കോട്ടയത്ത് എല്ലാ വർഷവും പ്രളയം വരുമോ? പോംവഴിയെന്ത്? ആലോചിക്കാൻ നേരമായി

506066176
SHARE

കോട്ടയം: പ്രളയം ഓരോ വർഷവും കോട്ടയത്തേക്കു ക്ഷണിക്കാതെ വരുന്ന അതിഥിയാവുകയാണോ ?

കാലാവസ്‌ഥാ മാറ്റത്തിന്റെ ഫലമായ പ്രളയക്കെണിയിൽപ്പെടാതെ എങ്ങനെ നിൽക്കാമെന്ന അന്വേഷണത്തിനു സമയമായി. വലിയൊരു ജലനഗരമാണു കോട്ടയം. ശരിക്കും തണ്ണീർത്തടം. വള്ളംകളികളുടെയും വെള്ളത്തിന്റെയും നാട്. ആധുനിക വികസനത്തിലേക്കു  വഴിവെട്ടുമ്പോൾ  കോട്ടയം ഈ  ജലപാഠം മറക്കരുതെന്നു സാക്ഷ്യപ്പെടുത്തിയാണ്  രണ്ടാം പ്രളയത്തിന്റെ വരവ്. കോട്ടയത്തെ പ്രളയത്തിനു ഇവയാണ് കാരണങ്ങൾ: കനത്ത മഴ,  ഭൂവിനിയോഗ രീതിയിലെ മാറ്റം, അശാസ്‌ത്രീയ വികസനം.

അതിതീവ്രമഴ പതിവായാൽ

കേരളത്തിൽ എട്ടാം തീയതി മുതൽ പെയ്‌തത് പതിവു മഴയല്ല, പേമാരിയാണ്.  24 മണിക്കൂറിൽ 20–30  സെന്റീമീറ്റർ വരെ.  അതിതീവ്രമഴ പെയ്‌താൽ മിക്ക സ്‌ഥലങ്ങളും മുങ്ങും. കാഞ്ഞിരപ്പള്ളിക്കും കോട്ടയത്തിനും പുറമേ മീനച്ചിൽ താലൂക്കിൽ കൂടി മഴമാപിനി സ്‌ഥാപിച്ചാലേ ഭാവിയിൽ കോട്ടയം–പാലാ  നഗരങ്ങൾക്കു പ്രളയ മുന്നറിയിപ്പു നൽകാനാവൂ. കാരണം വാഗമൺ– പീരുമേട് കുന്നുകളിലെ മഴയും കോട്ടയത്തേക്കാണ് ഒഴുകുന്നത്. മീനച്ചിലാറ്റിലെ ജലനിരപ്പ് അളക്കാൻ  കേന്ദ്ര ജലകമ്മിഷൻ കിടങ്ങൂരിൽ സ്‌ഥാപിച്ച നിരീക്ഷണ കേന്ദ്രവും ശക്‌തിപ്പെടുത്തണം. നീർത്തടത്തിൽ ജീവിക്കുന്നവർ സ്വീകരിക്കുന്ന നിർമാണ രീതികളും ചട്ടങ്ങളും പാലിക്കണം.

ജലശേഷി കുറഞ്ഞ് വേമ്പനാടും മീനച്ചിലും

കോട്ടയത്തിന്റെ ആകെ വിസ്‌തൃതി 2208 ചതുരശ്ര കിലോമീറ്റർ. ഇതിൽ കേവലം 100 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വനം.  ബാക്കി ജനവാസമേഖലയാണ്.  3 നദികൾ മാത്രമാണ് ജില്ലയിലുള്ളത്– മീനച്ചിലാർ, മൂവാറ്റുപുഴയാർ, മണിമലയാർ.78 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഇടത്തരം നദിയാണ് മീനച്ചിലാർ.  അതിതീവ്രമഴയുടെ ഫലമായ അധിക ജലത്തെ കായലിലേക്ക് ഒഴുക്കിമാറ്റാനുള്ള  മീനച്ചിലിന്റെ  ശേഷി കുറഞ്ഞു.കൈത്തോടുകളും  ഉപതോടുകളും അരുവികളും അടഞ്ഞും നികന്നും പോയി. റെയിൽവേ ലൈനും റോഡും ബണ്ട് പോലെ പ്രവർത്തിക്കുന്നു. കാലാവസ്‌ഥ മാറുന്നതോടെ  തീവ്രമഴ പതിവായാൽ മീനച്ചിലാർ ഇടയ്ക്കിടെ കരകവിയും.  വെള്ളത്തെ ഒഴുക്കി വിടാൻ പുതിയ വഴികൾ കണ്ടെത്തണം.

