രണ്ടാം പ്രളയത്തെ തോൽപ്പിച്ച വീട് മാതൃക; നിർമിച്ചു നൽകിയത് അമേരിക്കൻ മലയാളികൾ

home-flood-rain-model
SHARE

രണ്ടാം പ്രളയവും വൻമുറിവാണ് കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. അതിജീവനത്തിന്റെ പാതിയിലുള്ള കേരളത്തിന് ഇത് ഇരട്ടി പ്രഹരമാവുകയാണ്. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ എണ്ണം കൃത്യമായി പുറത്തുവന്നിട്ടില്ല. പ്രളയത്തെ അതിജീവിക്കുന്ന വീടുകളാവണം ഇനി ഇത്തരം സ്ഥലങ്ങളിൽ നിർമിക്കേണ്ടതെന്ന ആവശ്യം ഉയരുകയാണ്. ഇതിന് ഉദാഹരണമായി ചൂണ്ടികാണിക്കുന്നത് കടപ്രയിൽ അമേരിക്കൻ മലയാളികൾ നിർമിച്ച് നൽകിയ വീടുകളാണ്. 

കഴിഞ്ഞ തവണ ഈ പ്രദേശത്ത് പൊങ്ങിയ പ്രളയജലത്തിന്റെ ലെവൽ രേഖപ്പെടുത്തിയ ശേഷമാണ് വീടുകളുടെ പ്ലാൻ തയാറാക്കിയത്. പൈലിങ് നടത്തിയ ശേഷം  ഭൂനിരപ്പിൽ നിന്നും നാലടി മുതൽ എട്ടടി വരെ ഉയരത്തിൽ കോൺക്രീറ്റ് പില്ലറുകളിലാണ് വീടിന്റെ അടിത്തറ. അതിനാൽ ഇത്തവണ ഈ പ്രദേശങ്ങളിൽ വെള്ളം കയറിയെങ്കിലും വീടിനകത്തേക്ക് എത്തിയില്ല. വെള്ളമില്ലാത്ത സമയത്ത് താഴെയുള്ള സ്ഥലം സ്റ്റോറേജിനും മറ്റും ഉപയോഗിക്കുകയും ചെയ്യാം. 

കിടപ്പുമുറികൾ, സ്വീകരണമുറി, അടുക്കള, ബാത്റൂം എന്നിവയാണ് ഏകദേശം 500 ചതുരശ്രയടിയിൽ ഇൗ വീടുകളിൽ ഉൾക്കൊള്ളിച്ചത്. വെറും കെട്ടിടം നിർമിച്ചു കൊടുക്കുക മാത്രമല്ല  ഫോമ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് ചെയ്തത്. പൂർണമായും താമസയോഗ്യമായ വിധത്തിൽ കട്ടിലും മേശയും കസേരയും ലൈറ്റും ഫാനുമെല്ലാം സഹിതം ഫർണിഷിങ് ചെയ്തു നൽകി.

ഏഴു ലക്ഷം രൂപയിൽ ഒരു വീടിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. തണൽ എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് നിർമാണം നടത്തിയത്. ഒരു വീടിനാവശ്യമായ ബജറ്റിൽ അഞ്ചര ലക്ഷത്തോളം രൂപ ഫോമയും ബാക്കി ഒന്നര ലക്ഷം തണലും ചെലവഴിച്ചു.  വെറും നാലു മാസം കൊണ്ട് വീടുകൾ പൂർത്തിയാക്കി എന്നതും ശ്രദ്ധേയമാണ്. തണലാണ്‌ വീടിന്റെ നിർമാണം ഏകോപിപ്പിച്ചത്. 

MORE IN KERALA
SHOW MORE
Loading...
Loading...