വാങ്ങിയത് 5.25 കോടിക്ക്; നൽകിയ 1 കോടിയുടെ സ്രോതസ് അറിയിച്ചില്ല; ജയലാലിന് കുരുക്ക്

jayalal-cpi-action
SHARE

കൊല്ലം ചാത്തന്നൂർ എംഎൽഎ ജി.എസ്.ജയലാലിനെതിരെ പാർട്ടി നടപടിയെടുക്കാൻ തീരുമാനിച്ചതോടെ മുൻപ് ഉയർന്ന ആരോപണങ്ങളും ശക്തമാവുകയാണ്. ജയലാലിനെതിരെ അഴിമതി ആരോപണം ഉയർന്നപ്പോൾ തന്നെ  ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗത്തിന്റെ തീരുമാനത്തിലും മുന്നിട്ടുനിൽക്കുന്നത് പാർട്ടി പോലും അറിയാതെ എംഎൽഎ നടത്തിയ കോടികളുടെ ഇടപാടാണ്. കൊല്ലം നഗരത്തില്‍ 75 സെന്റില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി 5.25 കോടി രൂപയ്ക്കു വാങ്ങാന്‍ ജയലാല്‍ പ്രസിഡന്റായി റജിസ്റ്റര്‍ ചെയ്ത സാന്ത്വനം ഹോസ്പിറ്റല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരാറെഴുതിയതാണ് സിപിഐയില്‍ വിവാദമായത്. ഇതോടെയാണ് എംഎൽഎക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. 

പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് ജയലാലിനെ ഒഴിവാക്കാനാണ് തീരുമാനം. കൊല്ലം ജില്ലാ കൗണ്‍സില്‍, സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ചാത്തന്നൂര്‍ എംഎല്‍എയായ ജയലാല്‍.

നൽകിയ ഒരു കോടി രൂപയുടെ സ്രോതസും ജയലാൽ എംഎൽഎ പാര്‍ട്ടിയെ അറിയിച്ചിരുന്നില്ല. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം, ചാത്തന്നൂര്‍ മണ്ഡലം കമ്മറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സംഘം ഭരണസമിതി. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് സംഘം റജിസ്റ്റര്‍ ചെയ്തത്. 80 കോടി രൂപ ഓഹരി മൂലധനമായി സമാഹരിക്കാനായിരുന്നു ലക്ഷ്യം. തുക മുഴുവന്‍ ഉടമകള്‍ക്ക് നല്‍കുന്നതിനു മുന്‍പേ ആശുപത്രിയുടെ ഭരണ നിയന്ത്രണം സംഘത്തിനു ലഭിച്ചതെങ്ങനെയെന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നു. 

എംഎല്‍എയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി നിര്‍വാഹക സമിതി യോഗം വിലയിരുത്തി. ഇത്രയും വലിയ ഇടപാട് നടക്കുന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല. സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും വിലയിരുത്തലുണ്ടായി. അതിനൊപ്പം ജയലാൽ എംഎൽഎ മണ്ഡലത്തിൽ പലയിടത്തും ബെനാമി ഇടപാടുകളും നടത്തിയിട്ടുള്ളതായി കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ആരോപണം ഉന്നയിച്ചിരുന്നു.

ജയലാലിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും   വിശദീകരണം തൃപ്തികരമല്ലെന്നും സംസ്ഥാന നിർവാഹകസമിതി വിലയിരുത്തി.  സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും  കൊല്ലം ജില്ല നിര്‍വാഹകസമിതിയിലും അംഗമായ  ജയലാൽ കേവലം പാർട്ടി അംഗമായി തുടർന്നാൽ മതിയെന്നാണ് സിപിഐ നിലപാട്. പാർട്ടി അറിയാതെ നടത്തിയ കോടികളുടെ ആശുപത്രി ഇടപാട് സംശായ്സ്പദമാണെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. ജയലാലിന്‍റെ ആശുപത്രി ഇടപാട് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതോടൊണ് നടപടി വേണമെന്ന തീരുമാനത്തിലെത്തിയത്. ജയലാൽ കൂടി ഉൾപ്പെട്ട സംസ്ഥാന കൗൺസിലാണ് നടപടി അന്തിമമായി പ്രഖ്യാപിക്കുക.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...