പുറത്തിറങ്ങിയ കണ്ടക്ടർ തിരിച്ചുകയറിയില്ല; ‍ഡ്രൈവറുമറിഞ്ഞില്ല; ബസ് ഓടി; ശേഷം

kottayam-ksrtc-bus
SHARE

കെഎസ്ആർടിസിയിൽ ബെല്ലടിക്കാൻ യാത്രക്കാർ. ഒട്ടും പരിചയമില്ലാത്ത കാഴ്ചയാണ്. പക്ഷേ അതു സംഭവിച്ചു. ഡ്രൈവർ പോലുമറിയാതെ. ബത്തേരി–കോട്ടയം റൂട്ടിലോടിയ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ശനിയാഴ്ച രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെയാണ് ബസ് ഓടിയത്. ഇടയ്ക്ക് രണ്ടിടങ്ങളിൽ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിൾ ബെല്ലടിച്ചതും യാത്രക്കാർ. 

കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടർ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവർ ബസുമായി യാത്ര തുടരാൻ തുടങ്ങിയപ്പോൾ ഡിപ്പോ അധികൃതർ ബസ് പിടിച്ചിട്ടു. 

മൂവാറ്റുപുഴയിൽ ബസിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടർ തിരികെ കയറും മുൻപ് യാത്രക്കാരിൽ ഒരാൾ ഡബിൾ ബെല്ലടിച്ചതാണ് എല്ലാത്തിനും കാരണമായത്. നിറയെ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരിൽ ഭൂരിപക്ഷം പേരും അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടർ ബസ് കാണാതായതോടെ ഡിപ്പോയിൽ അറിയിക്കുകയായിരുന്നു. ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുൻപ് ഇവിടേക്ക് സന്ദേശം എത്തി. മൂവാറ്റുപുഴയിൽ നിന്ന് കണ്ടക്ടറെ മറ്റൊരു ഡ്രൈവർ ബൈക്കിൽ കൂത്താട്ടുകുളത്ത് എത്തിച്ചതോടെ വൈകാതെ തന്നെ ബസ് കോട്ടയത്തേക്കു യാത്ര തുടരുകയും ചെയ്തു.

2 ദിവസം മുൻപും സമാനമായത് സംഭവിച്ചിരുന്നു. കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസിലായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ ബസ് ഓടിയത് 7 കിലോമീറ്റർ. ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്. നിർത്തിയിട്ട് കാത്തു കിടന്ന ബസ് കണ്ടക്ടർ എത്തിയ ശേഷമാണ് യാത്രതുടർന്നത്. യാത്രക്കാരിൽ ആരുടെയോ കൈ തട്ടി ബെൽ മുഴങ്ങിയതാണ് ഇവിടെയും കണ്ടക്ടറെ പെരുവഴിയിലാക്കിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...