'റോയ്സ് കോഫി'; ഇത് സാധാരണ 'കാപ്പി' അല്ല

roys-cofee-plantation
SHARE

പൊന്നുവിളയുന്ന വയനാട്ടിൽ,  മണ്ണിന്റെ സാധ്യതകൾ തേടിയാണ് റോയിയുടെ പൂർവികർ പതിറ്റാണ്ടുകൾക്ക് മുമ്പ് തിരുവിതാംകൂറിൽ നിന്ന് കുടിയേറിയത്. അന്ന് തൊട്ട്, ഇന്നു വരെ, മണ്ണ് ഇവരെ ചതിച്ചിട്ടില്ല. കാരണം മണ്ണറിഞ്ഞും, മണ്ണിനെ സ്നേഹിച്ചും കൃഷി ചെയ്യുന്നവരാണ് റോയിയുടെ കുടുംബം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഇനി എന്ത് എന്ന് ആലോചിച്ചപ്പോൾ, ചെറുപ്പം തൊട്ട് കണ്ടും, കേട്ടും, ചെയ്തും, അനുഭവിച്ചിരുന്ന കൃഷി അല്ലാതെ മറ്റൊന്നും റോയിയുടെ മനസ്സിലുണ്ടായിരുന്നില്ല. പരമ്പരാഗതമായി പിന്തുടർന്നുവന്ന ശൈലികളിൽ നിന്നും മാറി, ചെയ്യുന്ന ഏത് കൃഷിയിലും ഒരു റോയ് ടച്ച് നടപ്പിലാക്കിയാണ് ഇദ്ദേഹം കൃഷിയിൽ മുന്നേറിയത്. ആ മുന്നേറ്റം കൃഷിയിൽ മാത്രമല്ല, മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്കും, കാർഷിക സംരംഭങ്ങളിലേക്കും, പുതിയ കണ്ടുപിടുത്തങ്ങളിലേക്കും ഒക്കെ വഴി തുറന്നു....

റോയി ഇന്ന് കേരളമാകെ അറിയപ്പെടുന്നത് റോയ്സ് സെലക്ഷൻ എന്ന പ്രത്യേകയിനം കാപ്പി ചെടിയുടെ പേരിലാണ്. റബ്ബറിന് ഇടയിൽ ഇടവിളയായി വിജയകരമായി കൃഷി ചെയ്യാൻ പറ്റുന്ന ഒന്നായിട്ടാണ് റോയ്സ് സെലക്ഷൻ കാപ്പിച്ചെടി അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ നീലഗിരിയിൽ ഉള്ള സ്വന്തം തോട്ടത്തിൽ നിന്ന് 10 വർഷം മുമ്പാണ് റോയി ഈ ഇനം കാപ്പി ആദ്യമായി കണ്ടെത്തുന്നത്.

പൊതുവേ രണ്ടു തരം കാപ്പിയാണ് ഉള്ളത്. റോബസ്റ്റ വിഭാഗവും അറബിക്ക വിഭാഗവും. തുറസായ സ്ഥലങ്ങളിൽ വളരുകയും താരതമ്യേന വലിയൊരു ചെടിയായി മുകളിലേക്കും വശങ്ങളിലേക്കും പടർന്നു പന്തലിക്കുകയും ചെയ്യുന്ന ഇനമാണ് റോബസ്റ്റ. ഈ ഇനത്തിന് വേര് പടലങ്ങൾ വളരെ കൂടുതലും മണ്ണിന്റെ ഉപരിതലത്തിലേക്ക് നന്നായി പടർന്ന് വ്യാപിക്കുകയും ചെയ്യും.

