‘ഒന്നൂടെ കല്ല്യാണം കഴിച്ചിട്ട് വരൂ; സർട്ടിഫിക്കറ്റ് തരാം’; ഉദ്യോഗസ്ഥരെ പുറത്താക്കി മന്ത്രി; കയ്യടി

sudhakaran-fb-post-new
SHARE

പൊതുജനത്തോടുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ നിഷേധനയവും ചുവപ്പുനാട മനോഭാവവും ജീവനെടുത്ത വർത്ത സർക്കാരിനെ തന്നെ പ്രതിന്ധിയിലാക്കുമ്പോൾ മാതൃകയായി മന്ത്രി ജി. സുധാകരൻ. ഒരു ദിവസം കൊണ്ട് ശരിയാക്കേണ്ട സേവനത്തിന് മൂന്നുനാൾ നടത്തിച്ച നാലു ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കോഴിക്കോട് മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയ കക്ഷികളോട് അപമര്യാദയായി ഇൗ ഉദ്യോഗസ്ഥർ പെരുമാറിയതായി മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പരാതിക്കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രിയുടെ അടിയന്തര നടപടി.

രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനായി എത്തിയ മധുസൂദനന്‍ എന്ന വ്യക്തിയോടാണ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയത്. വിവാഹ സര്‍ട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് സബ് രജിസ്ട്രാര്‍ പറഞ്ഞതായും പരാതി ഉയർന്നിരുന്നു. ഇതോടെയാണ് മന്ത്രി ഇടപെട്ട് സബ് രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലര്‍ക്ക് റ്റി.കെ. മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്‍റ് പി.ബി രജീഷ എന്നീ ജീവനക്കാരെ സസ്പെന്‍റ് ചെയ്തത്. മറ്റൊരുവിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച് ഈ ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യരാണോയെന്ന കാര്യം കൂടി പരിശോധിക്കുമെന്നും ജി.സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കോഴിക്കോട് ജില്ലയിലെ മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറുകയും സേവനം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്ത സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 27.02.2003 ല്‍ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനായി 19.06.2019 ന് ഓഫീസില്‍ എത്തിയ മധുസൂദനന്‍ എന്നയാള്‍ക്ക് നല്‍കിയ സേവനത്തില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയും രജിസ്ട്രേഷന്‍ വകുപ്പിനെതിരെയും ടിയാൻ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു.

ഈ കുറിപ്പ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോഴിക്കോട് രജിസ്ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തി. രജിസ്ട്രേഷന്‍ ഡി.ഐ.ജി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു ദിവസം കൊണ്ട് നല്‍കേണ്ട സേവനം ബോധപൂര്‍വ്വം 3 ദിവസത്തെ കാലതാമസം വരുത്തിയെന്നും സര്‍ക്കാര്‍ ജീവനക്കാരന്‍റെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ചില ജീവനക്കാര്‍ പെരുമാറിയതായും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വിവാഹ സര്‍ട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്ന മോശമായ പരാമര്‍ശം സബ് രജിസ്ട്രാര്‍ നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ട് ലഭിച്ചു.

സേവനത്തിനായി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് യാതൊരു സേവനവും നല്‍കാതെ നാളെ വരൂ എന്ന് നിര്‍ദ്ദേശിക്കുകയും പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സേവനം കാര്യക്ഷമമായും അഴിമതി രഹിതമായും നല്‍കണമെന്ന രജിസ്ട്രേഷന്‍ വകുപ്പിന്‍റെയും സര്‍ക്കാരിന്‍റെയും കാഴ്ചപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെ പ്രവൃത്തി സര്‍ക്കാര്‍ ജീവനക്കാരന്‍റെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് സബ് രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലര്‍ക്ക് റ്റി.കെ. മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്‍റ് പി.ബി രജീഷ എന്നീ ജീവനക്കാരെ സസ്പെന്‍റ് ചെയ്യുന്നതിന് നിര്‍ദ്ദേശിച്ചത്. വിശദമായ അന്വേഷണത്തിനുശേഷം സേവനത്തിനായി ആഫീസില്‍ വന്നവരോട് മറ്റൊരുവിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച് ഈ ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരാന്‍ യോഗ്യരാണോയെന്ന കാര്യം കൂടി പരിശോധിക്കുന്നതാണ്.

MORE IN KERALA
SHOW MORE
Loading...
Loading...