15 ദിവസം; 5 സ്ത്രീകളുടെ അരുംകൊല; ആഭ്യന്തരവകുപ്പ് അറിയുന്നുണ്ടോ?

ladies-attack
SHARE

ഒരു പൊലീസുകാരിയെ മറ്റൊരു പൊലീസുകാരന്‍ പട്ടാപ്പകല്‍ തീ കൊളുത്തി കൊന്നു.  സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ഏറ്റവും പുതിയ ചിത്രം.  പതിനഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ അരുംകൊല ചെയ്യപ്പെടുന്ന അഞ്ചാമത്തെ സ്ത്രീയാണ് മാവേലിക്കരയിലെ സൗമ്യ. തലനാരിഴയ്ക്ക് ജീവന്‍ രക്ഷപെട്ട് മരിച്ച് ജീവിക്കുന്നവര്‍ വേറെയും. എല്ലാം തന്നെ പട്ടാപ്പകലും പൊതുനിരത്തിലും നടന്ന കുറ്റകൃത്യങ്ങള്‍. ഒരു സംസ്ഥാനത്ത് നിയമവാഴ്ചയുടെ സമ്പൂര്‍ണപരാജയത്തിന് ഇതിലും വലിയ എന്ത് തെളിവ് വേണം? 

മെയ് 31 മുതല്‍ എണ്ണിയെണ്ണി ഓര്‍മിപ്പിക്കാം. പ്രണയാഭ്യർഥന നിരസിച്ചതിനാണ് നിധിന്‍ എന്ന ക്രിമിനല്‍ എസ്എടി ആശുപത്രി ജീവനക്കാരി പുഷ്പലതയെ നടുറോഡി‍ല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ അവര്‍ കഷ്ടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ജൂണ്‍ ഒന്നിന് കണ്ണൂർ കാപ്പാട് സ്വദേശിനി പുതിയാണ്ടി രേഷ്മയെ വെട്ടിക്കൊന്നത് ഭര്‍ത്താവ് സന്തോഷാണ്.  രണ്ടാം തിയതി ഇടുക്കി പൈനാവ്‌ താന്നിക്കണ്ടത്തിന്‌ സമീപം റെനീഷ്‌ വിലാസം റെജീനയെ വീടിനുള്ളിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവിടെയും ഭര്‍ത്താവായിരുന്നു പ്രതി. ഏഴാം തിയതി നെടുമൺകാവ് കൈലാസക്കുന്ന് കല്ലുവിള വീട്ടിൽ ജാനകി വീടിനുള്ളില്‍ കൊല്ലപ്പെട്ടു. മരുമകന്‍ പിടിയിലായി.  തൊട്ടടുത്തദിവസം പുതിയകാവ് കോളനിയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്തയെ ചെറുമകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. 

ഇതേ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരുമാസം മുമ്പ് അമ്മയെ മകന്‍ ചവിട്ടിക്കൊന്നതാണ്. ജൂണ്‍ പന്ത്രണ്ടാം തിയതി സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയെ അതിക്രൂരമായി കൊലപ്പെടുത്തിയതും നടുറോഡില്‍.  ഇത് സംസ്ഥാനത്ത് കൊല ചെയ്യപ്പെട്ട സ്ത്രീകളുടെ മാത്രം കണക്കാണ്. 

മുപ്പത്തിനാലുകാരി സൗമ്യ മുതല്‍ എണ്‍പത്തിയഞ്ചുകാരി ജാനകി വരെ അരുംകൊല ചെയ്യപ്പെടുമ്പോള്‍ ആരാണ് ഇവരുടെ ജീവന് ഉത്തരവാദിത്തം പറയുക. പതിനഞ്ചു ദിവസത്തിനുള്ളിലെ അഞ്ചു കൊലപാതകങ്ങള്‍ ഒറ്റപ്പെട്ടതെന്ന് ദയവു ചെയ്ത് പറയരുത്. ക്രമസമാധാന പാലനത്തിന്‍റെ ചുമതലയുള്ളവര്‍ക്ക് ആ പണി തീരെ അറിയില്ല, അല്ലെങ്കില്‍ മനുഷ്യന്‍റെ ജീവന് അവര്‍ തീരെ വിലകല്‍പ്പിക്കുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