പമ്പാനദിയിലെ വെള്ളത്തെ ഒഴുക്കി വിടാൻ തോട്ടപ്പള്ളിയിലേതുപോലെ  സ്‌പിൽവേ നിർമാണത്തെപ്പറ്റി കോട്ടയവും ചിന്തിക്കേണ്ട കാലമായി. മഴവെള്ളത്തെ താഴ്‌ത്താൻ ഇടനാടൻ പ്രദേശങ്ങളിൽ പുതിയ സംവിധാനവും വരണം. അല്ലെങ്കിൽ എല്ലാ മഴക്കാലത്തും ഭീതിദമായി ഒഴുകുന്ന വലിയൊരു കനാൽ മാത്രമായി മീനച്ചിൽ മാറും. വേമ്പനാട് കായലിന്റെ ജലശേഷി കുറഞ്ഞത് കോട്ടയം, കുട്ടനാട്, മധ്യതിരുവിതാംകൂർ, അപ്പർകുട്ടനാട് മേഖലയ്ക്കു വലിയ ഭീഷണിയാണ്. 600 ദശലക്ഷം ക്യുബിക് മീറ്ററാണ് വേമ്പനാടിന്റെ ജലശേഷി.  2018ലെ  പ്രളയത്തിൽ 3 നദികളിലൂടെ ഇതിന്റെ രണ്ടര ഇരട്ടിയിലേറെ ജലം (1630 ദശലക്ഷം ക്യുബിക് മീറ്റർ) 3 ദിവസം കൊണ്ട് വേമ്പനാട് കായലിലെത്തി.  വേലിയേറ്റം കാരണം  വെള്ളം സ്വീകരിക്കാൻ കടൽ മടിച്ചു. ഇതിനു പുറമേ തോട്ടപ്പള്ളി സ്‌പിൽവേയിലെ തടസ്സവും.  

പമ്പ, മണിമല ആറുകളുടെ ഒരു ഭാഗം വേമ്പനാടിന്റെ  പള്ളിക്കായൽ ഭാഗത്ത് പതിക്കുന്നു. വടക്കുനിന്ന് മൂവാറ്റുപുഴയാർ തെക്കോട്ടു തള്ളും. ഇതാണ് മധ്യകേരളത്തിൽ പ്രളയം രൂക്ഷമാക്കിയത്.  ഇതു നിരീക്ഷിക്കാനോ മുന്നറിയിപ്പു നൽകാനോ കലക്‌ടറേറ്റിനും കൺട്രോൾ റൂമിനും അപ്പുറം  ഇന്നും ശക്‌തമായ ശാസ്‌ത്രീയ സംവിധാനമില്ല.

പ്രളയത്തിന് ഉത്തരം  ബൈപാസ് കനാൽ

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്കത്തിനു പരിഹാരമായി ബൈപാസ് കനാൽ. രണ്ടാം കുട്ടനാട് പാക്കേജിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ബൈപാസ് കനാലിന്റെ സാധ്യത നിർദേശിക്കുന്നത്. മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നു തവളക്കുഴി വഴി വൈക്കം കായലിലേക്ക് ആണു ബൈപാസ് കനാൽ നിർദേശിക്കുന്നത്. ഇതു മീനച്ചിലാറ്റിലെ അധിക ജലം പ്രളയ സമയത്തു വേഗത്തിൽ കായലിൽ എത്തിക്കാൻ സഹായിക്കും. ഇതുവഴി കോട്ടയം നഗരത്തിന്റെ പടി‍ഞ്ഞാറൻ പ്രദേശങ്ങൾ, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളപ്പൊക്കത്തിന് ഒരു പരിധി വരെ പരിഹാരമാകും.

ഒഴുക്കു തടഞ്ഞ് ചെളിയും എക്കലും (‍ഡോ കെ.ജി. പത്മകുമാർ (ഡയറക്ടർ, കുട്ടനാട് കായൽ കൃഷി ഗവേഷണ കേന്ദ്രം

ഡയറക്ടർ)

കായൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതും വടക്കൻ മേഖലയിലെ ആറുകൾ വഴി കൂടുതൽ വെള്ളം വേമ്പനാട്ട് കായലിലേക്ക് എത്തുന്നതുമാണ് കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നു വെള്ളം ഇറങ്ങുന്നതിന് താമസം വരുത്തുന്നത്. കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞു കൂടിയ എക്കലും മീനച്ചിലാറിലൂടെയുള്ള വെള്ളമൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. ഇത്തവണ ഉരുൾ പൊട്ടൽ മൂലം കൂടുതൽ ചെളി  എത്തും. ഇത് അടിഞ്ഞു കൂടാൻ സമയം ആകുന്നതേയുള്ളൂ. ഇതോടെ വെള്ളമൊഴുക്കു വീണ്ടും തടസ്സപ്പെടും.  ഇതു നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ആവശ്യമാണ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...