എടിഎം കൊള്ളയിലും നാഗമാണിക്യ തട്ടിപ്പിലും പങ്കാളി; ഡ്രൈവര്‍ അര്‍ജുന്‍റെ ‘കേസ് ഡയറി’

Balabhaskar, Arjun
SHARE

ബാലഭാസ്ക്കറിന്റെ മരണം മുതൽ മാധ്യമങ്ങളിൽ നിറയുന്ന പേരാണ് ഡ്രൈവർ അർജുന്റേത്. ആദ്യം സാധാരണ അപകടം പോലെ തോന്നിച്ച ബാലഭാസ്ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം പിന്നീട് ദുരൂഹത നിറഞ്ഞരീതിയിൽ മാറുകയായിരുന്നു,. ഒടുവിൽ സ്വർണക്കടത്തു സംഘത്തിന് വരെ മരണത്തിൽ പങ്കുണ്ടെന്ന രീതിയിൽ വാർത്തകൾ മാറി. അപകട സമയത്ത്് വണ്ടിയോടിച്ച ഡ്രൈവർ അർജുനെച്ചുറ്റിപ്പറ്റിയും ദുരൂഹതകൾ നിറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അർജുൻ ഇപ്പോൾ ഒളിവിലാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വർണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വർണ ബിസ്കറ്റ് വിൽപന. സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിൽ സംശയനിഴലിലുള്ള ‍ഡ്രൈവർ അർജുന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനൽ കേസുകളാണ്.

മൂന്ന് വർഷം മുൻപ് പാലക്കാട്, തൃശൂർ ജില്ലകളിലെ 2 എടിഎം കൗണ്ടറുകൾ തകർത്ത് പണം കവരാൻ ശ്രമിച്ച കേസിൽ നിഴൽ പൊലീസിന്റെ പിടിയിലായപ്പോഴാണ് അർജുന്റെ ക്രിമിനൽ പശ്ചാത്തലം ആദ്യം വെളിപ്പെട്ടത്. പിടിക്കപ്പെടാൻ ഏറെ സാധ്യത ഉണ്ടെന്നിരിക്കെ എന്തിന് എടിഎം മോഷണത്തിനു ശ്രമിച്ചെന്നു പൊലീസ് ചോദിച്ചപ്പോൾ അർജുൻ നൽകിയ മറുപടി ഇങ്ങനെ: ‘ഒറ്റത്തവണ ശ്രമം വിജയിച്ചാൽ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ..’

തൃശൂർ പാട്ടുരായ്ക്കൽ കുറിയേടത്തുമനയിൽ അർജുൻ എൻജിനീയറിങ് പഠനകാലത്താണ് എടിഎം കവർച്ചാ കേസിൽ പൊലീസിന്റെ പിടിയിലാകുന്നത്. ഒട്ടേറെ സംഗീത വിഡിയോ ആൽബങ്ങളിൽ നായകനായി അഭിനയിച്ച ആറ്റൂർ സ്വദേശി ഫസിലിനൊപ്പം പ‌ാഞ്ഞാളിലും ലക്കിടിയിലുമാണ് അർജുൻ എടിഎം കൊള്ളയ്ക്കു ശ്രമിച്ചത്. 2016 ജനുവരി 11ന് ലക്കിടിയിൽ ആയിരുന്നു ആദ്യ കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ബറോഡ എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാഞ്ഞാളിലെ എസ്ബിഐ എടിഎം തകർക്കാൻ ശ്രമിച്ചത് ഫെബ്രുവരി 25ന്. ഇരു സംഭവങ്ങളിലെയും സമാനതകൾ അർജുനെ പൊലീസ് പിടിയിലാക്കി.

ഗൾഫിൽ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വർണം വിപണി വിലയേക്കാൾ കുറവിൽ വിൽക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതിൽ നിന്നാണ് അർജുൻ ഉൾപ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളർച്ചയുടെ തുടക്കം. തട്ടിക്കപ്പെട്ട വ്യവസായികൾ പരാതി നൽകാൻ വിമുഖത കാട്ടിയതു മൂലം ഇവർ കേസുകളിൽപ്പെട്ടില്ല. ഒടുവിൽ സ്വർണം വാങ്ങാൻ താൽപര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച് സമീപിച്ചാണ് പൊലീസ് അർജുനെ കുടുക്കുന്നത്.

കുറുക്കു വഴികളിലൂടെ പണമുണ്ടാക്കുന്നതായിരുന്നു അർജുന്റെയും സംഘത്തിന്റെയും രീതി. നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം അറിയാമെന്നും ഇതു കണ്ടെടുത്തു നൽകാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് അർജുനും സംഘവും പലരിൽ നിന്നും പണം തട്ടാൻ ശ്രമിച്ചു. കോടികൾ വിലമതിക്കുന്ന നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചായിരുന്നു അടുത്ത തട്ടിപ്പ്. 

വയലിനിസ്റ്റ് ബാലഭാസക്കറിന്‍റെ അപകട മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കേസിലെ ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴിയെടുക്കുകയാണ് ഇന്ന്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്. പൊന്നാനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു. ഡ്രൈവറുടെ സീറ്റിൽ അർജ്ജുൻ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നൽകിയത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയിൽ നിന്ന് വിശദമായ മൊഴിയെടുക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...