സഹപ്രവര്‍ത്തക കൂടിയായ സൗമ്യയ്ക്ക് ജീവന് ഭീഷണിയുള്ളതായി പൊലീസ് അറിഞ്ഞിരുന്നില്ലേ...? ഭീഷണികളോട് കാണിക്കുന്ന നിസംഗതയും ഉത്തരവാദിത്തമില്ലായ്മയുമാണ് വന്‍ ദുരന്തങ്ങളില്‍ കലാശിക്കുന്നത്. കുറ്റകൃത്യം നടന്നാല്‍ തന്നെ കുറ്റവാളികള്‍ സ്വയം കീഴടങ്ങിയാല്‍ നടപടിയായി. ഇല്ലെങ്കില്‍ അതുമില്ല. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പെരിയാറിൽ താഴ്ത്തിയ സംഭവം നടന്നു 4 മാസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസ് അന്വേഷിച്ച എസ്ഐ മുതൽ എസ്പി വരെയുള്ള പ്രധാന ഉദ്യോഗസ്ഥരെല്ലാം ഇതിനിടെ സ്ഥലംമാറി. അന്വേഷണം ഊർജിതമാക്കാൻ രൂപീകരിച്ച 20 അംഗ സ്പെഷൽ സ്ക്വാഡിനും തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല. 

മെയ് ഇരുപത്തി മൂന്നിന് പാറശാലയില്‍ പതിമൂന്നുകാരി പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത അവസാനിച്ചോ ? ഇതിലൊന്നും ആര്‍ക്കും താല്‍പര്യമില്ല. ആരോടും ഉത്തരവാദിത്തമില്ലാത്ത ഒരു സേനയെ ലോക്നാഥ് ബഹ്റയുടെ കീഴില്‍  തീറ്റിപ്പോറ്റുകയാണ് എന്ന് നീതി കിട്ടാത്ത ജനത ചോദിച്ചാല്‍ ഭരണകൂടത്തിന് എന്തുണ്ട് മറുപടി. അന്വേഷണത്തിന് ഉത്തരവിട്ടു എന്ന ഒറ്റ വാചകത്തില്‍ എല്ലാ ഉത്തരവുമൊതുക്കും ഡിജിപി. 

ആഭ്യന്തരമന്ത്രിയോട് പിന്നെ ആരും ചോദ്യങ്ങള്‍ ചോദിക്കാത്തതിനാല്‍ കുഴപ്പമില്ല.   ഇതെല്ലാം ഒറ്റപ്പെട്ട സംഭവമെന്ന് പറയുന്നവരോട് ഒരു ചോദ്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ആരുടെ ഉത്തരവാദിത്തമാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചാല്‍ സര്‍ക്കാരിന്‍റെ ജോലി തീര്‍ന്നോ ? ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയും താമസിക്കുന്ന ആളുകളെക്കുറിച്ച്, അവരുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് എന്തറിയാം ഉദ്യോഗസ്ഥര്‍ക്ക് ? കുറ്റകൃത്യത്തിനുള്ള സാധ്യതകള്‍  നാട്ടുകാരിൽ നിന്ന് അറിഞ്ഞ് അവ നിരീക്ഷിക്കുന്നതിനും പ്രശ്നപരിഹാരത്തിനും പൊലീസ് ശ്രമിക്കാറുണ്ടോ.  ഇടറോഡുകളിലും ഹൗസിങ് കോളനികളിലും പൊലീസ് പട്രോളിങ് കാര്യക്ഷമമാണോ ? റസിഡന്‍റ്സ് അസോസിയേഷനുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം എത്ര ജനമൈത്രി സ്റ്റേഷനുകളില്‍ നടക്കുന്നു ? 

ആഭ്യന്തര വകുപ്പ് ഉത്തരം പറയേണ്ടതുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...