മഹാരാജാസിൽ പുസ്തകപ്രകാശനം; കാരായിയും ബിനീഷ് കോടിയേരിയും അതിഥി; വിവാദം

karayi-maharajas
SHARE

ഏറെ വിവാദമായ കൊലക്കേസിലെ പ്രതി എറണാകുളം മഹാരാജാസ് കോളജിൽ ക്ഷണിക്കപ്പെട്ട അതിഥി. തലശേരി ഫസൽ വധക്കേസിൽ സിബിഐ പ്രതിപട്ടികയിലുൾപ്പെട്ട സിപിഎം നേതാവ് കാരായി ചന്ദ്രശേഖരനാണ് മഹാരാജാസ് കോളജിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ അതിഥിയായി എത്തിയത്. കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി വകുപ്പ് അധ്യാപകൻ ഡോ.പി.ടി.പാർഥസാരഥി രചിച്ച ചരിത്ര പുസ്തക പ്രകാശന ചടങ്ങിലാണ് കാരായിയെ അതിഥിയായി ക്ഷണിച്ചത്.

എം.സ്വരാജ് എംഎൽഎ പുസ്തക പ്രകാശനം നിർവഹിച്ച ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും അതിഥിയായി പങ്കെടുത്തു. രാഷ്ട്രീയം അധികം പറയാതെ ചരിത്രരചനയിലെ രാഷ്ട്രീയമായ വളച്ചൊടിക്കലിനെക്കുറിച്ചായിരുന്നു ഇരുവരുടെയും പ്രസംഗം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളിലുൾപ്പെട്ട ചന്ദ്രശേഖരനെയും ബിനീഷിനെയും ചടങ്ങിൽ അതിഥികളായി ക്ഷണിച്ചതിനെതിരെ ഇടതുപക്ഷ അനുഭാവികളായ അധ്യാപകരിൽ തന്നെ അമർഷമുണ്ട്. ഇവർക്കു വിഷയവുമായി എന്ത് ബന്ധമെന്നാണ് അവരുടെ ചോദ്യം.

കോളജ് സംഘടിപ്പിച്ച ചടങ്ങാണിതെങ്കിലും താൻ പ്രിൻസിപ്പലായി വരുന്നതിനു മുൻപാണ് അതിഥികളെ ക്ഷണിച്ചതെന്നും അതിനാൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും പുതിയ പ്രിൻസിപ്പൽ ഡോ.കെ. ജയകുമാർ പ്രതികരിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മാഗസിൻ പ്രകാശന ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ താൻ പുസ്തക പ്രകാശന ചടങ്ങിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വിട്ട് എൻഡിഎഫിൽ ചേർന്ന തലശേരി സ്വദേശി ഫസൽ 2006 ഒക്ടോബർ 22നാണു കൊല്ലപ്പെട്ടത്. കൊടി സുനി ഒന്നാം പ്രതിയായ കേസിൽ പൊലീസ് അന്വേഷണത്തിലും  സിബിഐ അന്വേഷണത്തിലും  ഗൂഢാലോചന കുറ്റമാണ് കാരായി ചന്ദ്രശേഖരനും കാരായി രാജനുമെതിരെ ചുമത്തിയിരിക്കുന്നത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇരുവരും കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സുപ്രീം കോടതി വരെ പോയെങ്കിലും ഇളവനുദിക്കാത്തതിനെ തുടർന്ന് 4 വർഷമായി എറണാകുളമാണ് ഇരുവരുടേയും താമസം. തലശേരി മുൻസിപ്പാലിറ്റി മുൻ ചെയർമാൻ കൂടിയാണ് ചന്ദ്രശേഖരൻ.

MORE IN KERALA
SHOW MORE
Loading...
Loading...