അഴുക്ക് നിറഞ്ഞ ഗ്ലാസ്; വൃത്തിഹീന ചുറ്റുപാടില്‍ ഫുൾ ജാർ സോഡ; പിടിവീണു

fuljar-soda-enquiry-12
SHARE

സോഷ്യൽ മീഡിയ തുറന്നാൽ ആകെ ഫുൾ ജാര്‍ സോഡയാണ്. അടുത്തിടെയാണ് ഫുൾ ജാർ സോഡ ആളുകൾക്കിടയില്‍ വൈറലായത്. ഇന്ന് വഴിയോരത്തുള്ള കടകളിലും ഹോട്ടലുകളിലുമെല്ലാം ഈ സോഡ ലഭ്യമാണ്. ഫുൾ ജാർ സോഡ‍യുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അടുത്തിടെ നിരവധി വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ സോഡയുണ്ടാക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. 

പരാതിയും സംശയവും ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. വയനാട്ടിലെ കൽപ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സോഡ നിർമിക്കുന്നതെന്ന് കണ്ടെത്തി. 

സോഡ തയ്യാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകൾ കഴുകുന്ന വെള്ളം മാറ്റാതെയും സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്റെ അടിഭാഗം വൃത്തിയില്ലാത്ത രീതിയിലുമാണ് കൈകാര്യം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. 

ഫുൾ ജാർ സോഡ വിൽപന നടത്തുന്ന തെരുവോര ഭക്ഷ്യ വിൽപന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ പി.ജെ. വർഗീസ് അറിയിച്ചു.  കച്ചവടക്കാർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/റജിസ്‌ട്രേഷൻ എടുക്കണം. അതു ഉപഭോക്താക്കൾ കാണുന്ന വിധം പ്രദർശിപ്പിക്കണം.

ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം.  വെളളം, ഐസ് മുതലായവ ശുദ്ധവും രോഗാണുവിമുക്തവുമാക്കണം. വൃത്തിഹീനമായ ചുറ്റുപാടുകളിലും, ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യത്തിലും ഭക്ഷണസാധനങ്ങൾ ഉണ്ടാക്കരുത്.

ജീവനക്കാർ കർശനമായ വ്യക്തി ശുചിത്വം പാലിക്കണം.  സോഡ മുതലായ ബോട്ടിൽ പാനീയങ്ങൾ നിയമാനുസൃത ലൈസൻസുളള സ്ഥാപനങ്ങളിൽ നിന്നു മാത്രം വാങ്ങുകയും, ബോട്ടിലിന് പുറത്ത് ഭക്ഷ്യ സുരക്ഷാ ലേബൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്നു ഉറപ്പുവരുത്തുകയും വേണം.

MORE IN KERALA
SHOW MORE
Loading...
Loading...