60 മീറ്റർ നീളം 10 മീറ്റർ ആഴം; മലമുകളിൽ ജലാശയം; വിള്ളൽ ജലാശയത്തിലേക്ക്

wayanad-kurichyarmala1
SHARE

കുറിച്യർമലയുടെ മുകളിൽ രൂപപ്പെട്ട ചതുപ്പുനിറഞ്ഞ ജലാശയം ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങളെ ഇന്നലെയോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. വൈത്തിരി- തരുവണ റോഡിൽ പൊഴുതനയ്ക്കു സമീപം ആറാംമൈലിൽ നിന്നു 4 കിലോമീറ്റർ മാറിയാണു കുറിച്യർമല.

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണിത്.മണ്ണുസംരക്ഷണ വകുപ്പും വനംവകുപ്പും േചർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണു മലമുകളിലെ വനത്തിൽ വലിയ ജലാശയം കണ്ടെത്തിയത്. മലയിലെ ഉരുൾപൊട്ടൽ മേഖലയിൽനിന്നുള്ള വിള്ളൽ ഈ ജലാശയത്തിൽ വരെയെത്തിയ അപകടകരമായ സ്ഥിതിവിശേഷം സംഘം കണ്ടെത്തി. വിള്ളൽ വ്യാപിക്കുകയും കനത്ത മഴ പെയ്യുകയും ചെയ്താൽ അതിഗുരുതരമായ സാഹചര്യമാകും ഉണ്ടാകുക.

മലവെള്ളത്തിനൊപ്പം ജലാശയത്തിൽ സംഭരിച്ച വെള്ളവും മണ്ണും കല്ലും മരങ്ങളും ഒലിച്ചിറങ്ങിയാൽ ദുരന്തത്തിന്റെ വ്യാപ്തി അപ്രവചനീയമാകും. മലയിൽ 60 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള വൻ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. നിലവിൽ മഴ കുറവാണെന്നതാണ് ഏക ആശ്വാസം. എങ്കിലും അപകടഭീതി നിലനിൽക്കുന്നതിനാലാണു മേൽമുറി, പുതിയ റോഡ് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചത്. ഉരുൾപൊട്ടൽ ഭീതിയെത്തുടർന്ന്, വലിയപാറ ഗവ.എൽപിഎസിലെ ദുരിതാശ്വാസ ക്യാംപ് ചാത്തോത്തെ സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കു മാറ്റി. കുറിച്യർമലയോടു ചേർന്ന 13 വീടുകൾ താമസക്കാർ ഉപേക്ഷിച്ചു.

ഈ വീടുകൾക്കു കുഴപ്പമൊന്നുമില്ലെങ്കിലും ഇവിടെ താമസിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെത്തുർന്നാണ് ഇത്. ഏതുനിമിഷവും ഉരുൾപൊട്ടലുണ്ടായേക്കാവുന്ന സ്ഥലത്ത്  സമാധാനത്തോടെ അന്തിയുറങ്ങാനാവില്ലെന്ന് നാട്ടുകാർ പറയുന്നു. ജില്ലാ മണ്ണുസംരക്ഷണ ഓഫിസർ പി.യു. ദാസ്, സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രദേശം സന്ദർശിച്ചത്. 

MORE IN KERALA
SHOW MORE
Loading...
Loading...