എബിൻ പറഞ്ഞു, ‘ചേച്ചി കൂടിയുണ്ട് ’; പക്ഷേ...

thrissur-death
SHARE

തൃശൂർ: വെള്ളക്കെട്ടിൽ വീണ കുടുംബാംഗങ്ങളെ ഓരോരുത്തരെയായി പൊക്കിയെടുത്ത് റോഡിലേക്ക് എത്തിക്കുമ്പോഴും എബിൻ കണ്ണുകൊണ്ടു പരതിയത് ചേച്ചിയെയാണ്. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന ധാരണയിൽ നാട്ടുകാർ തിരച്ചിൽ നിർത്തി റോഡിലേക്കു നടന്നെത്തുമ്പോൾ എബിൻ നെഞ്ചുപൊട്ടി പറഞ്ഞു, ‘ചേച്ചി കൂടിയുണ്ട്..’ വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും ആൻറോസിന്റെ പ്രാണൻ രക്ഷിക്കാനായില്ല.  മീൻപിടിത്തം കാണാനെത്തിയ ഏഴംഗ കുടുംബത്തിൽ ആദ്യം കാലുതെറ്റി വെള്ളത്തിൽ വീണത് എബിനാണ്.

കുളവാഴ നിറഞ്ഞുകിടന്നതു കാരണം നീന്തൽശ്രമം അസാധ്യമായി. അച്ഛന്റെ സഹോദരൻ സുരേഷ് ആണ് എബിനെ പിടിച്ചുകയറ്റാൻ ആദ്യം ശ്രമിച്ചത്. സുരേഷും നിലതെറ്റി വെള്ളത്തിലേക്കു വീണു. ഇവരെ പിടിച്ചുകയറ്റാൻ കുടുംബാംഗങ്ങളെല്ലാവരും കൈകോർത്തുപിടിച്ചു ശ്രമിക്കുന്നതിനിടെയാണ് കാൽവഴുതി എല്ലാവരും കൂടി വെള്ളത്തിലേക്കു വീണത്. എബിൻ ഒരുവിധം അരികിൽ പിടിച്ചുകിടന്നു. നിലവിളി കേട്ടെത്തിയവരെ എബിനെയാണ് ആദ്യം കരയ്ക്കുകയറ്റിയത്.

പിന്നാലെ ഓരോരുത്തരെ വീതം പുറത്തെടുത്തു. ഇതിനകം അഗ്നിരക്ഷാ സേനയും എത്തിയിരുന്നു. എല്ലാവരെയും രക്ഷിച്ചെന്ന ധാരണയിൽ തിരച്ചിൽ അവസാനിപ്പിക്കുമ്പോഴാണ് ആൻറോസിനെ രക്ഷിച്ചിട്ടില്ലെന്ന് എബിൻ തിരിച്ചറിയുന്നത്. ഉടൻ തന്നെ വിവരം ശ്രദ്ധയിൽപ്പെടുത്തി. അഗ്നിരക്ഷാസേനയിലെ സ്കൂബ ഡൈവർ ജോൺ ബ്രിട്ടോ ഇറങ്ങിയാണ് ആൻറോസിനെ പുറത്തെടുത്തത്. വാഹനത്തിൽ കയറ്റുന്നതുവരെ ആൻറോസിനു ജീവൻ നഷ്ടപ്പെട്ടിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. 

ഓർമകളിൽ വിറങ്ങലിച്ച്, എന്നിട്ടും ഓർത്തെടുത്ത്

‘എന്റെ കാലു തെന്നിയില്ലായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ’അത്യാഹിത വിഭാഗത്തിൽനിന്നും പുറത്തുവന്ന എബിൻ പറഞ്ഞു. ചേറ്റുപുഴ അപകടത്തിൽ ആദ്യം വെള്ളത്തിൽ വീണത് എബിനായിരുന്നു. ജൂബിലി മെഡിക്കൽ കോളജിൽ മരിച്ച സഹോദരി ആൻ റോസിനെ ക്കണ്ടു പുറത്തു ബന്ധുക്കളുടെ അടുത്തെത്തിയതായിരുന്നു എബിൻ. സഹോദരിക്കൊപ്പമാണു എബിനെയും ആശുപത്രിയിലെത്തിച്ചത്. വീണ ഉടനെ സുരേഷാണു ചാടിയതെന്നു എബിൻ പറഞ്ഞു. സുരേഷ് തന്റെ കൈ പിടിച്ചത് എബിന് ഓർമയുണ്ട്. ഉടൻ ആരോ വീഴുന്നതുപോലെ തോന്നി.

അപ്പോഴേക്കും താൻ ദൂരെ എത്തിയിരുന്നതായി എബിൻ പറഞ്ഞു. താൻ നീന്തിയാണോ കരക്കെത്തിയതെന്നുപോലും എബിനറിയില്ല. ഓടിയെത്തിയവർ കൈ പിടിച്ചു കയറ്റുകയായിരുന്നു. ചേച്ചി വെള്ളത്തിൽപോയെന്ന കാര്യം നാട്ടുകാരോട് ആദ്യം പറഞ്ഞതും എബിനാണ്.  ആശുപത്രി വരാന്തയിൽ നിൽക്കുമ്പോഴും അഛന്റെ സഹോദരനും ചേച്ചിയും മരിച്ചതു എബിനു പൂർണമായും ഉൾക്കൊള്ളാനായിരുന്നില്ല. ഓടിയെത്തിയ ബന്ധുക്കളുടെ ചോദ്യത്തിനു എബിൻ കൃത്യമായി മറുപടി പറഞ്ഞുകൊണ്ടിരുന്നു. എല്ലാം ദൈവത്തിൽ അർപ്പിക്കാൻ പറഞ്ഞവരോടു എബിൻ പറഞ്ഞു, ‘‘അർപ്പിക്കാം’’.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...