പുഴകൾ കരകവിഞ്ഞു; കണ്ണൂരിൽ പല മേഖലകളും ഒറ്റപ്പെട്ടു; പലതും വെള്ളത്തിനടിയിൽ

kannur-10-08
SHARE

വലുതും ചെറുതുമായ പുഴകളെല്ലാം കരകവിഞ്ഞതോടെ കണ്ണൂരിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചന്ദനക്കാംപാറ, മാക്കൂട്ടം, പാനൂർ നരിക്കോട് മല തുടങ്ങിയ സ്ഥലങ്ങളിൾ ഉരുൾപൊട്ടി. ശ്രീകണ്ഠാപുരം ഇരിക്കൂർ, ഇരിട്ടി, കൊട്ടിയൂർ മേഖലകൾ ഒറ്റപ്പെട്ടു. രാവിലെ മാറി നിന്ന മഴ ഉച്ചയ്ക്ക് ശേഷം ശക്തി പ്രാപിച്ചു.

നരിക്കോട് മലയിലെ കരിങ്കൽ ക്വാറിയിൽ ഉരുൾപൊട്ടി സമീപ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. പാനൂർ, പെരിങ്ങത്തൂർ, തലശേരി, മാഹി, വേങ്ങാട്, കതിരൂർ, മാങ്ങാട്ടിടം, തളിപറമ്പ്, അഴീക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ പതിവിൽ നിന്ന് വിപരീതമായി വെള്ളം ഇരച്ചെത്തി. ചെങ്ങളായി,പാവന്നൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി, വള്ളിത്തോട് , കോളിക്കടവ്, മാടത്തിൽ, കണിച്ചാർ തുടങ്ങിയ മലയോര ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വളപട്ടണം പുഴ പരന്നൊഴുകിയപ്പോൾ പാമ്പുരുത്തിയടക്കമുള്ള തുരുത്തുകൾ പൂർണമായും ഒറ്റപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ ഒറ്റപ്പെട്ടു. 

പഴശി പദ്ധതിയോട് ചേർന്ന മട്ടന്നൂർ - കാര- വളയാൽ കനാൽ റോഡ് തകർന്നു. ശക്തമല്ലെങ്കിലും മൂന്നിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പാവന്നൂർ എൽ.പി.സ്കൂൾ വെള്ളത്തിനടിയിലായി. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും പൂർണമായും മുങ്ങി. റോഡുകളിൽ വെള്ളം കയറിയതിനാൽ സംസ്ഥാന പാതകളിലടക്കം ഗതാഗതം താറുമാറായി. കൊട്ടിയൂർ മാനന്തവാടി റോഡ് തകർന്നു. നാലായിരത്തിലേറെ പേർ വിവിധ ക്യാംപുകളിലുണ്ട്. ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിയില്ല. ക്യാംപുകളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. മന്ത്രി ഇ പി ജയരാജനും മറ്റ് ജനപ്രതിനിധികളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ചില പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. സേനകളെ കൂടാതെ തീരപ്രദേശങ്ങളിൽ നിന്നെത്തിയ മത്സ്യതൊഴിലാളികൾ രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി.

MORE IN KERALA
SHOW MORE
Loading...
Loading...