'കൊല്ലാം, ഞാൻ ചെയ്തോളാം'; സാനു പിതാവിന് അയച്ച സന്ദേശം; കുടുക്കിയ തെളിവുകൾ

kevin-murder-22-08
SHARE

സാഹചര്യത്തെളിവും മൊഴികളുമാണ് കെവിൻ വധക്കേസില്‍ നിർണായകമായത്.  ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം എന്നിവയടക്കം പത്ത് പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയ കുറ്റപത്രത്തിനു മേലാണ് വിചാരണ നടന്നത്. നീനുവും കെവിന്റെ ഒപ്പമുണ്ടായിരുന്ന അനീഷും അടക്കം സാക്ഷികൾ പ്രതികൾക്കെതിരെ നിർണായക മൊഴി നൽകി. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും അടക്കം അടക്കം നിരവധി നിർണായക രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കെവിനെ മുക്കി കൊന്നതാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടും നിർണായക തെളിവായി.

കാണാതായതിന്റെ തൊട്ടടുത്ത ദിവസം അതായത് 2018 മെയ് 28ന് ചാലിയേക്കര ആറിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.പ്രതികളുടെ വാദമനുസരിച്ച് ആറിന് സമീപം വണ്ടി നിർത്തിയപ്പോൾ കെവിൻ കുതറി ഓടി പോയെന്നാണ്. എന്നാൽ ആ മൊഴി തെറ്റാണെന്ന് ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലിസ് കണ്ടെത്തി. ഏതാണ്ട് 50 അടി താഴ്ച്ചയുള്ള ഭാഗമാണിത്.

ഈ ഭാഗത്ത് കൂടി ഓടിയിരുന്നെങ്കിൽ വീണ് പരുക്കേറ്റ പാടുകളും കെവിന്റെ ദേഹത്തുണ്ടായേനെ. ഇതിൽ നിന്നല്ലാം കെട്ടിച്ചമച്ച കഥകളാണ് പ്രതികൾ പറയുന്നതെന്ന് പൊലിസിന് എളുപ്പത്തിൽ മനസ്സിലായി. ഇതാണ് 448 ദിവസത്തിനുള്ളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കി വിധി പ്രസ്താവത്തിലെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്.

നീനുവിന്റെ പിതാവ് ചാക്കോ ജോണിന് മകനും ഒന്നാം പ്രതിയുമായ സാനു ചാക്കോ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കി. 2018 മേയ് 27 ന് പുലർച്ചെ 1.23 ന് 5–ാം പ്രതി സാനു ചാക്കോ സഞ്ചരിച്ചിരുന്ന കാറും മറ്റ് പ്രതികൾ സഞ്ചരിച്ചിരുന്ന കാറും മാന്നാനം ഭാഗത്തേക്ക് പോകുന്നതും 1.33 ന് തിരികെ പോകുന്നതും സിസി ടിവിയിൽ കുടുങ്ങിയതും കുരുക്കുമുറുക്ക്. നിർണായക വിധിയിലേക്ക് വിരൽ ചൂണ്ടിയ നിർണായക മൊഴികളും തെളിവുകളും.

‘കൊല്ലാം, ഞാൻ ചെയ്തോളം, അവൻ തീർന്നു’ എന്നീ വാട്സാപ് സന്ദേശങ്ങൾ കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേന്ന് ഒന്നാം പ്രതി സാനു ചാക്കോ പിതാവ് ചാക്കോ ജോണിന് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി കോടതിയിൽ മൊഴി നൽകി.

സാനുവിന്റെ ഫോണിലെ ‘പപ്പാ കുവൈത്ത്’ എന്ന ആളുമായുള്ള വാട്സ്ആപ് ചാറ്റ് പരിശോധിച്ചു. ചാക്കോ ജോണിന്റെ ഫോൺ നമ്പറാണു പപ്പാ കുവൈറ്റ് എന്ന പേരിൽ സേവ് ചെയ്തിരുന്നത്. ഇതിലാണ് സന്ദേശങ്ങൾ ഉണ്ടായിരുന്നത്.രണ്ടാം സാക്ഷി ലിജോ ഒറ്റയ്ക്കലിനുള്ള വാട്സ്ആപ് സന്ദേശത്തിലും കെവിനെ കൊല്ലാമെന്നു സാനു ചാക്കോ പറയുന്നുണ്ട്. ‘കെവിന്റെ പ്രൊഫൈൽ ചെക്കു ചെയ്തു’ എന്ന സന്ദേശം ലിജോ സാനുവിനും അയച്ചു.

മറുപടിയായി ‘അവൻ തീർന്നു, ഡോണ്ട് വറി’ എന്ന് സാനു ലിജോയ്ക്കു മറുപടി നൽകിയതായും കണ്ടെത്തി. കെവിനെ കൊല്ലാൻ പ്രതികൾ തീരുമാനിച്ചിരുന്നുവെന്നു വ്യക്തമാക്കാനാണ് വാട്സാപ് സന്ദേശങ്ങൾ പ്രൊസിക്യൂഷൻ ഹാജരാക്കിയത്. സന്ദേശം അയച്ച ഫോണുകൾ സാനു, ചാക്കോ, ലിജോ എന്നിവരുടേതാണെന്നു സൈബർ ഫൊറൻസിക് വിദഗ്ധർ സ്ഥിരീകരിക്കുന്ന രേഖയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...