മീൻപിടിത്തം കാണാൻ പോയ ഏഴംഗ കുടുംബം വെള്ളത്തിൽ വീണു; 2 മരണം

thrissur-chettupuzha-death
SHARE

തൃശൂർ ചേറ്റുപുഴ പാടത്തു മീൻപിടിത്തം കാണാൻ പോയ ഏഴംഗ കുടുംബം വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു. മനക്കൊടി കിഴക്കുപുറം കണ്ണനായ്ക്കൽ ജോർജിന്റെ മകൻ സുരേഷ് (50), ജ്യേഷ്ഠൻ വിൻസന്റിന്റെ മകൾ ആൻ റോസ് (റോസ് മോൾ–19) എന്നിവരാണു മരിച്ചത്. സുരേഷിന്റെ ഭാര്യ ജസ്‌മി, സഹോദരൻ രാജു, ഭാര്യ സിന്ധു, വിൻസന്റ്, ആൻ റോസിന്റെ സഹോദരൻ എബിൻ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. രാജുവിനും ഭാര്യ സിന്ധുവിനും സാരമായ പരുക്കുണ്ട്. 

ഇന്നലെ വൈകിട്ട് ആറരയോടെ ചേറ്റുപുഴ പാടത്തെ കള്ളുഷാപ്പിനു സമീപം മോട്ടർ ഷെഡിനരികിലാണു സംഭവം. പാടത്തെ മീൻപിടിത്തം കാണാൻ പോയതാണു സുരേഷിന്റെയും വിൽസന്റെയും രാജുവിന്റെയും കുടുംബം. മോട്ടർ ഷെഡിനരികിൽ പെട്ടിയും പറയും സ്ഥാപിച്ചതിനു സമീപത്തെ കുഴിയിലേക്ക് എബിൻ കാലുതെറ്റി വീഴുകയായിരുന്നു. എബിനെ രക്ഷിക്കാൻ കൈകോർത്തുപിടിച്ചു ശ്രമിക്കുന്നതിനിടെ ഇവർ ഒന്നിച്ചു വെള്ളക്ക‍ുഴിയിലേക്കു വീണു. നിലവിളി കേട്ട് ഓടിയെത്തിയവർ ആദ്യം എബിനെ പിടിച്ചുകയറ്റി. 

ഓരോരുത്തരെ വീതം പുറത്തെടുത്തെങ്കിലും ആൻ റോസ് വെള്ളത്തിൽ മുങ്ങിയ വിവരം ശ്രദ്ധയിൽപെട്ടില്ല.  വെള്ളത്തിനു മുകളിൽ കുളവാഴ പരന്നതിനാൽ ആരും ശ്രദ്ധിച്ചതുമില്ല. ചേച്ചിയെ കാണാനില്ലെന്ന് എബിൻ പറഞ്ഞതോടെയാണ് 20 മിനിറ്റിനു ശേഷം വീണ്ടും തിരച്ചിൽ തുടങ്ങിയത്. പുറത്തെടുക്കുമ്പോൾ ജീവന്റെ തുടിപ്പുണ്ടായിരുന്നെങ്കിലും ആൻ റോസിനെ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിടെക് വിദ്യാർഥിനിയാണ്. പത്താം ക്ലാസ് വിദ്യാർഥിയാണ് എബിൻ. പരുക്കേറ്റ മറ്റുള്ളവരെല്ലാം അപകടനില തരണം ചെയ്തു. സുരേഷിന്റെ മക്കൾ: മേഘ്ന (എറണാകുളം ലിസി ആശുപത്രി ബിഫാം വിദ്യാർഥി), ഫെമി (നഴ്സ്, റോയൽ ആശുപത്രി കുന്നംകുളം). ജെസിയാണ് ആൻ റോസിന്റെ അമ്മ. സഹോദരി: സ്റ്റെഫി

ഇതിനു പുറമേ ജില്ലയിൽ ഇന്നലെ രണ്ടുപേർ കൂടി മഴക്കെടുതി മൂലം മരിച്ചു. വാഹനാപകടത്തിൽ കാനയിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയും  വയോധികൻ ദുരിതാശ്വാസ ക്യാംപിൽ കുഴഞ്ഞുവീണും മരിച്ചു. നടത്തറ അന്തിക്കാടൻ സാബുവിന്റെ ഭാര്യ ജോളി (46) ആണു വാഹനാപകടത്തിൽ മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ഓട്ടോ–ടാക്സി ജോളിയുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ജോളി സമീപത്തെ കാനയിലെ വെള്ളക്കെട്ടിലേക്കു വീണു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിൽ ഇടിഞ്ഞു ജോളിയുടെ ദേഹത്തേക്കു വീഴുകയും ഓട്ടോയും സ്കൂട്ടറും അതിനു മേലേക്കു പതിക്കുകയും ചെയ്തു. അപകടം നടന്നയുടൻ ഡ്രൈവർ കടന്നുകളഞ്ഞു. സ്കൂട്ടർ ഓടിച്ചയാളെ കണ്ടെത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ആദ്യം ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീടാണ് ഓടയിൽ വാഹനങ്ങൾക്കും മതിലിനും താഴെ ജോളിയെ കണ്ടെത്തിയത്. 

പഴുവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം എലുവത്തിങ്കൽ കൊച്ചാപ്പുട്ടി (95) ആണ് ദുരിതാശ്വാസ ക്യാംപിൽ മരിച്ചത്. കുറുമ്പിലാവ് എഎൽപി സ്കൂളിലെ ക്യാംപിലാണ് സംഭവം. മൂന്ന‍ുദിവസമായി കൊച്ചാപ്പുട്ടി ക്യാംപിലായിരുന്നു. ഇതോടെ ജില്ലയിൽ കാലവർഷം മൂലം മരിച്ചവരുടെ എണ്ണം ഒൻപതായി.

MORE IN KERALA
SHOW MORE
Loading...
Loading...