ഭരണകക്ഷി എംഎല്‍എക്ക് പൊലീസിന്റെ അടി; പുലിവാല് പിടിച്ചത് യുഡിഎഫിന്റെ എൽദോ..!

eldhosee23
SHARE

പേരുകൾ തമ്മിലുണ്ടായ സാമ്യം കാരണം പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് പെരുമ്പാവൂരിലെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വൈപ്പിനില്‍ സിഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ കൊച്ചി റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന് മർദ്ദനമേറ്റിരുന്നു. പേര് എൽദോയെന്ന് കണ്ടതും പെരുമ്പാവൂർ എം.എൽ.എ ആയ എൽദോസ് കുന്നപ്പിള്ളിക്ക് ചറപറ ഫോൺകോളുകൾ. പരുക്ക് സാരമാണോ, എങ്ങനെയുണ്ട് എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. ആളുമാറിപ്പോയി, മൂവാറ്റുപുഴയിലെ എൽദോ എബ്രഹാമിനാണ് പരുക്കേറ്റത് എന്ന് പറഞ്ഞ് ഒരു വഴി ആയതോടെയാണ് എം.എൽ.എ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പരിക്കേറ്റ എം.എൽ.എക്ക് കുഴപ്പമൊന്നുമില്ലെന്നും വിളിച്ചവരുടെ സ്നേഹത്തിനും കരുതലിനും നന്ദിയെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിങ്ങനെ:

പോലീസ് അതിക്രമത്തിൽ പരുക്കേറ്റ എം.എൽ.എയ്ക്ക് എങ്ങനെയുണ്ട് എന്നറിയാൻ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പോലീസ് മർദ്ദനത്തിനിരയായ ആ എൽദോ ഞാനല്ല, സുഹൃത്തും സിപിഐ എം.എൽ.എയുമായ എൽദോ എബ്രഹാമാണ്. വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു ഫോണിൽ കിട്ടിയില്ല. സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി.

സംഭവിച്ചത്: ഇന്നുരാവിലെ കൊച്ചി ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിചാർജിൽ എൽദോ എബ്രഹാം എം.എൽ.എ അടക്കമുള്ളവർക്ക് പരുക്കേറ്റു. പൊലീസ് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം.

ബാരിക്കേഡുകൾ തള്ളിമറിച്ച് മുന്നേറാൻ ശ്രമിച്ച സി.പി.ഐ പ്രവർത്തകർക്കുനേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. പൊലീസ് അതിക്രമമാണ് നടന്നതെന്ന് പരുക്കേറ്റ എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.

വൈപ്പിൻ ഗവ.കോളജിലെ എസ്.എഫ്.ഐ - എ.ഐ.വൈ.എഫ് സംഘർഷത്തിൽ എസ്.എഫ്.ഐ അനുകൂല നിലപാടെടുത്ത ഞാറയ്ക്കൽ സി.ഐ മുരളിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊച്ചി ഐ ജി ഓഫിസിലേക്ക് സി.പി.ഐ മാർച്ച് നടത്തിയത്. ഭരണപക്ഷ പാർട്ടിക്കാരെപ്പോലും ആക്രമിക്കുന്ന പൊലീസിനെതിരെ ശക്തമായ സമരം നടത്തുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു. 

സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുക്കാനെത്തിയത്.

MORE IN KERALA
SHOW MORE
Loading...
Loading...