അറബിക്ക വിഭാഗം കാപ്പി ചെടികൾ താരതമ്യേന തണൽ ഉള്ള സ്ഥലങ്ങളിലാണ് വളരുന്നത്. അറബിക്കയിൽ തന്നെ കോഫി ബോർഡ് അംഗീകരിച്ച എഴുപത്തിരണ്ടോളം ഇനങ്ങൾ ഉണ്ട്. പൊക്കം കൂടിയത്, പൊക്കം കുറഞ്ഞത്, ഇടത്തരം പൊക്കമുള്ളത് എന്നിങ്ങനെയും ഈ ഇനങ്ങളിൽ വിത്യാസങ്ങളുണ്ട്. അറബിക്ക വിഭാഗത്തിൽ പെടുന്ന കാപ്പി ഇനമാണ് റോയ്സ് സെലക്ഷൻ. പൊക്കം കുറവുള്ളതും, തായ്‌വേരുകളിൽ ഊന്നി വളരുകയും, പക്കുവേരുകൾ കുറവുള്ളതും ആയിട്ടുള്ള ഇനമാണ് റോയ്സ് സെലക്ഷൻ. നല്ല തണലുള്ള സ്ഥലങ്ങളിൽ ആണ് ഈ കാപ്പി ചെടി വളരുന്നത്. 

സാധാരണ കാപ്പിയിനങ്ങൾക്കു ഉള്ളതുപോലെ പക്കുവേരുകൾ റോയ്സ് സെലക്ഷൻ കാപ്പിക്ക് ഇല്ലാത്തതു കൊണ്ട് ചുറ്റുവട്ടമാകെ വേരു പടലങ്ങൾ പടർന്നു വ്യാപിക്കുന്ന പ്രശ്നങ്ങൾ ഈ ഇനത്തിനില്ല. ആഴത്തിൽ വളരുന്ന തായ് വേരുകളാണ് ഈ കാപ്പി ചെടിയുടേത്. തായ് വേരിൽ ആശ്രയിച്ചു വളരുന്ന ചെടി ആയതുകൊണ്ട് ജലസേചനം പ്രത്യേകം ചെയ്യേണ്ടതില്ല. 30% മുതൽ 80 % വരെ തണൽ ആവശ്യമുണ്ട് റോയ്സ് സെലക്ഷൻ കാപ്പി ചെടിയുടെ വളർച്ചക്ക്. അതുകൊണ്ടാണ് റബർ തോട്ടങ്ങളിലെ ഇടവിള കൃഷിക്ക് ഇത് കൂടുതൽ അനുയോജ്യമാകുന്നതും. കൂടാതെ റബർ തോട്ടത്തിൽ കാപ്പി വളർന്നു കഴിയുമ്പോൾ അടിക്കാടുകൾ കയറി വരാത്തതുകൊണ്ട് കാട് വെട്ടുന്ന കൂലിയിനത്തിലും കർഷകന് ലാഭം ഉണ്ട്. 

വളർച്ചാ ഘട്ടത്തിൽ നൈട്രജൻ സമ്പുഷ്ടമായ വളങ്ങളും പൂവിടാനുളള സമയമാകുമ്പോൾ പൊട്ടാഷ് ഘടകങ്ങൾ അടങ്ങിയിട്ടുള്ള വളങ്ങളുമാണ് നൽകേണ്ടത്. വളങ്ങൾ വളരെ കുറഞ്ഞ അളവിൽ പല പ്രാവശ്യമായി നൽകുന്നതാണ് ചെടികളുടെ വളർച്ചക്ക് നല്ലതെന്നാണ് റോയിയുടെ അഭിപ്രായം. തൈകൾ നട്ട് രണ്ടുവർഷം വളർച്ചയെത്തുമ്പോൾ ആദ്യഘട്ട പ്രൂണിങ് നടത്തി ചെടികളുടെ ഉയരം രണ്ടര അടിയിൽ ക്രമീകരിക്കണം. പിന്നീട് നാലാം വർഷം എത്തുമ്പോൾ രണ്ടാമതും പ്രൂണിങ് ചെയ്യേണ്ടതുണ്ട് . ഇതോടെ ചെടികൾ അധികം ഉയരാതെ കുടപോലെ വിരിഞ്ഞ് വളരും. 

