ചോരുന്ന വീട്ടിൽ മകളുടെ സ്വപ്നങ്ങൾക്ക് കൂട്ടിരുന്ന അമ്മ; ഈ ഒന്നാം റാങ്കിലെ ‘ജീവിതം’

sukanya-kasargodu-en-rank
SHARE

മഴയൊന്നറിഞ്ഞു പെയ്താല്‍ ചോരും സുകന്യയുടെ പണിതീരാത്ത വീട്. ആ വീടകത്തിരുന്നാണ് അവൾ മാനം മുട്ടെയുള്ള സ്വപ്നങ്ങൾ കണ്ടത്. ആ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാന്‍ അമ്മയും. ഇനിയും റോഡെത്താത്ത വീട്ടിലിരുന്ന് സ്വയം പഠിച്ചുനേടിയ വിജയമാണ്, തൊഴിലുറപ്പു പണിക്കു പോയി കുടുംബം പോറ്റുന്ന അമ്മക്ക് കൊടുത്ത സമ്മാനമാണ്.  അതുകൊണ്ടൊക്കെ തന്നെയാണ് സുകന്യയുടെ വിജയത്തിന് തിളക്കമേറുന്നതും. 

എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയിൽ എസ്ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് ജേതാവാണ് കാസർകോഡ് പാണത്തൂർ പനത്തടി സ്വദേശി സുകന്യ. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞയാകണമെന്നത് ചെറുപ്പം മുതലേ ഉള്ള സ്വപ്നമാണ്. അബ്ദുൽ കലാമിന്‍റെ പുസ്തകങ്ങൾ വായിച്ചതും കുഞ്ഞുനാളിൽ പത്രങ്ങളിൽ കണ്ട മിസൈൽ വിക്ഷേപണ വാർത്തകളുമൊക്കെ ആ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി. ആ ചിറകുകൾ ചേർത്തുവെച്ച് സ്വപ്നങ്ങളിൽ അവൾ ഉയരെ പറന്നു. അപ്പോഴൊക്കെയും ഞാനുമൊരുനാൾ അങ്ങനൊരു ശാസ്ത്രജ്ഞയാകുമെന്ന് ഉള്ളിൽ പറഞ്ഞുകൊണ്ടേയിരുന്നു

സ്വപ്നം ആദ്യം പങ്കുവെച്ചത് അമ്മയോടാണ്. അതിന്‍റെ സാധ്യതകളെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ ഒന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ പഠിക്കാൻ മിടുക്കിയായ മകളുടെ സ്വപ്നങ്ങൾക്ക് അമ്മയും കൂട്ടിരുന്നു. ഇടയ്ക്കൊക്കെ ചെറിയ ഉപദേശങ്ങൾ നല്‍കാൻ ചേച്ചിമാരും.

‘റാങ്ക് കിട്ടിയ വിവരം അറിഞ്ഞപ്പോൾ ഞാന്‍ പനി പിടിച്ച് ആശുപത്രിയിലായിരുന്നു. സുഹൃത്തായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഞാനെത്തും മുന്‍പേ പത്രക്കാർ വീട്ടിലെത്തി. അവരാണ് അമ്മയോട് ആദ്യം ഇക്കാര്യം പറയുന്നത്. ആദ്യം ഞെട്ടലായിരുന്നു അമ്മക്ക്, എന്നെ കണ്ടപ്പോൾ അടക്കാനാകാത്ത സന്തോഷവും. കുറേ പരീക്ഷകൾ എഴുതിയിട്ടുള്ളതുകൊണ്ട് ഏതു പരീക്ഷയുടെ ഫലമാണ് വന്നതെന്ന് അമ്മക്ക് ആദ്യം മനസിലായില്ല. '', സുകന്യ മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് കുഴപ്പമില്ല എന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ ഒന്നാം റാങ്ക് കിട്ടുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്നില്ല. 

''അവൾക്ക് ഇങ്ങനെയൊരു സ്വപ്നമുണ്ടെന്ന് എന്നോട് ആദ്യമായി പറയുന്നത് എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ്. അതിനെപ്പറ്റി വലുതായൊന്നും അറിയില്ലെങ്കിലും പഠിക്കാൻ മിടുക്കിയായതു കൊണ്ട് അവളെക്കൊണ്ട് സാധിക്കുമെന്ന് അറിയാമായിരുന്നു''. സുകന്യയുടെ അമ്മ പത്മാവതി പറയുന്നു. വീട് പണി പകുതിയില്‍ നിർത്തിയിരിക്കുകയാണ്. അത് പൂർത്തിയാക്കണം. വീട്ടിലേക്ക് റോഡെത്തണം എന്ന സ്വപ്നങ്ങളുമുണ്ട് പത്മാവതിക്ക്. 

മൂന്ന് വർഷങ്ങള്‍ക്കു മുൻപാണ് സുകന്യയുടെ പിതാവ് ലക്ഷ്മണൻ രോഗബാധിതനായി മരിക്കുന്നത്. ശേഷം അമ്മ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. പാണത്തൂർ വിവേകാനന്ദ വിദ്യാലയം, ചിറങ്കടവ് ഗവ.വെൽഫയർ ഹൈസ്കൂൾ, ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് സുകന്യ പഠനം പൂർത്തിയാക്കിയത്. 

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി എസ്ടി വിഭാഗത്തിൽ ജില്ലയിൽ ഒന്നാമതെത്തിയിരുന്നു സുകന്യ. ചേച്ചിമാരായ പ്രജ്വലി, ശരണ്യ എന്നിവരും അനിയൻ ശിവപ്രസാദുമാണ് സഹോദരങ്ങൾ.

MORE IN KERALA
SHOW MORE
Loading...
Loading...