ദുരിതം നേരിട്ടറിഞ്ഞ് മന്ത്രിയും എംപിമാരും; തോടായ റോഡിലൂടെ മുരളീധരനും രമ്യയും; പ്രതീക്ഷ

ramya-muralee-kuthiran
SHARE

മണ്ണുത്തി വാളയാർ ദേശീയപാതയിൽ ജനം അനുഭവിക്കുന്ന ദുരിതത്തിന് ഉടൻ പരിഹാരമാകുമെന്ന പ്രതീക്ഷ സമ്മാനിക്കുകയാണ് നേതാക്കളുടെ ഇന്നത്തെ സന്ദർശനം. ദുരിതങ്ങൾ നേരിട്ടനുഭവിച്ചാണ് കേന്ദ്ര മന്ത്രിയും എംപിമാരും സ്ഥലം സന്ദർശിച്ചത്. കേന്ദ്ര മന്ത്രി വി.മുരളീധരനും എംപിമാരായ ടി.എൻ. പ്രതാപനും രമ്യ ഹരിദാസും നേരിട്ടെത്തി ദുരിതം അടുത്തറിഞ്ഞു.

വെള്ളം കെട്ടി നിൽക്കുന്ന മണ്ണുത്തി മേൽപാലവും ഒട്ടേറെ കുഴികളും താണ്ടിയാണു മന്ത്രിയും എംപിമാരും കുതിരാനിൽ എത്തിയത് .ഉച്ചകഴിഞ്ഞായിരുന്നു സംഘത്തിന്റെ സന്ദർശനം. എന്നാൽ രാവിലെ മൂന്നു മണിക്കൂറോളം രൂക്ഷമായ കുരുക്ക് അനുഭവപ്പെട്ടിരുന്നു. മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്, മണ്ണുത്തി മേൽപാലത്തിൽ വെള്ളം കെട്ടിനിൽക്കുന്നതൊഴിവാക്കാൻ രാവിലെ 3 തൊഴിലാളികൾ ചാലുകൾ വൃത്തിയാക്കിയിരുന്നു. പട്ടിക്കാട് പീച്ചി റോ‍ഡ് ജംക‍്ഷനിൽ കുഴിയടയ്ക്കലും നടത്തി. എങ്കിലും കുഴികളുടെയും വെള്ളക്കെട്ടിന്റെയും പൂരമായിരുന്നു റോഡിൽ. മഴ കൂടി എത്തിയതോടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. 

മണ്ണുത്തി വാളയാർ ദേശീയപാതയിൽ കുതിരാൻ ഭാഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തുരങ്കമടക്കമുള്ള നിർമാണങ്ങൾ പൂർത്തീകരിക്കുന്നതിനും അഞ്ചിന പരിഹാര പരിപാടിയാണ് വി. മുരളീധരൻ നിർദേശിച്ചത്. 

തുരങ്കത്തിന്റെയും റോഡിന്റെയും പണി പൂർത്തിയാകാത്തതിന്റെ കാരണം കരാർ കമ്പനിക്കുള്ള സാമ്പത്തിക തടസ്സമാണ്. വായ്പ തിരിച്ചടയ്ക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതിനാൽ നിലവിൽ ബാങ്ക് അവർക്കു വായ്പ അനുവദിക്കുന്നില്ല. പകരം സംവിധാനമൊരുക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ നടത്തും.

റോഡിന്റെ അറ്റകുറ്റപ്പണിയും മണ്ണുത്തി മേൽപാലത്തിലെ വെള്ളക്കെട്ടും ഉടൻ പരിഹരിക്കാൻ നിർദേശം നൽകി. ഡൽഹിയിൽ മന്ത്രിയുടെ ഓഫിസിൽ നിന്നു നേരിട്ടു വിലയിരുത്തും.

∙  തുരങ്കത്തിന്റെ തൃശൂർ ഭാഗത്തുനിന്നുള്ള പ്രവേശന കവാടത്തെ ഭാഗത്തെ വനഭൂമി കൂറച്ച‌ുകൂടി എടുത്ത് വീതി കൂട്ടിയാലേ യാത്ര സുരക്ഷിതമാകൂ. ദേശീയപാത അതോറിറ്റിയും വനം വകുപ്പും തമ്മിൽ ധാരണക്കുറവുണ്ട്. തങ്ങൾക്കു ലഭിച്ച സ്കെച്ചിൽ ഇതു വ്യക്തമാക്കിയില്ലെന്നാണു വനംവകുപ്പ് നിലപാട്. ഇക്കാര്യത്തിൽ സമന്വയമുണ്ടാക്കാൻ തിരുവനന്തപുരത്ത് ഉടൻ യോഗം ചേരും. ഉദ്യോഗസ്ഥ തലത്തിൽ പരിഹാരമായില്ലെങ്കിൽ പൊതുമരാമത്ത്, വനംവകുപ്പു മന്ത്രിതല യോഗം വിളിക്കാൻ ശ്രമം നടത്തും.

തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കു റോഡ് താഴ്ത്തിയപ്പോൾ നിലവിലെ റോഡിന്റെ കട്ടിങ്ങിനുണ്ടായ ബലക്ഷയം ഒഴിവാക്കാൻ ഇപ്പോൾ മണൽ ചാക്കുകൾ അടുക്കിയിരിക്കുകയാണ്. ഇവിടെ ബലമുള്ള ഭിത്തി 10 ദിവസത്തിനുള്ളിൽ ഒരുക്കാൻ നിർദേശം നൽകി.

മുളയം ഭാഗത്ത് ബാക്കിയുള്ള ടാറിങ് പത്തു ദിവസത്തിനുള്ളിൽ നടത്താൻ നിർദേശം നൽകി.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...