കളക്ടർ വാസുകി അവധിയിൽ; നിങ്ങൾ ഹൃദയം ചേർന്നുനിൽക്കുമെന്ന് സോഷ്യൽ ലോകം

k-vasuki
SHARE

''നിങ്ങള്‍ എന്താണ് നിർമിക്കുന്നതെന്ന് അറിയാമോ? നിങ്ങള്‍ ചരിത്രം നിർമിക്കുകയാണ്. മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ലോകത്തിന് തന്നെ കാണിച്ചുകൊടുക്കുകയാണ്. സ്വാതന്ത്ര്യസമര കാലത്ത് പോരാടിയതുപോലെയാണ് ഇപ്പോള്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്...'' പ്രളയകാലം വൈറലാക്കിയ വാക്കുകളാണിത്. ഈ വാക്കുകൾ പ്രളയത്തെ അതിജീവിക്കാന്‍ നെട്ടോട്ടമോടിക്കൊണ്ടിരുന്നവർക്കു നൽകിയ ഊർജം ചെറുതല്ല. പറഞ്ഞത് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി. 

പ്രളയത്തിനും മുൻപേ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഉദ്യോഗസ്ഥയാണ് വാസുകി. മലയാളിയല്ല, പക്ഷേ മലയാളം സ്വന്തം ഹൃദയത്തോട് ചേർത്തുവെച്ചു ഈ തമിഴ്നാട്ടുകാരിയെ. കേരളം മഹാദുരന്തത്തിന് സാക്ഷ്യം വഹിച്ചപ്പോൾ ഒപ്പം നിന്നു ഈ മറുനാട്ടുകാരി, അപ്പോള്‍ മാത്രമല്ല പലതവണ. അതുകൊണ്ടു തന്നെയാണ് 6 മാസത്തെ അവധിയിൽ പ്രവേശിക്കുകയാണെന്ന് വാസുകി പറഞ്ഞപ്പോൾ ഒട്ടും മറച്ചുവെക്കാതെ മലയാളികൾ ആ സ്നേഹം തിരിച്ചും പ്രകടിപ്പിക്കുന്നത്, നിങ്ങൾ ഹൃദയത്തോടു ചേർന്നുനിൽക്കുമെന്ന് പറയുന്നത്.

''മനോഹരമായ അനുഭവങ്ങളാണ് പോയ രണ്ടു വർഷം എനിക്ക് സമ്മാനിച്ചത്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും കടപ്പെട്ടിരിക്കുന്നു. എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. എൻറെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. തിരുവനന്തപുരം എന്നും ഹൃദയത്തോട് ചേർന്നുനിൽക്കും'', വാസുകി ഫെയ്സ്ബുക്കിൽ കുറിച്ചു. 

സുനാമി ദുരന്തം കണ്ട് മനസു മടുത്ത്, മെഡിക്കൽ രംഗത്തെ കരിയർ നേട്ടങ്ങളെല്ലാം വേണ്ടെന്നു വെച്ച് ജനസേവനത്തിനിറങ്ങിയതാണ് വാസുകി. ജനങ്ങൾക്കൊപ്പം നിൽക്കുന്ന അവരുടെ നിലപാടുകൾ എന്നും അഭിനന്ദിക്കപ്പെട്ടിരുന്നു. വനിതാ മതിലില്‍ സ്ത്രീകളെ അണിനിരത്താനും വാസുകി മുൻപന്തിയിലുണ്ടായിരുന്നു.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവധിയിൽ പ്രവേശിക്കുന്നതെന്നും വാസുകി അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...