പതിനെട്ടു മാസമെത്തുമ്പോൾ മുതൽ കായ് പിടിച്ചു തുടങ്ങും. എങ്കിലും ആദ്യ വർഷത്തെ പൂക്കൾ പിടിക്കുമ്പോൾ മുകൾ തട്ടിലെ പൂക്കൾ തിരുമ്മി കളയുന്നതാണ് നല്ലത്. അഗ്രഭാഗം പ്രൂൺ ചെയ്ത് നിർത്തിയിട്ടുള്ള കാപ്പി ചെടിയുടെ മുകൾതട്ടിൽ രണ്ടാം നിര ശിഖരങ്ങൾ വളർന്നു വരുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീടുള്ള വർഷങ്ങളിൽ വിളവ് എടുത്ത് തുടങ്ങാം. മൂന്നാം വർഷം മുതൽ ഒരു ചെടിയിൽ നിന്ന് ഒരു കിലോയിൽ കുറയാതെ ഉണങ്ങിയ കാപ്പിക്കുരു വിളവ് ലഭിക്കും. ഒരേക്കർ റബറിനിടയിലെ കാപ്പി ചെടികളിൽ നിന്ന് 1500 മുതൽ 1800 കിലോ കാപ്പിക്കുരുവാണ് ശരാശരി വിളവ് ലഭിക്കുന്നത്. നിലവിലെ കാപ്പി ക്കുരുവിന്റെ വില നിലവാരമനുസരിച്ച് ഒരേക്കർ റബ്ബറിനിടയിലെ കാപ്പി കൃഷിയിൽ നിന്ന് ഒന്നര ലക്ഷം രൂപയിൽ കുറയാത്ത വരുമാനം ലഭിക്കും. നല്ല മുഴുപ്പും ദൃഢതയും തൂക്കവുമുള്ള കാപ്പി കുരുവാണ് റോയ്സ് സെലക്ഷന്റേത്. 

മറ്റു കാപ്പി ഇനങ്ങളെ അപേക്ഷിച്ച് കീട - രോഗ ആക്രമണങ്ങൾ പൊതുവേ കുറവാണ് റോയ്സ് സെലക്ഷൻ കാപ്പി ചെടികൾക്ക്.കാപ്പിയെ സാധാരണ ഗതിയിൽ ബാധിക്കുന്ന ഇലപ്പുറ്റ് രോഗം റോയ്സ് സെലക്ഷൻ കാപ്പി ചെടികളെ ബാധിക്കാറില്ല. 

10 വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഇനത്തിന്റെ കൃഷി ചെയ്തത് വിജയമായതോടെ അറിഞ്ഞും കേട്ടും ധാരാളം ആവശ്യക്കാർ വന്നു തുടങ്ങി. ആവശ്യക്കാർ വർദ്ധിച്ചതോടെയാണ് റോയി നഴ്‌സറി തുടങ്ങിയത്. നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ റോയിയുടെ കാപ്പി ചെടിയെ കുറിച്ച് അറിഞ്ഞ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് ഈ കാപ്പി ചെടിക്ക് റോയ്സ് സെലക്ഷൻ എന്ന പേരിടുന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും, കൂടാതെ കർണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് റോയ്സ് സെലക്ഷൻ കാപ്പി ചെടികൾ വളർന്ന്, വരുമാനം കർഷകർക്ക് നൽകി തുടങ്ങി. 

