നാലും എട്ടും റാങ്ക് ‘ഒറ്റ’വീട്ടില്‍‌; ‘ഇരട്ട’കളുടെ മധുരം; കണക്കിഷ്ടത്തിന്‍റെ കഥ: ജയിച്ചതിങ്ങനെ

rank-students
SHARE

കേരള എഞ്ചിനിയറിംഗ് എൻട്രൻസ് ഫലം പ്രഖ്യാപിച്ചപ്പോൾ ഇരട്ടിമധുരം ലഭിച്ച സന്തോഷത്തിലാണ് ഒരു വീട്. കാസർകോട് ആനന്ദാശ്രമം കാട്ടുകുളങ്ങരയിലെ സൗപർണികയിലെ ഇരട്ട മിടുക്കന്മാർ റാങ്ക് നേടിയാണ് വീട്ടിലും നാട്ടിലും അഭിമാനതാരങ്ങളായിരിക്കുന്നത്. സുകുമാരൻ–സുജാത ദമ്പതികളുടെ മക്കളായ സഞ്ജയ്ക്കും സൗരവിനുമാണ് റാങ്ക് നേട്ടം. സഞ്ജയ്ക്ക് നാലാം റാങ്കും സൗരവിന് എട്ടാം റാങ്കുമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ പത്ത് റാങ്കുകാരിൽ രണ്ട് മക്കളും ഉൾപ്പെട്ട സന്തോഷത്തിലാണ് ഈ കുടുംബം. റാങ്ക് നേട്ടത്തിന്റെ സന്തോഷവും വിജയ രഹസ്യവും പ്രതീക്ഷകളും ഇവർ മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുകയാണ്.

ആദ്യ പത്തിൽ ഇരുവരും റാങ്ക്  പ്രതീക്ഷിച്ചിരുന്നു. നാലാം റാങ്ക് കിട്ടിയപ്പോൾ അതിശയിച്ചുവെന്ന് സഞ്ജയ് പറയുന്നു. പ്രവേശന പരീക്ഷ എഴുതിക്കഴിഞ്ഞപ്പോൾ തന്നെ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അത്രമാത്രം എളുപ്പമായിരുന്നു ചോദ്യങ്ങൾ. രണ്ടുപേർക്കും കണക്കിനോടായിരുന്നു കൂടുതൽ താൽപര്യം. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കം എ വൺ നേടിയാണ് ഇവർ ജയിച്ചുകയറിയത്. ചെറുപ്പം മുതലേ എഞ്ചിനിയറിങ്ങായിരുന്നു താൽപര്യം. അത് മനസ്സിലാക്കിയ മാതാപിതാക്കൾ പ്ലസ് ടു പഠനത്തിനൊപ്പം എൻട്രൻസ് കോച്ചിങ്ങിനും വിട്ടു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസിലായിരുന്നു പ്ലസ് ടുവിന് പഠിച്ചത്. ഒപ്പം എൻട്രൻസ് കോച്ചിങ്ങും. എൻട്രൻസ് കോച്ചിങ്ങിന് മാത്രമായി രണ്ട് വര്‍ഷവും ദിവസം നാലു മണിക്കൂർ വീതം ചിലവഴിച്ചിരുന്നു. പഠനം ഇരുവരും ഒറ്റയ്ക്കായിരുന്നു നടത്തിയിരുന്നത്. സംശയങ്ങൾ ഉണ്ടെങ്കിൽ മാത്രം പരസ്പരം ആശ്രയിക്കും. പ്ലസ്ടുവിനും മികച്ച വിജയമാണ് സൗരവും സഞ്ജയും നേടിയത്. 97 ശതമാനം മാർക്കാണ് ലഭിച്ചിരിക്കുന്നത്.

പത്താം ക്ലാസ് വരെ പഠനത്തോടൊപ്പം മറ്റ് പ്രവൃത്തികളിലും പങ്കെടുത്തിരുന്നു. ക്വിസ് മൽസരങ്ങളിലൊക്കെ വിജയികളായിട്ടുണ്ട്. പക്ഷേ പ്ലസ് വൺ, പ്ലസ് ടു കാലയളവിൽ പഠനം മാത്രമായിരുന്നു. പരമാവധി ചോദ്യങ്ങള്‍ക്കും ഉത്തരം ചെയ്തു പഠിച്ചു. നിരവധി മാതൃകാ ചോദ്യങ്ങളിൽ പരിശീലിച്ചു. പഠിക്കുന്ന സമയത്ത് പൂർണശ്രദ്ധ അതിൽ മാത്രം. ഇതെല്ലാം പരീക്ഷാ സമയത്തെ ടെൻഷൻ കുറച്ചു. ആത്മവിശ്വാസം വർദ്ധിപ്പിച്ചു. എല്ലാവരോടുമായി ഇരുവർക്കും പറയാനുള്ളതും ഇതാണ്. 'കഴിയുന്ന അത്ര മോഡൽ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പഠിക്കുക. പരീക്ഷകൾ എഴുതി തന്നെ പരിചയിക്കുക. ഇത് യഥാർത്ഥ പരീക്ഷയെ അനായാസമാക്കും'. സഞ്ജയും സൗരവും ഉറപ്പ് പറയുന്നു.

ഇവരുടെ അച്ഛൻ സുകുമാരൻ കാസർകോട് തന്നെ ബിസിനസ് നടത്തുകയാണ്. അമ്മ സുജാത കാസർകോട് രാജപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. മക്കളുടെ വിജയം പ്രതീക്ഷിച്ചിരുന്നത് തന്നെയെന്നാണ് അമ്മ സുജാത പറയുന്നത്. 'റാങ്ക് ലഭിച്ചത് അവരുടെ മാത്രം കഴിവുകൊണ്ടാണ്. അത്രമാത്രം കഠിനാധ്വാനം ചെയ്തിരുന്നു അവർ. കുഞ്ഞുനാൾ മുതലേ എഞ്ചിനിയർമാരാകണം എന്നായിരുന്നു രണ്ടു പേരുടെയും ആഗ്രഹം. ഇപ്പോൾ അവരുടെ സ്വപ്നം പൂവണിയുകയാണ്. കുന്നോളം ആഗ്രഹിച്ചാൽ ചിലതൊക്കെ സാധിക്കുമെന്നതിന്‍റെ തെളിവാണ് എന്റെ മക്കൾ. അതിനായി പ്രയത്നിക്കുകയും വേണം. എല്ലാ അച്ഛനമ്മമാരോടും പറയാനുള്ളത് മക്കളെ അവരുടെ ഇഷ്ടത്തിന് പഠിക്കാൻ‌ അനുവദിക്കുക എന്നതാണ്'. സുജാത അഭിമാനത്തോടെ പറയുന്നു.

ഐഐടി എൻട്രൻസ് ഫലവും കാത്തിരിക്കുകയാണ് ഇവർ. അതിലും മികച്ച പ്രതീക്ഷയുണ്ട്. മികച്ച റാങ്ക് ലഭിച്ചാൽ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് തിരഞ്ഞെടുക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...