ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, കേക്ക്, വെള്ളം; 127 രൂപ; കച്ചവടം മിന്നിച്ചു

jail-food-combo
SHARE

ചിക്കന്‍ ബിരിയാണിയും ചപ്പാത്തിയും കോഴിക്കറിയും കേക്കും വെള്ളവും. കഴിക്കാന്‍ തൂശനില. വില 127 രൂപ. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള കോംബോ ഓഫര്‍. ഓണ്‍ലൈന്‍ ഫുഡ് സെയില്‍ ആപ്പില്‍ ചൂടപ്പം പോലെ വിറ്റു. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ആപ്പില്‍ ഓണ്‍ലൈനായി വില്‍പന. 20 മിനിറ്റു കൊണ്ട് എല്ലാം വിറ്റു തീര്‍ന്നു. 55 എണ്ണമാണ് തയാറാക്കിയത്. അതു മുഴുവനും വിറ്റു. അടുത്ത ദിവസവം മുതല്‍ നൂറെണ്ണം തയാറാക്കും. ഡിമാന്‍ഡ് കൂടിയാല്‍ ബിരിയാണിയുടെ എണ്ണം കൂട്ടാനാണ് തീരുമാനം. 

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ ഒരുക്കുന്ന ഭക്ഷണം ജയിലിന് മുമ്പിലെ കൗണ്ടറില്‍ വില്‍ക്കുന്നുണ്ട്. ഈ കൗണ്ടറില്‍ പക്ഷേ, കോംബോ ഓഫര്‍ കിട്ടില്ല. ഓണലൈന്‍ ആയി മാത്രമാണ് കോംബോ ഓഫര്‍ ലഭിക്കുക. 300 ഗ്രാമുണ്ട് ചിക്കന്‍ ബിരിയാണി. കോഴിക്കാല്‍ പൊരിച്ചതാണ് ബിരിയാണിയിലുള്ളത്. പിന്നെ, ചിക്കന്‍ കറിയുണ്ട്. മൂന്നു ചപ്പാത്തി. കപ്പ് കേക്ക് ഒരെണ്ണം. കുടിവെള്ളം കുപ്പിയിലാക്കിയത് ഒന്ന്. തൂശനിലയും ഒപ്പം നല്‍കും. 

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കി. പേപ്പര്‍ ബാഗിലാണ് നല്‍കുന്നത്. പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ഒറ്റ ദിവസത്തെ കച്ചവടത്തില്‍ 5500 രൂപ ജയിലിന്‍റെ അക്കൗണ്ടില്‍ വീണു. 127 രൂപയാണ് ഓഫറെങ്കിലും 27 രൂപ ഓണ്‍ലൈന്‍ കമ്പനിക്കു നല്‍കണം. ആദ്യ വില്‍പന ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണര്‍ ജി.ജയശ്രീയാണ് നിര്‍വഹിച്ചത്. വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് നിര്‍ലാനന്ദന്‍, ഡപ്യൂട്ടി ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ‘ഫ്രീഡം കോംബോ ഓഫര്‍’ എന്ന പേരില്‍ വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആപ്പില്‍ ഓഫര്‍ ലഭ്യമാകും.

MORE IN KERALA
SHOW MORE
Loading...
Loading...