മണ്ണും ചകിരി ചോറും ചേർത്ത് തയ്യാറാക്കുന്ന ബെഡിൽ ആണ് കാപ്പി വിത്ത് പാകുന്നത്. റോയ്സ് സെലക്ഷൻ കാപ്പിയുടെ 10 വർഷത്തിനു മുകളിൽ മൂപ്പെത്തിയ , പ്രേത്യേകം തിരഞ്ഞെടുക്കുന്ന തൈകളിൽ നിന്ന് ശേഖരിക്കുന്ന, കാപ്പിക്കുരുവിന്റെ പരിപ്പ് നട്ടാണ് തൈകൾ ഉൽപ്പാദിപ്പിക്കുന്നത്. 50 ദിവസം ബെഡിൽ വളരുന്ന തൈകൾ പിന്നീട് പ്രേത്യേകം തയ്യാറാക്കിയ പോട്ടി മിശ്രിതം നിറച്ച ട്രേകളിലേക്ക് പറിച്ച് നട്ട് വളർത്തും. 6 തട്ടോളം ഇലകൾ വളർന്നശേഷമാണ് കർഷകർക്ക് കൃഷിയിടത്തിൽ നടാനായി നൽകുന്നത്. റോയിയുടെ ഭാര്യ അന്നക്കാണ് നഴ്സറിയിലെ ദൈനംദിന കാര്യങ്ങളുടെ ചുമതല.

റബർ, തെങ്ങ്, കുരുമുളക്, കവുങ്ങ്, എന്നിവ റോയിയുടെ മുഖ്യ വിളകളാണ്. എന്നാൽ മുഖ്യവിളകൾക്കൊപ്പം തുല്യ പ്രാധാന്യമുള്ള ഇടവിള കൃഷികളും റോയിക്കുണ്ട്. ഏക വിളയായ റബർ കൃഷി ചെയ്യുന്ന സ്ഥലത്ത് നിന്ന് കൂടുതൽ ഇടവിള കൃഷിയിലൂടെ പരമാവധി വരുമാനം നേടുക എന്ന ലക്ഷ്യത്തിൽ റബറിനിടയിൽ തന്നെ കാപ്പിയും കുരുമുളകും കൂടാതെ മുരിങ്ങയും കൃഷി ചെയ്യുന്നുണ്ട് റോയി. കഴിഞ്ഞ വർഷങ്ങളിൽ നല്ല രീതിയിൽ വിളവു ലഭിച്ചു ഈ വിളകളിൽ നിന്നെല്ലാം. 2200 ഓളം റബ്ബർ മരങ്ങളെ പ്രധാന താങ്ങുകാലുകൾ ആക്കിയാണ് റബർ മരത്തിലേക്കു കുരുമുളകുവള്ളികൾ കയറ്റി വിട്ടിരിക്കുന്നത്. റബ്ബറിന്റെ ചുവട്ടിൽ നിന്ന് നിശ്ചിത അകലത്തിൽ നടുന്ന കുരുമുളക് തൈകൾ റബറിലേക്ക് എത്തിക്കുന്നത് മുരിങ്ങയുടെ കാലുകൾ ഉപയോഗിച്ചാണ്. ഇങ്ങനെ 1500 ഓളം മുരിങ്ങ മരങ്ങൾ ഉള്ളതുകൊണ്ടുതന്നെ, മുരിങ്ങ ഇലയും ആവശ്യത്തിന് ലഭിക്കും. മുരിങ്ങയില സംസ്കരിച്ച് കയറ്റുമതി ചെയ്യുന്ന കമ്പനിക്ക് കിലോയ്ക്ക് 20 രൂപ നിരക്കിൽ ആണ് മുരിങ്ങയില വിൽപ്പന. കുരുമുളക് ഇടവിള ആയിട്ടല്ലാതെ നഴ്സറിക്ക് വേണ്ട തൈകൾ സംഭരിക്കുന്ന സ്ഥലത്ത് ഏക വിളയായും കൃഷി ചെയ്തിട്ടുണ്ട്. 

കരിമുണ്ട, കരിമുണ്ടി, പന്നിയൂർ, കുരുകിലമുണ്ടി, വെള്ളനാമൻ, ചുമലനാമൻ, തുടങ്ങി 6 ഓളം ഇനങ്ങളിലായി 5000 ചുവട് കുരുമുളക് ഇവിടെ ഉണ്ട്. കുരുമുളക് തോട്ടത്തിനിടയിൽ നഴ്സറിയിലേക്ക് ഉള്ള കാപ്പിതൈകൾ കൂടി ഉള്ളതുകൊണ്ട് മഴക്കാലം കഴിയുമ്പോൾ കൃത്യമായി ജലസേചനവും ലഭിക്കുന്നുണ്ട്. 

