‘അവൻ തീർന്നു, ഡോണ്ട് വറി’; കെവിനെ കൊന്ന ശേഷം സാനു അയച്ച സന്ദേശം

kevin-sanu
SHARE

 ‘കൊല്ലാം, ഞാൻ ചെയ്തോളം, അവൻ തീർന്നു’ എന്നീ വാട്സാപ് സന്ദേശങ്ങൾ കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേന്ന് ഒന്നാം പ്രതി സാനു ചാക്കോ പിതാവ് ചാക്കോ ജോണിന് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി കോടതിയിൽ മൊഴി നൽകി.

സാനുവിന്റെ ഫോണിലെ ‘പപ്പാ കുവൈത്ത്’ എന്ന ആളുമായുള്ള വാട്സ്ആപ് ചാറ്റ് പരിശോധിച്ചു. ചാക്കോ ജോണിന്റെ ഫോൺ നമ്പറാണു പപ്പാ കുവൈറ്റ് എന്ന പേരിൽ സേവ് ചെയ്തിരുന്നത്. ഇതിലാണ് സന്ദേശങ്ങൾ ഉണ്ടായിരുന്നത്. രണ്ടാം സാക്ഷി ലിജോ ഒറ്റയ്ക്കലിനുള്ള വാട്സ്ആപ് സന്ദേശത്തിലും കെവിനെ കൊല്ലാമെന്നു സാനു ചാക്കോ പറയുന്നുണ്ട്. ‘കെവിന്റെ പ്രൊഫൈൽ ചെക്കു ചെയ്തു’ എന്ന സന്ദേശം ലിജോ സാനുവിനും അയച്ചു.

മറുപടിയായി ‘അവൻ തീർന്നു, ഡോണ്ട് വറി’ എന്ന് സാനു ലിജോയ്ക്കു മറുപടി നൽകിയതായും കണ്ടെത്തി. കെവിനെ കൊല്ലാൻ പ്രതികൾ തീരുമാനിച്ചിരുന്നുവെന്നു വ്യക്തമാക്കാനാണ് വാട്സാപ് സന്ദേശങ്ങൾ പ്രൊസിക്യൂഷൻ ഹാജരാക്കിയത്. സന്ദേശം അയച്ച ഫോണുകൾ സാനു, ചാക്കോ, ലിജോ എന്നിവരുടേതാണെന്നു സൈബർ ഫൊറൻസിക് വിദഗ്ധർ സ്ഥിരീകരിക്കുന്ന രേഖയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. 7 പ്രതികളിൽ നിന്നു പിടിച്ചെടുത്ത ഫോണുകൾ ഗിരീഷ് പി. സാരഥി തിരിച്ചറിഞ്ഞു.

കെവിന്റെ ലുങ്കി ഏഴാം പ്രതി ഷിഫിൻ സജാദ് ചാലിയക്കര പുഴയുടെ തീരത്തു നിന്നു കണ്ടെത്തി നൽകിയതായി ഗിരീഷ് പി. സാരഥി മൊഴി നൽകി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്നു രക്തക്കറയും മുടിയിഴകളും വിരലടയാളങ്ങളും ലഭിച്ചു. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ പ്രതികൾ മർദിച്ചപ്പോൾ കൈ തെറ്റി 9–ാം പ്രതി ടിറ്റോ ജെറോമിന്റെ മൂക്കിൽ കൊണ്ടു. ടിറ്റോയുടെ ചോരയാണു വാഹനത്തിൽ നിന്നു ലഭിച്ചതെന്നു ഡിഎൻഎ പരിശോധനയിൽ കണ്ടതായി പ്രൊസിക്യൂഷൻ അറിയിച്ചു. ഗിരീഷ് പി. സാരഥിയുടെ വിസ്താരം തിങ്കളാഴ്ച തുടരും.

MORE IN KERALA
SHOW MORE
Loading...
Loading...