കൃത്യമായ പഠനം; മഴ പ്രവചിച്ച് വെതർ ബാബു; ഇത് വെറും 'തള്ള'ല്ലെന്ന് വാദം

wheather-babu-on-rain
SHARE

കൃത്യമായി പഠിച്ചാൽ മഴയെപ്പറ്റി പ്രവചിക്കാമെന്ന് തെളിയിക്കുകയാണ് വെതർ ബാബു എന്ന സി. ബാബു. കളമശ്ശേരിയിലെ സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനാണ് ഇദ്ദേഹം. കഴിഞ്ഞവർഷത്തെ പ്രളയമടക്കം ബാബു കൃത്യമായി പ്രവചിച്ചിരുന്നുവെന്നു ബാബുവിന്റെ പ്രവചനം വായിച്ചവരും‌ടക്കം അവകാശപ്പെടുന്നുമുണ്ട്. 

പ്രവചനം വെറും ‘തള്ള’ല്ലെന്നും കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ബാബുവിന്റെ വാദം. മഴയെ പറ്റിയുള്ള പഠനം ബാബു ഹോബിയായി തുടങ്ങുകയും പിന്നീടു ഗൗരവമായെടുക്കുകയും ചെയ്യുകയായിരുന്നു.

‘കേരളത്തിലെ മഴയുടെ 12 വർഷത്തെ കണക്കുകൾ, വിവിധ മേഖലകളിലെ ഭൂപ്രകൃതിയുമായി ബന്ധപ്പെടുത്തി പഠിച്ചാണു സാധ്യതകൾ പ്രവചിക്കുന്നത്. പഠനത്തിന് 8 വർഷമെടുത്തു. 3 വർഷമായി കേരളത്തിലെ മഴയെപ്പറ്റി പ്രവചിക്കുന്നു. 2016ൽ കേരളത്തിലെ മഴ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.’ ബാബു പറഞ്ഞു. 

‘മഴ വെറുതെയങ്ങു പെയ്യുന്നതല്ല. അതിനെ ഭയക്കേണ്ടതുമില്ല. ഓരോ പ്രദേശത്തെ ഭൂപ്രകൃതിയുമായി അതിനു കാര്യമായ ബന്ധമുണ്ട്. ഉയർന്ന പ്രദേശത്തു കൂടിയ മഴ ലഭിക്കണമെന്നില്ല. കുന്നിനു മുകളിലല്ല, മധ്യഭാഗത്താണ് ഏറ്റവുമധികം മഴ പെയ്യുന്നത്.

കേരളത്തിലെ മൺസൂൺ മുംബൈ വരെയെത്താറുണ്ടെങ്കിലും ഗുജറാത്തിലേക്കു കടക്കാറില്ല. ഗുജറാത്തിൽ ഭൂമി ഏറെയും പരന്നു കിടക്കുന്നതാണു കാരണം. തമിഴ്നാടിന്റെ പ്രശ്നവും ഇതു തന്നെ. മഴയുടെ ആവർത്തന ചക്രമാണു മറ്റൊരു ഘടകം. ചന്ദ്രന്റെ സ്ഥാനവും മഴയുമായി കാര്യമായ ബന്ധമുണ്ട്. ഇവയെല്ലാം വച്ചു കൃത്യമായ പ്രവചനത്തിനു കഴിയും.

അന്തരീക്ഷത്തിലെ മാറ്റങ്ങൾക്കനുസരിച്ചു മഴ പ്രവചിക്കുന്നതാണു കാലാവസ്ഥാ വകുപ്പിന്റെ രീതി. ഇതിൽ മാറ്റങ്ങൾക്കു സാധ്യത കൂടുതലാണന്ന് ബാബു പറയുന്നു. കേരളത്തിലേതു മാത്രമല്ല, കർണാടകത്തിലെ മഴയും ബാബു പ്രവചിക്കുന്നു. ലോകത്തെ എതു രാജ്യത്തെ മഴയും പ്രവചിക്കാവുന്നതേയുള്ളുവെന്നും ബാബു അവകാശപ്പെടുന്നു.

നാളെ മുതൽ കുറച്ചു ദിവസത്തേക്കു കേരളത്തിൽ കാര്യമായ മഴയുണ്ടാകില്ലെന്നാണു ബാബുവിന്റെ ഒടുവിലത്തെ പ്രവചനം. മഴ ചതിക്കുമോ ബാബുവിനെ? നാളെയറിയാം.

MORE IN KERALA
SHOW MORE
Loading...
Loading...