ബിജെപി അംഗവും പിന്തുണച്ചു; പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചു

bjp-cpm-congress-flags
SHARE

ബിജെപിയുമായി ഒരുതരത്തിലും ഒത്തുപോവില്ലെന്ന് പ്രഖ്യാപിക്കുന്ന എൽഡിഎഫ്, ബിജെപി അംഗത്തിന്റെ പിന്തുണയോടെ കുമ്പളം പ‍ഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. കോൺഗ്രസ് ഗ്രൂപ്പുകളിയിൽ യുഡിഎഫിനു കൈവിട്ട പഞ്ചായത്ത് ഭരണമാണ് ബിജെപി പിന്തുണയോടെ ഇടതുപക്ഷം സ്വന്തമാക്കിയത്. പ്രസിഡന്റായി എൽഡിഎഫിലെ സീത ചക്രപാണിയെയും വൈസ് പ്രസിഡന്റായി യുഡിഎഫിൽ നിന്നു കൂറുമാറിയ സ്വതന്ത്രൻ ടി.ആർ. രാഹുലിനേയും തിരഞ്ഞെടുത്തു. നിലവിൽ ആകെയുള്ള 18 സീറ്റിൽ എൽഡിഎഫ് 10, യുഡിഎഫ് 8 എന്നിങ്ങനെയാണ് കക്ഷിനില. 

നേരത്തെയിത് സ്വതന്ത്രൻ അടക്കം യുഡിഎഫ് 10, എൽഡിഎഫ് 7, ബിജെപി 1 എന്നിങ്ങനെയായിരുന്നു. ഗ്രൂപ്പ് സമവായം പാലിച്ചില്ലെന്ന പരാതിയിൽ യുഡിഎഫ‌‌ിൽ നിന്നു കോൺഗ്രസ് അംഗം വി.എ. പൊന്നപ്പനോപ്പം, ബിജെപിയിലെ സി.ടി.രതീഷ്, സ്വതന്ത്ര അംഗം ടി.ആർ.രാഹുൽ എന്നിവർ എൽഡിഎഫിലേക്കു കൂറുമാറിയതോടെയാണ് അവർ ഭരണം നേടിയത്. 

രാഹുൽ കൈകാര്യം ചെയ്തിരുന്ന സ്ഥിരം സമിതി അധ്യക്ഷ പദവി രതീഷിനു നൽകാനാണ് എൽഡിഎഫിൽ ധാരണ. പുതിയ ഭരണ സമിതിയിൽ തനിക്കു സ്ഥാനങ്ങളൊന്നും വേണ്ടെന്ന് പൊന്നപ്പൻ വ്യക്തമാക്കിയിരുന്നു. അവിശ്വാസത്തിനെതിരെ യുഡിഎഫ് കോടതിയിൽ പോയതോടെ 6 മാസത്തോളം തൂക്കുഭരണമായിരുന്നു.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വച്ചുമാറൽ സമവായം നീണ്ടത് ഒടുവിൽ യുഡിഎഫ് ഭരണം കൈവിട്ടു പോകുന്നതിൽ കലാശിച്ചു. രണ്ടര വർഷം കഴിഞ്ഞ് വൈസ് പ്രസിഡന്റാക്കാമെന്നു പറഞ്ഞു തന്നോട് ഒരു ഡിസിസി സെക്രട്ടറി കാട്ടിയ വിശ്വാസ വഞ്ചനയ്ക്കുള്ള പ്രതികരണമാണ് ഉണ്ടായതെന്ന് കൂറുമാറിയ വി.എ. പൊന്നപ്പൻ പറയുന്നു. രണ്ടു വർഷം നേതാക്കളുടെ പിറകെ നടന്നിട്ടും ധാരണയ്ക്കും കരാറിനും പുല്ലുവില കിട്ടിയില്ല. 

ബിജെപിയെ കൂട്ടുപിടിച്ച് കുതിരക്കച്ചവടം നടത്തിയാണ് സിപിഎം ഭരണം പിടിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. ദേവദാസ്, ഡിസിസി ജനറൽ സെക്രട്ടറി പോളച്ചൻ മണിയംകോട്ട് എന്നിവർ പറഞ്ഞു.  അതേസമയം, അവിശ്വാസ പ്രമേയ ചർച്ചയിലും തിരഞ്ഞെ‌‌ടുപ്പിലും പങ്കെടുക്കരുതെന്ന് രതീഷിന് വിപ് നൽകിയിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. വിപ് തുടർച്ചയായി ലംഘിച്ച സാഹചര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നു ജില്ലാ പ്രസിഡന്റ് പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...