പ്ലസ് ടു പരീക്ഷയില്‍ കൂട്ടത്തോല്‍വി; ആരോപണങ്ങൾ തള്ളി എൻ.ഐ.ഒ.എസ്

noise-result.pngb
SHARE

കേന്ദ്ര മാനവശേഷി വകുപ്പിന് കീഴിലുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് നടത്തിയ പ്ലസ് ടു പരീക്ഷയില്‍ കൂട്ടത്തോല്‍വിയെന്ന് പരാതി.  എന്‍.ഐ.ഒ.എസ്ന്‍റെ കൊച്ചി ശാഖയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് മൂല്യനിര്‍ണയത്തില്‍ പിഴവാരോപിച്ച് രംഗത്തെത്തിയത്. എന്നാല്‍ പരാതിക്ക് അടിസ്ഥാനമില്ലെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ പരീക്ഷാഫലത്തെ പറ്റി വിശദമായ പരിശോധനയ്ക്ക് തയാറാണെന്നും എൻ.ഐ.ഒ.എസ് അധികൃതര്‍ വ്യക്തമാക്കി. 

എന്‍‌ഐഒഎസ് കൊച്ചി കേന്ദ്രത്തിനു കീഴില്‍ ഇക്കൊല്ലം പ്ലസ് ടു സയന്‍സ് ഗ്രൂപ്പെടുത്ത് പഠിച്ച് പരീക്ഷയെഴുതിയ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് പരാതിക്കാര്‍. മികച്ച വിജയം പ്രതീക്ഷിച്ച പരീക്ഷകളില്‍ പോലും കൂട്ടത്തോല്‍വിയുണ്ടായെന്നും ഇതിനു പിന്നില്‍  മൂല്യനിര്‍ണയത്തിലെ പിഴവുകളാണെന്നുമാണ് കുട്ടികള്‍ പരാതി പറയുന്നത്. 

പരീക്ഷയെഴുതാത്തവര്‍ പോലും വിജയിച്ചെന്നാണ് മറ്റൊരു ആക്ഷേപം. എന്‍ട്രന്‍സ് പരീക്ഷകളില്‍ മികച്ച റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ പോലും പ്ലസ് ടു പരീക്ഷയില്‍ തോറ്റു പോയതാണ് പരീക്ഷ ഫലത്തെ കുറിച്ചുളള മറ്റു ചിലരുടെ ആശങ്കയുടെ അടിസ്ഥാനം. 

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പാടെ തളളിക്കളയുകയാണ് എന്‍ഐഒഎസ് അധികൃതര്‍. നാല്‍പ്പത് ശതമാനമാണ് എന്‍ഐഒഎസിലെ ദേശീയതല  വിജയ ശതമാനം. കൊച്ചി സെന്‍ററിലും ഇതുതന്നെയാണ് വിജയശതമാനമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷയെഴുതാത്തവര്‍ വിജയിച്ചെന്ന് ആരോപണമുന്നയിക്കുന്നതല്ലാതെ ഇങ്ങനെ ജയിച്ചതാരെന്ന് വ്യക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ക്കാര്‍ക്കും കഴിയുന്നില്ല. 

തെറ്റിദ്ധാരണകളാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനു കാരണമെന്നും എന്‍ഐഒഎസ് കൊച്ചി സെന്‍ററിന്‍റെ ചുമതലക്കാര്‍ വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്   ഉത്തരക്കടലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും പുനര്‍മൂല്യനിര്‍ണയത്തിനും അവരമൊരുക്കാമെന്നും അധികൃതര്‍ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...