കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴി, ഒരാഴ്ചത്തെ മുന്നൊരുക്കം; മൂര്‍ച്ചയേറിയ തെളിവുകള്‍

university-knif
SHARE

യൂണിവേഴ്സിറ്റി കോളജിൽ അഖിലിനെ കുത്തിയ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളജിൽ കൊണ്ടുവന്നു പൊലീസ് തെളിവെടുത്തു. അഖിലിനെ കുത്തിയ സ്ഥലത്തിനു സമീപത്തുണ്ടായിരുന്ന ചവറുകൂനയിൽ നിന്നും അഖിലിനെ കുത്തിയ കത്തി കണ്ടെത്തി. കത്തി ഇവിടെ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നുവെന്നു പ്രതികൾ സമ്മതിച്ചു. ഒരാഴ്ച്ച മുൻപ് കത്തി വാങ്ങി യൂണിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്നതായി ശിവരഞ്ജിത്തും നസീമും പറഞ്ഞു. കത്തി വാങ്ങിയത് ഓൺലൈനിൽ നിന്നും.  ക്യാംപസിനകത്തുനിന്നും കുറുവടിയും ഇരുമ്പു പൈപ്പും കണ്ടെത്തി.

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിപ്പരുക്കേൽപ്പിക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നതായി പ്രതികള്‍ മൊഴി നല്‍കി.  മുഖ്യപ്രതികളും എസ്, എഫ്, ഐ മുൻ യൂണിറ്റ് ഭാരവാഹികളുമായ ശിവരഞ്ജിത്തിനെയും നസീമിനെയുമാണ് അവർ പഠിക്കുന്ന കോളേജിൽ വിലങ്ങണിയിച്ച് തെളിവെടുപ്പിനെത്തിച്ചത്. 

ആദ്യം അഖിൽ കുത്തേറ്റ് വീണ യൂണിയൻ ഓഫീസ് പരിസരത്തും പിന്നീട് കത്തി ഒളിപ്പിച്ച പ്രധാന കവാടത്തിനു സമീപവും പ്രതികളെയെത്തിച്ചു. പാർക്കിങ് ഗ്രൗണ്ടിനോടു ചേർന്നുള്ള ചവർ കൂനയ്ക്ക് സമീപം കുഴിച്ചിട്ട നിലയിലുള്ള കത്തി ശിവരഞ്ജിത്ത് തന്നെ  അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ.അനിൽകുമാറിന് എടുത്ത് നൽകി. അക്രമത്തിനുപയോഗിച്ച ഇരുമ്പ് പൈപ്പും വടിയും  കണ്ടെടുത്തു. ഓൺലൈനിലൂടെ വാങ്ങിയ കത്തി ഒരാഴ്ചയായി യൂണിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്നതായും മൊഴി നൽകിയതോടെ പ്രതികൾ പൂർണമായും കുറ്റം സമ്മതിച്ചു.

കുത്തിപ്പരുക്കേൽപ്പിക്കാനുദ്ദേശിച്ചാണ് കത്തി വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചതോടെ ആസൂത്രിത വധശ്രമമെന്ന കേസിന് ശക്തമായ തെളിവുകളായെന്നാണ് പൊലിസിന്റെ വിലയിരുത്തൽ.

എതിർക്കുന്നവരെ അടിച്ചൊതുക്കാനായിരുന്നു ലക്ഷ്യമെന്നതുൾപ്പെടെ അറസ്റ്റിലായ മറ്റ് പ്രതികളും നേരത്തെ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇനിയും ഒളിവിൽ കഴിയുന്ന പത്തിലെ റെ പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനാണ് തീരുമാനം

MORE IN KERALA
SHOW MORE
Loading...
Loading...