ജലക്ഷാമവും വരൾച്ചയും പുൽപ്പള്ളിയിൽ രൂക്ഷമായി പാടത്ത് നെൽകൃഷി നടക്കാതെ വന്നപ്പോൾ പാടം തരിശിടാതിരിക്കാനാണ് കപ്പയും അനുബന്ധ കൃഷികളും റോയി ആരംഭിച്ചത്.  2 ഏക്കറോളം സ്ഥലത്ത് കപ്പയാണ് കൃഷി. N80 ഇനത്തിൽപെട്ട 3500 ചുവട് കപ്പയാണ് ഇവിടെ നട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലും മികച്ച വിളവാണ് കപ്പയിൽ നിന്ന് റോയിക്ക് ലഭിച്ചത് . കപ്പയുടെ ഇടവിളയായി 3,500 ചുവട് ചോളവുമുണ്ട്. ഇതിനു പുറമെയാണ് പാടത്തു തന്നെയുള്ള ഇഞ്ചിയുടെ കൃഷി. 2 ഏക്കറോളം സ്ഥലത്തായി 2500 ഓളം കവുങ്ങിന്റെ കൃഷിയുമുണ്ട് റോയിക്ക്. കവുങ്ങിനോടൊപ്പം ഇടവിളയായി ചെയ്തിരിക്കുന്നത് കൊക്കോയാണ്. 

തൈ റബറുകൾക്കിടയിൽ കാപ്പി ചെടികൾ നട്ടു പിടിപ്പിച്ചപ്പോൾ അവക്ക് തണലേകുക എന്ന ഉദ്ദേശ്യത്തോടൊപ്പം ഒരു ഇടവിള കൂടി കൃഷി ചെയ്യാം എന്ന് കണ്ടാണ് വാഴയുടെ കൃഷി. പൂവൻ, ഞാലി പൂവൻ എന്നിവയുടെ 2000 ചുവട് വാഴയാണ് ഇങ്ങനെ ഇടവിള കൃഷിയായി ചെയ്തിരിക്കുന്നത്. 

വരൾച്ചയും ജലക്ഷാമവും ഏറ്റവും രൂക്ഷമായ സ്ഥലത്ത് കൃഷി വിജയകരമായി മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ വെള്ളത്തിന്റെ സൗകര്യവും വേണം. ദീർഘ വീക്ഷണത്തോടെയാണ് റോയി ഇതിനുള്ള കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൃഷിയിടത്തിലെ മൊത്തം ജലസേചന ആവശ്യങ്ങൾ പരിഹരിക്കുന്നത് അര ഏക്കറോളം വിസ്തൃതിയിലുള്ള ഒരു കുളവും കൂടാതെ അതിനോട് ചേർന്ന് തന്നെ ഒരേക്കറോളം വലുപ്പത്തിൽ കൃത്രിമ തടയണയായി നിർമിച്ച മഴവെള്ളസംഭരണിയും ചേർന്നാണ്. ദശലക്ഷ കണക്കിന് ലിറ്റർ വെള്ളം ഇതിൽ ശേഖരിക്കാം. 20 ഏക്കറിലേക്കും ജലസേചന സൗകര്യമെത്തിക്കാൻ മോട്ടോറുകളും പൈപ്പ് ലൈനുകളുമുണ്ട്. സ്പ്രിംഗ്ളറുകൾ, മൈക്രോ സ്പ്രിംഗ്ളറുകൾ എന്നിവ ഉപയോഗിച്ചാണ് ജലസേചനം. 

