തൈക്കൂടം വരെ കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ; സെപ്റ്റംബർ ആദ്യം ഉദ്ഘാടനം

metro
SHARE

കൊച്ചി മെട്രോയുടെ തൈക്കൂടംവരെയുള്ള സര്‍വീസ് സെപ്റ്റംബര്‍ ആദ്യം തുടങ്ങാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യും. അന്തിമ അനുമതിക്ക് മുന്നോടിയായി റയില്‍വേ സേഫ്റ്റി കമ്മിഷണറുടെ പരിശോധന ഈ മാസം അവസാനം നടക്കും. 

നിലവില്‍ ആലുവ മുതല്‍ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഷന്‍വരെയാണ് മെട്രോ സര്‍വീസ്. മഹാരാജാസില്‍നിന്ന് തൈക്കൂടത്തേക്കുള്ള അഞ്ചര കിലോമീറ്റര്‍കൂടി തുറക്കുന്നതോടെ കൊച്ചി മെട്രോ സര്‍വീസ് ഇരുപത്തിമൂന്നര കിലോമീറ്ററാകും. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം സ്റ്റേഷനുകളാണ് പുതിയ റൂട്ടിലുള്ളത്. സിവില്‍, ഇലക്ട്രിക്കല്‍ , സിഗ്നലിങ് ജോലികളെല്ലാം പൂര്‍ത്തിയായി. സ്റ്റേഷനുകളിലെ മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. തൈക്കൂടം സര്‍വീസിന് മുന്നോടിയായായുള്ള പരീക്ഷണയോട്ടം എല്ലാ ദിവസവും നടക്കുന്നുണ്ട്. പൂര്‍ണവേഗത്തിലുള്ള ട്രയല്‍ തൃപ്തികരമാണെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

ഈ മാസം അവസാനത്തോടെ നടക്കുന്ന റയില്‍വേ സേഫ്റ്റി കമ്മീഷണറുടെ പരിശോധനയ്ക്കുശേഷം സര്‍വീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. സെപ്റ്റംബര്‍ മൂന്നിന് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആര്‍.എല്‍. നോര്‍ത്ത് , സൗത്ത് റയില്‍വേ സ്റ്റേഷനുകളെയും വൈറ്റില മൊബിലിറ്റി ഹബ്ബിനെയും ബന്ധിപ്പിക്കുന്നതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഗുണമാകും. ഈ വര്‍ഷം അവസാനത്തോടെ തൃപ്പൂണിത്തുറ പേട്ടയിലേക്ക് സര്‍വീസ് എത്തിക്കുന്നതിനുള്ള പണികളും പുരോഗമിക്കുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...