സിറ്റൗട്ടില്‍ ചോരത്തുള്ളികള്‍, കാല്‍പ്പാടുകള്‍; ഉള്‍ക്കിടിലത്തോടെ നാട്ടുകാര്‍

blood-drops
SHARE

കീഴ്മാട്: പഞ്ചായത്തിലെ കീരംകുന്നിൽ 7 വീടുകളുടെ പരിസരത്തു ചെറിയ കാൽപ്പാടുകളുടെ ആകൃതിയിൽ ചോരത്തുള്ളികൾ കണ്ടതു പരിഭ്രാന്തിക്കിടയാക്കി. ഇതു മനുഷ്യരുടേതോ മൃഗങ്ങളുടേതോ എന്നു തിരിച്ചറിയാൻ പൊലീസ് സാംപിൾ ശേഖരിച്ചു കാക്കനാട് റീജനൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നൽകി. വീടുകളുടെ സിറ്റൗട്ട്, പോർച്ച്, മുൻപിലെ റോഡ് എന്നിവിടങ്ങളിലാണ് രാവിലെ ചോരപ്പാടുകൾ കണ്ടത്. തൊട്ടടുത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോൺ കിട്ടിയതു ദുരൂഹത വർധിപ്പിച്ചു. താഴത്തങ്ങാടി കുഞ്ഞിക്കൊച്ചിന്റെ പേരക്കുട്ടി രാവിലെ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നപ്പോഴാണ് സിറ്റൗട്ടിൽ ചോരപ്പാടുകൾ കണ്ടത്.

തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ അയൽക്കാരായ പൂഴിത്തറ കുഞ്ഞുമുഹമ്മദ്, പള്ളിക്കുഴി റസിയ അബ്ദുൽ ഖാദർ,  നടുക്കുഴി അഷ്റഫ്, പൂഴിത്തറ നാസർ, ചേരിൽ അബ്ദുല്ല എന്നിവരുടെ വീടുകളുടെ പരിസരത്തും ചോരത്തുള്ളികൾ കണ്ടു. തൊട്ടടുത്തു നിർമാണം നടക്കുന്ന സിദ്ദീഖിന്റെ കെട്ടിടത്തിലും ഉണ്ടായിരുന്നു ചോരപ്പാടുകൾ.  റോഡിൽ നിന്നു കിട്ടിയ മൊബൈൽ ഫോൺ ഓൺ ചെയ്ത നിലയിലായിരുന്നെങ്കിലും സിം കാർഡ് ഊരി അതിനുള്ളിൽ ബാറ്ററിയുടെ അടിയിൽ വച്ചിരിക്കുകയായിരുന്നു. സിം കാർഡിട്ടപ്പോൾ ആ നമ്പരിൽ നിന്നു ബംഗാളിലേക്ക് 28 കോളുകൾ ചെയ്തതായി കണ്ടെത്തി. 

കീരംകുന്നിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയെക്കൊണ്ടു നാട്ടുകാർ അതിലൊരു നമ്പരിൽ വിളിപ്പിച്ചപ്പോൾ സ്ത്രീ എടുത്തു. സിം കാർഡ് നമ്പരിന്റെ ഉടമ കേരളത്തിലില്ലെന്നും ബംഗാളിലാണെന്നും അവർ അറിയിച്ചു. അതോടെ ഭീതിയും ദുരൂഹതയും വർധിച്ചുവെന്നു വാർഡ് അംഗം എം.ഐ. ഇസ്മായിൽ പറഞ്ഞു. അർധരാത്രി വരെ മഴയുണ്ടായിരുന്നു. ‌‌

റോഡിൽ കിടന്ന മൊബൈൽ ഫോൺ പക്ഷേ നനഞ്ഞിട്ടില്ല. ചോര‌പ്പാടുകളിലും ജലാംശം കലർന്നിട്ടില്ല. അതിനാൽ പുലർച്ചെയാണ്‌ സംഭവമെന്നാണ് നിഗമനം. അൻവർ സാദത്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് എന്നിവർ സ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ ഭയം എത്രയും വേഗം ദുരീകരിക്കണമെന്ന് അവർ പൊലീസിനോട് ആവശ്യപ്പെട്ടു.

MORE IN KERALA
SHOW MORE
Loading...
Loading...