വകുപ്പുകൾ തമ്മിലടി; പമ്പയിൽ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണ്ണ് മഴവെള്ളം കൊണ്ടുപോയി

pampa-sand-rain
SHARE

പ്രകൃതി കൊണ്ടുവന്നത് പ്രകൃതി തന്നെ കൊണ്ടുപോകുന്ന കാഴ്ചയാണ് പമ്പയിൽ. പ്രളയത്തിന് ശേഷം ശബരിമലയിലെത്തുന്നവരെ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. ഭീമൻ തൂണുകളിൽ നിലിനിർത്തിയിരുന്ന നടപ്പന്തലും സമീപത്തെ കെട്ടിടങ്ങളുമടക്കം പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. എന്നാൽ ഇൗ നഷ്ടങ്ങളെല്ലാം നികത്താനുള്ള വകയും പ്രകൃതി ശബരിമലയിൽ സമ്മാനിച്ചിരുന്നു. കോടികളുടെ മണൽ നിക്ഷേപമാണ് പ്രളയത്തിൽ പമ്പയിൽ എത്തിയത്. എന്നാൽ വകുപ്പുകൾ തമ്മിലുള്ള തർക്കം മണൽ പമ്പയിൽ തന്നെ ഇരുകടവിലുമായി വിശ്രമിച്ചു. ഇപ്പോൾ പമ്പയിൽ നീരൊഴുക്ക് കൂടിയതോടെ പ്രളയത്തിൽ ഒഴുകിയെത്തിയ മണൽ ഒലിച്ചു പോയ്ക്കൊണ്ടിരിക്കുകയാണ്. ദേവസ്വം മന്ത്രിയുടെയും വനം മന്ത്രിയുടെയും സാന്നിധ്യത്തിൽ  ഉണ്ടാക്കിയ തീരുമാനം പോലും നടപ്പാക്കാൻ വനപാലകർ ഇതുവരെ തയാറായിട്ടില്ല.

ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾക്കായി 20,000 ഘനമീറ്റർ മണൽ ശേഖരിക്കാനാണ് സർക്കാർ അനുമതി നൽകിയത്. പമ്പാനദിയിൽ നിന്നു ശേഖരിക്കാനാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ ചക്കുപാലത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ എടുക്കാനാണ് വനം വകുപ്പിന്റെ നിർദേശം.  ഇത് ദേവസ്വം ബോർഡിന് സ്വീകാര്യമല്ല. തർക്കം രൂക്ഷമായപ്പോൾ മുഖ്യമന്ത്രി ആദ്യം ഇടപെട്ടു. അത് നടപ്പാകാതെ വന്നപ്പോൾ  വനം, ദേവസ്വം മന്ത്രിമാർ യോഗം വിളിച്ചു. രണ്ടു കൂട്ടരുടെയും നിർദേശങ്ങൾ കേട്ടു. ഞുണങ്ങാറിനും  ത്രിവേണിക്കും ഇടയിൽ പമ്പാനദിയിൽ  എവിടെ നിന്നു വേണമെങ്കിലും ദേവസ്വം ബോർഡിന് മണൽ  എടുക്കാമെന്ന്  മന്ത്രിമാർ ഉറപ്പു നൽകി. എന്നാൽ ഇതും നടപ്പായിട്ടില്ല.  

ഇപ്പോൾ മഴ ശക്തിപ്പെട്ടതോടെ നദിയിൽ കിടക്കുന്ന മണലിന്റെ വലിയ ശതമാനം ഒലിച്ചു പോയിരിക്കുകയാണ്. നദിയിലെ നീരൊഴുക്കും  കൂടിയതോടെ ത്രിവേണിക്കും ആറാട്ട് കടവിനും മധ്യേ  വാരി കൂട്ടിയിട്ടിരുന്ന മണലും ഒലിച്ചു പോയി. ഇനി ഞുണങ്ങാറിനു താഴെയും ത്രിവേണിക്കു മുകളിൽ ശ്രീരാമപാദം വരെയുള്ള ഭാഗങ്ങളിലും  കൂട്ടിയിട്ടിരിക്കുന്ന  വലിയ മണൽ ശേഖരമേയുള്ളു. വലിയ വെളളം വന്നാൽ അതും ഒഴുകിപ്പോകും. 

ഏകദേശം നാലു കോടിയോളം രൂപ വിലവരുന്ന മണൽ പ്രളയത്തിൽ പമ്പയിലടിഞ്ഞു എന്നാണ് നിഗമനം. പ്രളയസമയത്ത് രണ്ടു കിലോമീറ്ററോളം രണ്ടാൾ പൊക്കത്തിലാണു മണൽത്തിട്ട രൂപപ്പെട്ടിരുന്നു. കക്കി ഡാമിൽനിന്ന് ഒഴുകിയെത്തിയ മണൽ പമ്പയിൽനിന്ന് 19 കിലോമീറ്റർ അകലെ അട്ടത്തോടുവരെ അടിഞ്ഞിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...