റയിൽപാളത്തിൽ കല്ലുകൂട്ടിയിട്ട് മദ്യപാനം; പാഞ്ഞെത്തിയ ട്രെയിന് അദ്ഭുതരക്ഷ; അറസ്റ്റ്

pkd-rail-track
SHARE

റയിൽവെ പാളത്തിൽ കല്ലുകൾ കൂട്ടിയിട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ മദ്യപാനം. ഇത്തരത്തിൽ ഇവർ കൂട്ടിയിട്ട കല്ലുകൾക്ക് മുകളിലൂടെ കയറിയിറങ്ങിയ ട്രെയിൻ അദ്ഭുതകരമായി അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ കോട്ടാ ലാൽറാം, ലാൽജി മാജി, നാഗേന്ദ്ര മാജി എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട്ടുനിന്നു ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4.30നു പൊള്ളാച്ചി സ്റ്റേഷനിൽനിന്നു ചെന്നൈയിലേക്കു പുറപ്പെട്ട എക്സ്പ്രസ് ട്രെയിൻ മാക്കി നാംപട്ടി മിൻ നഗർ ഭാഗത്ത് എത്തിയപ്പോൾ റയിൽ പാളത്തിൽനിന്നു വൻ ശബ്ദം കേട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ഇറങ്ങി പരിശോധിച്ചപ്പോഴാണു പാളത്തിൽ കല്ലുകളും മദ്യക്കുപ്പികളും കണ്ടെത്തിയത്. തുടർന്ന് മധുര ഡിവിഷനിൽ വിവരമറിയിച്ചു.

റയിൽവേ സൂപ്രണ്ട് സരോജ് കുമാർ താഗൂറിന്റെ നിർദേശപ്രകാരം റയിൽവേ പൊലീസ് സംഭവ സ്ഥലത്ത് എത്തി. നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇവർ കുറ്റം സമ്മതിച്ചത്.മാക്കിനാംപട്ടിയിലെ സ്വകാര്യ ഓയിൽ കമ്പനി ജീവനക്കാരാണു മൂവരും. മദ്യം വാങ്ങി റയിൽ പാളത്തിൽ എത്തുകായിരുന്നു. ഇരുന്നു മദ്യപിക്കാൻ സൗകര്യത്തിനു സമീപത്തുള്ള കല്ലുകൾ പെറുക്കിവച്ചു. കല്ലുകളും മദ്യക്കുപ്പിയും പാളത്തിൽ തന്നെ ഉപേക്ഷിച്ചു പോയി. ട്രെയിൻ കയറിയപ്പോൾ കല്ലു പൊട്ടിച്ചിതറിയതിനാലാണു ട്രെയിൻ അപകടത്തിൽനിന്നു രക്ഷപ്പെട്ടതെന്നു റെയിൽവേ അധികൃതർ പറഞ്ഞു. പഴനി ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

MORE IN KERALA
SHOW MORE
Loading...
Loading...