നിയമസഭയിൽ ആരും ശ്രദ്ധിക്കാതെ വിഴിഞ്ഞം റിപ്പോർട്ട്; സർക്കാരിന് മൗനം

vizhinjam
SHARE

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനും ക്ലീന്‍ ചിറ്റ് നല്‍കിയ വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആരും ശ്രദ്ധിക്കാതെ നിയമസഭയില്‍ വച്ച് സര്‍ക്കാര്‍. അദാനിക്ക് കരാര്‍ നല്‍കിയതില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് കമ്മീഷന്‍ തള്ളിയതോടെ നിരായുധരായ സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് പോലും സഭയില്‍ വച്ചില്ല. ചെലവിനൊത്ത വരുമാനം കിട്ടില്ലെന്ന് അറിഞ്ഞിട്ടും പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയത് വി.എസ്. സര്‍ക്കാരാണെന്ന ജുഡീഷ്യല്‍ കമ്മീഷന്റെ പരാമര്‍ശവും തിരിച്ചടിയായി.

സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്‍മേലുള്ള തുടര്‍നടപടികളും ആഘോഷമാക്കിയ സര്‍ക്കാരിന് വിഴിഞ്ഞം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മൗനം. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറുമാസം കഴിഞ്ഞ് പ്രതിപക്ഷം ചോദിച്ചപ്പോഴാണ് സര്‍ക്കര്‍ എജിയുടെ നിയമോപദേശം കൂടി തേടിയശേഷം സഭയില്‍ വച്ചത്. സഭാ സമ്മേളനത്തിന്റെ അവസാനദിനം പ്രത്യേക പ്രസ്താവന പോലും കൂടാതെ മറ്റ് രേഖകള്‍ക്കൊപ്പം മേശപ്പുറത്ത് വക്കുകയായിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ വി.എസും പിണറായിയും  ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്ന റിപ്പോര്‍ട്ട് ചര്‍ച്ചയാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സിഎജിയുടെ കണ്ടെത്തലുകള്‍ എണ്ണിയെണ്ണി ഖണ്ഡിക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. പദ്ധതി അദാനിക്ക് നല്‍കാനുള്ള തീരുമാനം മന്ത്രിസഭ കൂട്ടായി എടുത്തതാണ്.  

സര്‍ക്കാരിന് പണം ചെലവാക്കേണ്ടിവരുമെന്നും ആനുപാതികമായ വരുമാനം കിട്ടില്ലെന്നും അറിഞ്ഞു തന്നെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി എടുത്തതേയുള്ളു.  ലേലത്തില്‍ പങ്കെടുത്ത ഏകകമ്പനിയായ അദാനിക്ക് കരാര്‍ നല്‍കിയതില്‍ തെറ്റില്ല. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല എന്ന ഘട്ടത്തിലായിരുന്നു അദാനിക്ക് പദ്ധതി നല്‍കിയത്. പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിയമ, സാമ്പത്തിക, സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് യോഗ്യരായ ഏജന്‍സികള്‍ നല്‍കിയ ഉപദേശം സര്‍ക്കാര്‍ പിന്തുടരുക മാത്രമാണുണ്ടായത്. ലേലത്തിന് മുമ്പുള്ള മീറ്റിങ്ങുകളില്‍ കമ്പനികള്‍ പറയുന്ന അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതിയുടെ നിബന്ധനകള്‍ക്ക് അന്തിമരൂപം നല്‍കുന്നതില്‍ തെറ്റില്ല. പുലിമുട്ട് നിര്‍മാണത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കമ്മീഷന് മനസിലായി. സര്‍ക്കാര്‍ വിഹിതം കൂട്ടിയില്ലെങ്കില്‍ പദ്ധതി നിശ്ചയിച്ച സമയത്ത് നടപ്പാകില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കുളച്ചലുമായി താരതമ്യപ്പെടുത്തിയും ഡോളര്‍വിനിമയനിരക്കിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിലും വിഴിഞ്ഞത്ത് അധികചെലവെന്ന സിഎജിയുടെ കണ്ടെത്തലിലും അടിസ്ഥാനമില്ല.

MORE IN KERALA
SHOW MORE
Loading...
Loading...