കവളപ്പാറയിലെ കണ്ണീർപ്പുഴ; അതിലൊരു തുരുത്തായി സൗമ്യ; നെഞ്ചില്‍ ഉരുള്‍പൊട്ടും നോവുകഥ

saumya-kavalappara
SHARE

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടിയൊഴുകിയ കണ്ണീർപ്പുഴയ്ക്കു നടുവിലെ തുരുത്താണ് സൗമ്യ. നഷ്ടപ്പെടാന്‍ ഇനിയൊന്നും ബാക്കിയില്ലെങ്കിലും കൊടുങ്കാറ്റിലും ഉലഞ്ഞുപോകാത്ത മനസ്സുമായി സൗമ്യ സംസാരിക്കുമ്പോൾ കേൾവിക്കാരുടെ കണ്ണുകളിലാണ് ഉറവ പൊട്ടുന്നത്. 

28 വയസ്സേയുള്ളൂ സൗമ്യയ്ക്ക്. കവളപ്പാറ ഭൂദാനം കോളനിയിലെ വാളലത്ത് വിജേഷിന്റെ ഭാര്യ. ഉരുൾ, മണ്ണുമായി വന്നുമൂടിയത് സൗമ്യയുടെ ഭർത്താവ് വിജേഷിനെയും എട്ടു വയസ്സു മാത്രമുള്ള മകൾ വിഷ്ണുപ്രിയയെയും മാത്രമല്ല. ആ കുടുംബത്തെ തന്നെ വേരോടെ പിഴുതെടുത്തു. വിജേഷിന്റെ അമ്മ കല്യാണിയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും ഇന്നു സൗമ്യയ്ക്ക് ഓർമയിലെ ചിത്രങ്ങളാണ്. കല്യാണിയുടെ അമ്മ ചക്കിയും അന്നു വീട്ടിലുണ്ടായിരുന്നു.  

അരിവാൾ രോഗമുള്ള മകൻ വിനയചന്ദ്രനാണ് ദുരന്തമുണ്ടായ എട്ടിന് സൗമ്യയെ കവളപ്പാറയിൽനിന്നു മാറ്റിനിർത്തിയത്. 4 ദിവസം മുൻപ് വിനയനെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 12 വയസ്സാണ് വിനയചന്ദ്രന്. 10 മാസമുള്ളപ്പോൾ തുടങ്ങിയ അസുഖം അവനെ അമ്മയ്ക്കു കൂട്ടായി ബാക്കിയാക്കി. 

അച്ഛനെയും കുഞ്ഞനുജത്തിയെയും ഇനി കാണാനാവില്ലെന്നു വിനയനറിയില്ല. അവനിപ്പോഴും ആശുപത്രിയിലാണ്. ഇടയ്ക്ക് ഒരു തവണ ക്യാംപിൽ പോയപ്പോൾ കൂട്ടുകാർ ചിലതു പറഞ്ഞു. സൗമ്യയാണ് ഒന്നുമില്ലെന്നു പറഞ്ഞ് മകനെ ആശ്വസിപ്പിച്ചത്. എങ്കിലും ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് ഇടയ്ക്ക് വിനയൻ കരയും, ‘എനിക്ക് അച്ഛനെ കാണണം..’

അമ്മ കല്യാണിയുടെ വീടിനു സമീപത്തു തന്നെ വേറെ വീട്ടിലാണ് വിജീഷും സൗമ്യയും രണ്ടു മക്കളും താമസിച്ചിരുന്നത്. ഉരുൾപൊട്ടുന്ന അന്ന് 11 മണിവരെ വിജേഷ് ആശുപത്രിയിലുണ്ടായിരുന്നു. ‘മകളെ തനിച്ചാക്കണ്ടല്ലോയെന്നു പറഞ്ഞാണ് വീട്ടിലേക്കു പറഞ്ഞയച്ചത്’.

കല്യാണിയുടെ കുടുംബത്തിൽ ഇനി ബാക്കിയുള്ളത് സൗമ്യയും വിനയചന്ദ്രനും വിജേഷിന്റെ ഇളയ സഹോദരൻ സുനീഷുമാണ്. തിരുവനന്തപുരത്താണ് സുനീഷിന് ജോലി. സൗമ്യയുടെ വീട് പനങ്കയത്താണ്. അവരും ദുരിതാശ്വാസ ക്യാംപിൽ തന്നെ.

വിനയചന്ദ്രനോട് ഉടനെ വിവരം പറയരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം. ‘ദിവസം ഇത്രയും ആയില്ലേ, അവനോടു പറയണം. ഞങ്ങൾക്ക് ഇനിയും ജീവിക്കണ്ടേ. ഉരുൾപൊട്ടിയ ഇടത്തേക്ക് ഇനി പോകാനാകില്ല. എനിക്കൊരു ജോലി വേണം. സുനീഷിനു ഭാരമാകാൻ വയ്യ. അവനും വേണ്ടേ കുടുംബം’. സൗമ്യയ്ക്കു കരഞ്ഞിരിക്കാൻ കഴിയില്ല, ഈ യുവതി ജീവിക്കാനുള്ള പോരാട്ടത്തിലാണ് അതു വിജയിക്കണമെങ്കിൽ കൂടെ നിൽക്കണം കേരളം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...