‘തുഷാറിനായി ബിജെപിക്കാർ വാ തുറന്നത് പിണറായി മിണ്ടിയ ശേഷം’; വാഴ്ത്തി കുറിപ്പ്

sndp-thushar
SHARE

ചെക്ക് കേസില്‍ ദുബായില്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് കാരണക്കാരായ പ്രമുഖ വ്യവസായി എംഎ യൂസഫലിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ച് എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് നേതാവ് കിരണ്‍ ചന്ദ്രന്‍. തെറ്റും ശരിയും ചികഞ്ഞ് കേരളത്തിലെ ബിജെപി നേതൃത്വം സമയം പാഴാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി മോചനം ആവശ്യപ്പെട്ടത് ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് കിരണ്‍ ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എം.എ യൂസഫലിയുടെ ആത്മാര്‍ത്ഥ ഇടപെടലും സഹായവും എസ്.എന്‍.ഡി.പി യോഗത്തിന് വിലമതിക്കാനാകാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയം നോക്കാതെയുള്ള ആത്മാര്‍ത്ഥ ഇടപെടല്‍ മാതൃകാപരമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കിരൺ ചന്ദ്രന്റെ കുറിപ്പ് :

എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്‍റും,ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷനുമായ ശ്രീ തുഷാര്‍ വെള്ളാപ്പള്ളിയെ വ്യാജചെക്ക്കേസില്‍ പെടുത്തി വിദേശത്ത് ജയിലിലാക്കിയപ്പോള്‍ പ്രമുഖ വ്യവസായി ശ്രീ എം.എ യൂസഫലിയുടെ ആത്മാര്‍ത്ഥ ഇടപെടലും സഹായവും എസ്.എന്‍.ഡി.പി യോഗത്തിന് വിലമതിക്കാനാകാത്തതാണ്.മണിക്കൂറുകള്‍ക്കുള്ളില്‍ തുഷാര്‍ജിയെ മോചിപ്പിച്ചത് അദ്ദേഹത്തിന്‍റെ അജ്മാന്‍ സുല്‍ത്താനുമായുള്ള നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു.നിയമ സഹായത്തിന് അദ്ദേഹത്തിന്‍റെ തന്നെ നിയമവിദഗ്ദ്ധരുടെ നിറ സാന്നിദ്ധ്യവും.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നേരിട്ട് കാര്യങ്ങള്‍ പഠിക്കുകയും നിജസ്ഥിതി ബോധ്യപ്പെട്ട് ശക്തമായി ഇടപെടുകയും ചെയ്തു.ആ ഇടപെടലിന്‍റെ കൂടി അടിസ്ഥാനത്തില്‍ തന്നെയായിരുന്നു തുഷാര്‍ജിയുടെ മോചനം.ബഹുമാന്യനായ കേരളത്തിന്‍റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ രാഷ്ട്രീയം നോക്കാതെയുള്ള ആത്മാര്‍ത്ഥ ഇടപെടല്‍ മാതൃകാപരമാണെന്ന് പറയാതെ വയ്യ.ആശയപരമായും രാഷ്ട്രീയപരമായും ഏറെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എനിക്ക് പിണറായിയോട് സ്നേഹം തോന്നിയ രണ്ടാമത്തെ അനുഭവമാണിത്(ഒന്നാമത്തേത് ദേവസ്വംബോര്‍ഡില്‍ അബ്രാഹ്മണര്‍ക്ക് കൂടി ശാന്തി നിയമനം നല്‍കാനുള്ള തീരുമാനം).അദ്ദേഹത്തിന്‍റെ ഇടപെടല്‍ പ്രമുഖ വ്യവസായിയും തികഞ്ഞ ശ്രീനാരായണ ഭക്തനുമായ ശ്രീ എം.എ യൂസഫലിയുടെ നേരിട്ടുള്ള പരിശ്രമങ്ങള്‍ക്ക് കരുത്തു പകര്‍ന്നു എന്നതില്‍ യാതൊരു സംശയവുമില്ല.

തെറ്റും ശരിയും ചികഞ്ഞ് കേരളത്തിലെ ബി.ജെ.പി നേതൃത്വം പോലും സമയം പാഴാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി മോചനം ആവശ്യപ്പെട്ടത് ശരിക്കും അത്ഭുതപ്പെടുത്തി.അതിലവര്‍ രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചിട്ടാണെങ്കിലും തെറ്റ് കാണുന്നില്ല.പക്ഷെ എന്‍.ഡി.എ സംസ്ഥാന കണ്‍വീനറായിരുന്നിട്ടും തുഷാര്‍ജിയുടെ മോചനത്തിനായി ബി.ജെ.പി നേതാക്കള്‍ക്ക് വായ അനക്കാന്‍ പിണറായിയുടെ പ്രസ്ഥാവന വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ഒരു എന്‍.ഡി.എ പ്രവര്‍ത്തകനെന്നുള്ള നിലയില്‍ എന്നെ ശരിക്കും വേദനിപ്പിച്ചു.തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം.ഈ വിഷയത്തിലെ ഗൂഢാലോചനക്കാര്‍ ആരൊക്കെയെന്നതില്‍ ഏകദേശ ധാരണ ഞങ്ങള്‍ക്കുണ്ട്.അത് വഴിയേ ബോധ്യപ്പെടുകയും ചെയ്യും.പക്ഷെ ഗൂഢാലോചനയിലൂടെ രാഷ്ട്രീയ വനവാസം വിധിക്കാനുള്ള കുത്സിതശ്രമങ്ങള്‍(അത് എതിരാളികളില്‍ നിന്നായാലും സ്വന്തം തട്ടകത്തില്‍ നിന്നായാലും) രാഷ്ട്രീയമായി നേരിടുന്ന കാര്യത്തില്‍ ഏകാഭിപ്രായവും ശ്രമവും ഉണ്ടാകണമെന്നുള്ള വ്യക്തിപരമായ ആഗ്രഹം പങ്ക് വെയ്ക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...