മൽസ്യ കൃഷിയുമുണ്ട് ഈ കുളത്തിൽ. 8000 ത്തോളം ഗിഫ്റ്റ് തിലാപ്പിയ മൽസ്യങ്ങളെയാണ് ഈ കുളത്തിൽ വളർത്തുന്നത്. കുളത്തിനും മഴവെള്ള സംഭരണിക്കും ചുറ്റുമുള്ള ബണ്ടുകളിലൂടെയാണ് തീറ്റപ്പുൽ കൃഷി. നല്ലൊരു ഏരിയയിൽ തീറ്റപ്പുൽ കൃഷി ചെയ്യാൻ പറ്റുന്നു എന്നതോടൊപ്പം കുളത്തിനു ചുറ്റും പൊക്കി നിർത്തിയിരിക്കുന്ന ബണ്ടുകളിലെ മണ്ണിനെ പിടിച്ചു നിർത്താനും ഇത് സഹായിക്കും. 

ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള കൃഷിയിടമാണ് റോയിയുടേത്. അതു കൊണ്ട് തന്നെ വർഷങ്ങളായി ജൈവവളങ്ങൾ ആണ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. ആട്ടിൻ കാഷ്ഠം, കോഴി കാഷ്ഠം, വേപ്പിൻ പിണ്ണാക്ക്, ചാണകം, ചകിരിച്ചോറ് എന്നിവ ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു കൂട്ടാണ് പ്രധാന വളം. കൃഷിയിടത്തിലേക്ക് വേണ്ട മൊത്തം വളവും യന്ത്ര സഹായത്തോടെയാണ് കൂട്ടി ഇളക്കി എടുക്കുന്നത്. ഇതിനു പുറമേ മണ്ണിര കമ്പോസ്റ്റ്, പച്ചില കമ്പോസ്റ്റ്, മീൻ വളം എന്നിവയും വിളകൾക്ക് നൽകും. ഇത് ഉൽപാദിപ്പിക്കാനുള്ള യൂണിറ്റുകൾ തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. മാർക്കറ്റിൽ നിന്നു ശേഖരിക്കുന്ന മീനിന്റെ അവശിഷ്ടങ്ങൾ പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ കുഴിയെടുത്ത് കുഴിച്ചു മൂടിയാണ് മീൻ വളം ഉൽപാദിപ്പിക്കുന്നത്. 

പശുക്കളെ കുളിപ്പിക്കുന്ന വെള്ളവും ഗോമൂത്രവും എല്ലാം ഒരു ടാങ്കിലേക്ക് ശേഖരിച്ച ശേഷം വലിയ കുളത്തിലേക്ക് പമ്പ് ചെയ്യുകയാണ്. കുളത്തിൽ നിന്നുള്ള വെള്ളം ജലസേചനത്തിന് ഉപയോഗിക്കുമ്പോൾ ചെടികൾക്ക് വെള്ളത്തോടൊപ്പം വളവും ലഭിക്കും. 

അടുക്കള തോട്ടം എന്ന രീതിയിലും വീടിനോട് ചേർന്നുള്ള സ്ഥലങ്ങളിലും മഴമറക്കുള്ളിലും ഒക്കെയായിട്ടാണ് പച്ചക്കറിയുടെ കൃഷി. തക്കാളി, വഴുതന, കാബേജ്, പച്ചമുളക്, കാപ്സിക്കം, കാന്താരി, വെണ്ട, കാരറ്റ്, കുക്കുംമ്പർ, പയർ, ചേന, ചൗചൗ, ചേമ്പ്, പടവലം, പാവൽ, ചീരകൾ, പുതിന, തുടങ്ങി 20 ഓളം വിവിധ ഇനം പച്ചക്കറികൾ റോയി കൃഷി ചെയ്യുന്നുണ്ട്. ഇതിനു പുറമെ കൂടുതൽ സ്ഥലത്ത് കൂർക്ക, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷികൾ വേറെയുമുണ്ട്.

പക്ഷി മൃഗാദികളും കൂടി ചേരുന്നതാണ് റോയിയുടെ സമ്മിശ്ര കൃഷി. 3 നാടൻ പശുക്കൾ, 9ആടുകൾ, 30 പെട്ടി തേനീച്ച, 15 ഓളം താറാവുകൾ, 500ൽ പരം കാട കോഴികൾ, 200 ഓളം മുട്ടക്കോഴികൾ, കരിങ്കോഴികൾ, മുയൽ, എന്നിവ ഒക്കെ വീട്ടാവശ്യത്തിന് ഉപരി റോയിക്ക് വരുമാനം നൽകുന്നവ കൂടിയാണ്. 

