പുത്തനുടുപ്പിട്ട് സ്കൂളിൽ ഇരിക്കേണ്ടവന്‍; കുത്തിവെപ്പ് എടുക്കാതെ പൊലിഞ്ഞ ജീവൻ; കുറിപ്പ്

diftheria-death-malappuram-13
SHARE

രോഗ പ്രതിരോധ കുത്തിവെയ്പുകൾ എടുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് മലപ്പുറം എടപ്പാളിൽ ആറുവയസ്സുകാരന്റെ മരണത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസമാണ് ഡിഫ്ത്തീരിയ ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആറുവയസ്സുകാരൻ മരിച്ചത്. ഈ സാഹചര്യത്തിൽ മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും കണ്ണുതുറപ്പിക്കുന്ന കുറിപ്പുമായി എത്തുകയാണ് ഡോക്ടർ ഷിംന അസീസ്. 

സമയത്തിന് എല്ലാ കുത്തിവെപ്പും എടുത്തിരുന്നെങ്കിൽ എടപ്പാളിലെ സ്കൂളിൽ അവനും പുത്തൻ അധ്യയനവർഷത്തിന്റെ സന്തോഷവുമായി ഇരുന്നേനെ. വാക്സിനേഷൻ നൽകുന്നത് നമ്മുടെ മക്കളുടെ ജീവനോളം വിലയുള്ള ഒന്നാണ്. ഡിഫ്ത്തീരിയ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുറിപ്പിൽ പറയുന്നു. 

കുറിപ്പ് വായിക്കാം:

സ്‌കൂളിൽ പോകാൻ പുത്തൻ ബാഗും കുടയും മേടിച്ച്‌ വെച്ചൊരു അഞ്ചു വയസ്സുകാരൻ ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിൽ ഡിഫ്‌തീരിയക്ക്‌ കീഴടങ്ങി. ജനിച്ച ഉടനേ എടുക്കുന്ന ബിസിജി മാത്രമേ അവൻ എടുത്തിരുന്നുള്ളൂ. നേരത്തിന്‌ എല്ലാ കുത്തിവെപ്പും എടുത്തിരുന്നെങ്കിൽ എടപ്പാളിലെ സ്‌കൂളിൽ അവനും പുത്തൻ അധ്യയനവർഷത്തിന്റെ സന്തോഷവുമായി മിഠായി നുണഞ്ഞ്‌ ഇരുന്നേനെ. ആ കുഞ്ഞ്‌ മരിച്ചു. വാക്‌സിനേഷൻ നൽകുന്നത്‌ നമ്മുടെ മക്കളുടെ ജീവനോളം വിലയുള്ള ഒന്നാണ്‌.

ഈ വർഷത്തെ നിപ്പ ഭീഷണി ഏതാണ്ട്‌ ഒതുങ്ങുകയാണെന്ന്‌ തോന്നുന്നു. ഇനിയും കേസുകൾ വരാതിരിക്കട്ടെ. പ്രകൃതിയെ ഉപദ്രവിച്ച്‌ മരം വെട്ടിയും വവ്വാലിന്റെ ആവാസവ്യവസ്‌ഥ നശിപ്പിച്ചും എന്തോ മായാജാലഫലമുണ്ടെന്ന്‌ പറഞ്ഞ്‌ അതുങ്ങളെ തല്ലിക്കൊന്ന്‌ ഇറച്ചി തിന്നും ഉപദ്രവിക്കരുത്‌. അവരെ അവരുടെ വഴിക്ക്‌ വിട്ടേക്കുക. അവയെ നശിപ്പിക്കുന്നതല്ല, പ്രകൃതിയെ സംരക്ഷിക്കുന്നതാണ്‌ നിപ്പയുൾപ്പെടെയുള്ള മാരകരോഗങ്ങളിൽ നിന്ന്‌ രക്ഷ തരിക.

മഴ തുടങ്ങിയിരിക്കുന്നു. വയറിളക്കവും ഛർദ്ദിയും മഞ്ഞപ്പിത്തവുമൊക്കെ വഴിയേ വരുന്നുണ്ട്‌. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. സാധിക്കുമെങ്കിൽ ഭക്ഷണം പാകം ചെയ്‌ത ഉടനേ കഴിക്കുക. തുറന്ന്‌ വെക്കാതെ മൂടി വെച്ച്‌, കഴിക്കുന്നതിന്‌ തൊട്ട്‌ മുൻപ്‌ മാത്രം വിളമ്പുക. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം ഭക്ഷിക്കുക. വൃത്തിഹീനമായ ചുറ്റുപാടുകളിലെ ഭക്ഷണമോ വെള്ളമോ ഉപയോഗിക്കരുത്‌.

കൊതുക്‌ കടിക്കുന്നത്‌ പല വിധ രോഗങ്ങൾക്ക്‌ കാരണമാകാം. കൊതുക്‌ വളരാൻ കാരണമാകുന്ന എല്ലാ സാഹചര്യങ്ങൾ പാടേ ഒഴിവാക്കുക. കൊതുകിനെ നശിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. കൊതുകുകളുടെ ജനപ്പെരുപ്പം സഹിക്കവയ്യാത്ത ഇടങ്ങളിൽ കൊതുകുവല ഉപയോഗിക്കുക.

പനിക്കാലം കൂടിയാണ്‌ മഴക്കാലം. പനിക്ക്‌ ഒന്നോ രണ്ടോ നേരം പാരസെറ്റമോൾ കഴിച്ച്‌ നോക്കിയിട്ടും പനി തുടരുകയാണെങ്കിൽ നിർബന്ധമായും വൈദ്യസഹായം തേടുക. പക്ഷേ, സഹിക്കവയ്യാത്ത വേദനകളും ദേഹത്ത്‌ ചുവന്ന്‌ തടിക്കുന്നതും കണ്ണിലെ വെള്ളയിൽ ഉണ്ടാകുന്ന ചോരച്ചുവപ്പും വിട്ടു മാറാത്ത ഛർദ്ദിയും വയറിളക്കവും ചുമയും ശ്വാസതടസം പോലുള്ളവയും സ്‌ഥലകാലബോധം നഷ്‌ടപ്പെടുന്നതും അസഹനീയ തലവേദനയും കണ്ണിന്‌ പിറകിലെ വേദനയുമെല്ലാം പനിയോടൊപ്പമുണ്ടെങ്കിൽ ഒട്ടും വൈകാതെ ചികിത്സ തേടുക.

ആരോഗ്യത്തോടെയിരിക്കേണ്ടത്‌ നമ്മുടെ അവകാശമാണ്‌. രോഗങ്ങളേതും തുടക്കത്തിൽ തിരിച്ചറിയുന്നതിന്‌ ജീവനോളം വിലയുമുണ്ട്‌.

ആരോഗ്യമാണ്‌ സമ്പത്ത്‌. കപടചികിത്സകർക്കും കേശവൻ മാമൻമാർക്കും ആയുസ്സും ആരോഗ്യവും ദയവ്‌ ചെയ്‌ത്‌ അടിയറവ്‌ വെക്കാതിരിക്കുക. മഴയും മരവും പെയ്യുന്നത്‌ ആസ്വദിക്കാനാവുന്നത്‌ ശരീരവും മനസ്സും നിറഞ്ഞ്‌ പെയ്യുമ്പോൾ മാത്രമാണല്ലോ

MORE IN KERALA
SHOW MORE
Loading...
Loading...