ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തടയിട്ട് വനിതാ കോളജുകള്‍; ഇനിയും അകറ്റുന്നത് എന്തിനെന്ന് അഞ്ജലി അമീര്‍

anjali-ameer-hc
SHARE

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തിരിച്ചടിയായി പരാതികള്‍.  കോളജുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെതിരെ കലാലയങ്ങള്‍ രംഗത്ത്. ഇത് നടപ്പാക്കിയാല്‍ കലാലയത്തിന്റെ വ്യക്തിത്വം നഷ്ടപ്പെടുമെന്നാണ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംസ്ഥാനത്തെ വനിതാകോളജുകളില്‍ മുന്‍നിരയിലുള്ള പാലാ അല്‍ഫോണ്‍സ കോളജിന്റെ വാദം.

ട്രാന്‍ജെന്‍ഡറുകളെ വിദ്യാര്‍ഥിനികള്‍ക്കൊപ്പമിരുത്തി പഠിപ്പിച്ചാല്‍ കോളജിന്റെ അധ്യയനാന്തരീക്ഷവും പാരമ്പര്യവും അടിമുടി മാറ്റിമറിക്കപ്പെടുമെന്നാണ് ഹര്‍ജിയില്‍ മാനേജ്മെന്റിന്റെ നിലപാട്. ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് അല്‍ഫോണ്‍സ കോളജിന് ഇളവുനല്‍കണമെന്നും കേസ് തീര്‍പ്പാക്കുംവരെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ട്രാന്‍സ്ജെന്‍ഡറുകളെ മാറ്റി നിര്‍ത്തല്‍ ഹര്‍ജിയുടെ ഉദ്ദേശമല്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അവരോട് പ്രത്യേക പരിഗണനയും താല്‍പര്യവും കോളജിനുണ്ട്, എന്നാല്‍ വനിതാ കോളജ് എന്ന നിലയില്‍ പെണ്‍കുട്ടികള്‍ക്കുമാത്രമേ പ്രവേശനം നല്‍കാനാവൂ എന്ന് കോളജ് പ്രതിനിധികള്‍ മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

വാര്‍ത്തയോട് സങ്കടത്തോടെയും രോഷത്തോടെയുമാണ് നടിയും മോഡലുമായ അഞ്ജലി അമീര്‍ പ്രതികരിച്ചത്. 'ഇനിയും മഴയത്ത് നിര്ത്തണോ ഞങ്ങളെ ?' എന്ന ഹൃദയത്തില്‍ തറയ്ക്കുന്ന ചോദ്യമുയര്‍ത്തുന്നു അവര്‍. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ നാള്‍ മുതല്‍ ഇന്നുവരെ നീന്തിക്കയറിയ കണ്ണീര്‍പ്പുഴയുടെ ആഴവും കരുത്തും മൂര്‍ച്ചയുമുണ്ടായിരുന്നു ആ ചോദ്യത്തിന്. സിനിമയില്‍ സജീവമാകുന്നതിനൊപ്പം കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠനം തുടരാന്‍ അനുമതി ലഭിച്ചതിന്റെ ആഹ്ലാദത്തിലുമായിരുന്നു അവര്‍. 

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ബിഎ മലയാളത്തിന്  ചേരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അഞ്ജലി. മാതൃഭാഷയില്‍ ബിരുദമെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാവുന്ന ദൂരംമാത്രം. പക്ഷെ അപ്പോഴും സമൂഹത്തിന്റെ ചില കോണുകള്‍ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 

വനിതാ കോളജില്‍ തന്റെ കൂട്ടുകാര്‍ പഠിച്ചാല്‍ അവിടെ എന്തു സംഭവിക്കുമെന്നാണ് അഞ്ജലി ചോദിക്കുന്നത്. ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ക്ലാസുകള്‍ ആ കോളജില്‍ നടത്തിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. തിരുവനന്തപുരത്തൊക്കെ ട്രാന്‍സ്ജെന്‍ഡറുകള്‍ വനിതാ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നുണ്ട്.

അവിടെയൊന്നുമില്ലാത്ത പ്രശ്നം ക്ലാസ് മുറിയില്‍ എങ്ങനെ വരുമെന്നാണ് അഞ്ജലിയുടെ ചോദ്യം. ലിംഗവിവേചനം ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി അനുവദിക്കുമെന്ന് കരുതുന്നില്ല. അഥവാ അംഗീകരിക്കപ്പെട്ടാല്‍ എന്തുചെയ്യുമെന്നറിയില്ല. ജീവിതം മുഴുവന്‍ വിവേചനത്തോടു പൊരുതേണ്ടിവരുന്ന തങ്ങള്‍ എന്തുചെയ്യാനാണെന്ന് നിസ്സഹായത നിറഞ്ഞ ശബ്ദത്തില്‍ അഞ്ജലി ചോദിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...