ദുരന്തം അറിയാതെ രമ്യ വന്നു; ചേതനയറ്റ സൗമ്യയെ കണ്ട് പൊട്ടിക്കരഞ്ഞു

soumya-remya
SHARE

വന്നിറങ്ങുന്നതു കണ്ണീർക്കടലിലേക്ക് ആയിരിക്കുമെന്ന് രമ്യ ഒരിക്കലും പ്രതീക്ഷിച്ചില്ല. കുടുംബാംഗങ്ങളോടൊപ്പം അവധിയാഘോഷിച്ച്, പൂർത്തിയാക്കിയ കോഴ്സിന്റെ സർട്ടിഫിക്കറ്റ് കൈപ്പറ്റി അബുദാബിയിലേക്കു തിരികെ പോകാൻ കൊല്ലം ക്ലാപ്പനയിലെ വീട്ടിൽ ഇന്നലെ എത്തുമെന്ന് കുടുംബാംഗങ്ങളെ മുൻപേ അറിയിച്ചതാണ്. ഞായറാഴ്ച അവധിയെടുത്ത് അച്ഛനമ്മമാർക്കും കു​ഞ്ഞുങ്ങൾ‌ക്കുമൊപ്പം കഴിഞ്ഞ്, തിങ്കളാഴ്ച ചേച്ചിയെയും കുടുംബത്തെയും കണ്ട് ജോലിക്കു പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു സൗമ്യയും. എല്ലാം തകിടം മറിഞ്ഞത് ഏതാനും നിമിഷങ്ങൾ കൊണ്ട്. 

ഇന്നലെ രാവിലെ ക്ലാപ്പനയിലെ ഭർതൃവീട്ടിൽ എത്തിയ രമ്യയും കുടുംബവും അവിടെനിന്നാണ് സൗമ്യയുടെ വള്ളികുന്നത്തെ വീട്ടിലേക്കു വന്നത്. സൗമ്യയ്ക്ക് അപകടം സംഭവിച്ചു എന്നാണ് രമ്യയോടു സൂചിപ്പിച്ചിരുന്നത്. രമ്യയുടെ ഭർത്താവിനെ വിവരങ്ങൾ അറിയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ രമ്യയെ അറിയിക്കാതിരിക്കാൻ മൊബൈൽ ഫോണും മറ്റു വാർത്താ മാധ്യമങ്ങളും അകറ്റിനിർത്തുകയും ചെയ്തു. പക്ഷേ, വീടിനു മുറ്റത്തെ പന്തലും ആൾക്കൂട്ടവും കണ്ടപ്പോൾ തന്നെ രമ്യ കാര്യം മനസ്സിലാക്കി. അമ്മ ഇന്ദിരയെക്കണ്ടതോടെ ഇരുവരും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. ഇതെല്ലാം സങ്കടം നിറഞ്ഞ കണ്ണുകളോടെ കണ്ടുനിൽക്കാനേ അച്ഛൻ പുഷ്പാകരനും ബന്ധുക്കൾക്കും കഴിഞ്ഞുള്ളൂ.

രമ്യയും ഭർത്താവും വർഷങ്ങളായി അബുദാബിയിലാണ്. ജനറൽ നഴ്സിങ് കോഴ്സ് പാസായി, ജോലിക്കായി മലേഷ്യയിൽ പോയി. അവിടെനിന്നു മടങ്ങിയെത്തിയായിരുന്നു വിവാഹം. ഓഗസ്റ്റിൽ അബുദാബിയിലെ ആശുപത്രിയിൽ ജോലിക്കു ചേരാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി ബെംഗളൂരുവിലെ സ്ഥാപനത്തിൽ‌ നിന്നു പോസ്റ്റ് ബി‌എസ്‌സി കോഴ്സ് സർട്ടിഫിക്കറ്റ് വാങ്ങാനും കൂടിയായിരുന്നു നാട്ടിലേക്കുള്ള രമ്യയുടെ യാത്ര.

MORE IN KERALA
SHOW MORE
Loading...
Loading...