കൃഷിയിടത്തിലെ ജോലികൾ കഴിയുന്നത്ര യന്ത്രവൽകൃതമായിട്ടാണ് റോയി ചെയ്യുന്നത്. നിലം ഉഴുതിളക്കുന്നത് സ്വന്തമായുള്ള ട്രില്ലർ ഉപയോഗിച്ചാണ്. കൂടാതെ കാട് വെട്ടുന്നതിനും മരം മുറിക്കുന്നതിനുള്ള മെഷീനുകൾ, പലതരം സ്പ്രേയറുകൾ, എന്നിവയും സ്വന്തമായുണ്ട്. കപ്പ നടാനുള്ള കൂടം ഒരുക്കുന്നതും വിളകൾ നടാനുള്ള കുഴികൾ എടുക്കുന്നതും ഹിറ്റാച്ചി മെഷീനുകളുടെ സഹായത്തോടെയാണ്. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും വാഹനം എത്തിചേരാവുന്ന വിധത്തിൽ വഴി സൗകര്യവുമുണ്ട്. വാഹനത്തിലാണ് വളവും പണിക്കു വേണ്ട സാധന സാമഗ്രികളും എത്തിക്കുന്നത് .

കൃഷി ചെയ്തെടുക്കുന്ന ഉൽപ്പന്നങ്ങൾ പരമാവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റിയാണ് വിപണനം. റോയ്സ് കോഫി എന്ന പേരിൽ മൂന്നു തരത്തിലുള്ള കാപ്പി പൊടികൾ പാക്ക് ചെയ്തു വില്പന നടത്തുന്നുണ്ട്. കൂടാതെ കുരുമുളക്, കുരുമുളക് പൊടിച്ചത്, ചതച്ചത്, പച്ച കുരുമുളക്, കുരുമുളക് അച്ചാർ, എന്നിവയും പാക്ക് ചെയ്തു വിൽപ്പന നടത്തുന്നുണ്ട്. മഞ്ഞൾ പൊടിച്ച് പാക്കറ്റിൽ ആക്കിയും , കപ്പ അരിഞ്ഞ് ഉണക്കി, വാട്ടു കപ്പയാക്കിയും തേങ്ങയിൽ നിന്ന് വിർജിൻ കോക്കനട്ട് ഓയിൽ ഉൽപ്പാദിപ്പിച്ചുമൊക്കെ മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ റോയി കൂടുതൽ വരുമാനം കണ്ടെത്തുന്നു.

കൃഷി ചെയ്യുക മാത്രമല്ല മറ്റുള്ളവരെ കൃഷിചെയ്യാൻ പ്രേരിപ്പിക്കുക കൂടിയാണ് റോയി. സമ്മിശ്ര കൃഷി എന്ന ആശയത്തിന്റെ പ്രചാരണത്തിനുവേണ്ടി കേരളത്തിന്റെ പല ഭാഗങ്ങളിലുമുള്ള കർഷക കൂട്ടായ്മകൾ, കൃഷിഭവനുകൾ, സന്നദ്ധ സംഘടനകൾ, കാർഷിക സമ്മേളനങ്ങൾ, എക്സിബിഷനുകൾ എന്നിവിടങ്ങളിൽ ഇടവിള കൃഷിയുടെ സാധ്യതകളെ കുറിച്ച് പവർ പോയിന്റ് പ്രസന്റേഷനോടെയുള്ള ക്ലാസുകൾ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ എടുത്തു നൽകാൻ സമയം കണ്ടെത്താറുണ്ട് ഈ യുവ കർഷകൻ.

MORE IN NATTUPACHA
SHOW MORE
Loading...
Loading...