണ സമരങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. പക്ഷേ, വീണ്ടും ജനങ്ങള്‍ സമരവുമായി വരാന്‍ കാരണം പുത്തുമല, കവളപ്പാറ ദുരന്തങ്ങളാണ്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ കാരണം വീടുകള്‍ക്ക് വിള്ളലുണ്ടായി. പാറപ്പൊടി കലര്‍ന്ന് മണ്ണിന്‍റെ ഫലഭൂയിഷ്ടത നഷ്ടമായെന്ന് കര്‍ഷകര്‍ പറയുന്നു. വേനലില്‍ ജലക്ഷാമത്തിനും ഇടയാക്കി. ഇതിനെല്ലാം പുറമെയാണ്, ഉരുള്‍പൊട്ടല്‍ ഭീഷണി. കനത്ത മഴ പെയ്യുമ്പോള്‍ ഈ നാട്ടുകാര്‍ കഴിയുന്നത് ഭീതിയോടെയാണ്. മറ്റത്തൂര്‍ പഞ്ചായത്തിനു കീഴിലെ നാലു വാര്‍ഡുകളില്‍പ്പെട്ട ജനങ്ങളാണ് ആധിയോടെ കഴിയുന്നത്.

ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതികള്‍ നല്‍കി. എന്നിട്ടും, ആരും നടപടിയെടുത്തില്ല. ക്രഷര്‍ യൂണിറ്റ് അടച്ചുപൂട്ടുന്നതു വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, നിയമപരമായ എല്ലാ ലൈസന്‍സുകളും കൈവശമുണ്ടെന്ന് ക്രഷര്‍ യൂണിറ്റ് അധികൃതര്‍ പറഞ്ഞു. സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സന്നദ്ധമാണെന്നും ക്രഷര്‍ യൂണിറ്റ് അധികൃതര്‍ പറഞ്ഞു.

ക്രഷര്‍ യൂണിറ്റിലേയ്ക്കുള്ള വാഹനങ്ങള്‍ തടഞ്ഞതോടെ കൊടകര പൊലീസ് സ്ഥലത്ത് എത്തി സമരക്കാരെ പിന്തിരിപ്പിച്ചു. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...