'കുട്ടികള്‍ ചെയ്യുന്നതിന് നേതാവിനെ കുറ്റപ്പെടുത്തരുത്'; പിന്തുണച്ച് എ.കെ.ബാലൻ

balan-binoy-kodiyeri
SHARE

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ച് അറിയില്ലെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ വാദം തെറ്റ്. ബിനോയ്  വിവാഹ വാഗ്ദാനം നനല്‍കി വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി നേരത്തെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണനെ ഒറ്റപ്പെടുത്തരുതെന്ന് മന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചു.  ഇന്നലെ മൗനം പാലിച്ച പ്രതിപക്ഷം ഇന്ന് കോടിയേരിക്കെതിരെ രംഗത്തെത്തി.

ബിനോയിക്കെതിരായ യുവതിയുടെ പരാതിയില്‍ ഈ മാസം 13നാണ് മുംബൈ പൊലീസ് എഫ്.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രണ്ടു മാസം മുന്‍പ് സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് യുവതി പരാതി നല്‍കിയിരുന്നുെവന്നാണ് സൂചന. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി വ്യക്തിപരമാണെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്രനേതൃത്വം സ്വീകരിച്ച സമീപനം.  

ബിനോയ് കോടിയേരി തന്നെ വ്യക്തിപരമായി നേരിടട്ടെയെന്നും നേതൃത്വം നിലപാടെടുത്തു. എന്നാല്‍ നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളോട് പരാതിയെക്കുറിച്ച് ആശയവിനിമയം നടത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയ മറുപടി. 

നേതാക്കള്‍ വിഷയത്തില്‍ ഇടപെടരുതെന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശവും നല്‍കി. ഇതിനിടെ എം.വി.ഗോവിന്ദന് പിന്നാലെ മന്ത്രി എ.കെ.ബാലന്‍ കോടിയേരിക്ക് പിന്തുണയുമായി രംഗത്തെത്തി. കുട്ടികള്‍ ചെയ്യുന്നതിന് നേതാവിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ബാലന്‍ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി.ജയരാജനും ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ആരോപണങ്ങള്‍ പൊലീസ് ഗൗരവമായി അന്വേഷിക്കണമെന്നും നേതാക്കള്‍ പ്രതികരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ബിനോയ് കോടിയേരി പ്രശ്നം വ്യക്തിപരമാണെന്നു പറഞ്ഞ് കെ.സുധാകരന്‍ എം.പി ഒഴിഞ്ഞുമാറി.

MORE IN KERALA
SHOW MORE
Loading...
Loading...